/sathyam/media/media_files/2026/01/16/sivankutty-sachu-2026-01-16-21-29-24.jpg)
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആൺകുട്ടികളുടെ ഭരതനാട്യത്തിൽ തുടർച്ചയായി നാലാം തവണയും എ ഗ്രേഡ് നേടിയ പ്ലസ് വൺ വിദ്യാർത്ഥി സച്ചുവിന് വീട് വച്ച് നൽകാൻ സർക്കാർ തീരുമാനിച്ചു.
മന്ത്രി വി. ശിവൻകുട്ടിയാണ് തീരുമാനം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കലോത്സവ വേദിയിൽ മികവ് തെളിയിച്ച സച്ചുവിനും കുടുംബത്തിനും എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ ഫെയിസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:
സച്ചുവിനും അമ്മയ്ക്കും ഇനി ആശങ്ക വേണ്ട; വീടൊരുക്കാൻ സർക്കാർ കൂടെയുണ്ട്.
കാസർകോട് കമ്പല്ലൂർ ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയും കലോത്സവ പ്രതിഭയുമായ സച്ചു സതീഷിന്റെയും അമ്മ ബിന്ദുവിന്റെയും ജീവിതസാഹചര്യങ്ങൾ സംബന്ധിച്ച ‘കേരളകൗമുദി’, ‘ദേശാഭിമാനി’ വാർത്ത ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സച്ചുവും അമ്മയും നേരിട്ടെത്തി തങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയിക്കുകയുണ്ടായി. ഈ കുടുംബത്തിന് കൈത്താങ്ങാകാൻ സർക്കാർ തീരുമാനിച്ചു.
സച്ചുവിന്റെ സ്ഥലവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലിനെ ഫോണിൽ വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കപ്പെടുന്നതോടുകൂടി, സച്ചുവിന് സ്വന്തമായി വീട് നിർമ്മിച്ചു നൽകുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും.
അതിജീവനത്തിന്റെ കരുത്തിൽ കലയിൽ വിസ്മയം തീർക്കുന്ന മിടുക്കനാണ് സച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആൺകുട്ടികളുടെ ഭരതനാട്യത്തിൽ തുടർച്ചയായി നാലാം തവണയും എ ഗ്രേഡ് നേടി ഈ കലാകാരൻ തന്റെ മികവ് തെളിയിച്ചു. പട്ടികവർഗ മലവേട്ടുവ സമുദായത്തിൽപ്പെട്ട സച്ചുവിന് മുൻപ് കുച്ചിപ്പുടിയിലും കേരളനടനത്തിലും മൂന്നു തവണ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
സച്ചുവിന്റെ ഈ വിജയങ്ങൾക്ക് പിന്നിൽ അമ്മ ബിന്ദുവിന്റെ വലിയ ത്യാഗത്തിന്റെ കഥയുണ്ട്. ആറ് വർഷം മുൻപ് അച്ഛൻ പി.ആർ. സതീഷ് ഹൃദയാഘാതം മൂലം മരിച്ചതോടെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കല്ലെടുത്തും ഇഷ്ടിക ചുമന്നും തൊഴിലുറപ്പിന് പോയും കിട്ടുന്ന വരുമാനം കൊണ്ടാണ് ബിന്ദു മകനെ വളർത്തുന്നത്.
സ്വന്തമായി വീടില്ലാത്ത ഇവർ നിലവിൽ ബിന്ദുവിന്റെ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. പ്രതിസന്ധികളിൽ തളരാതെ പോരാടുന്ന സച്ചുവിനും അമ്മയ്ക്കും എല്ലാവിധ പിന്തുണയും ഉറപ്പാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us