മഞ്ഞപ്രക്കാർക്ക് അഭിമാനമായി ശിവരഞ്ജിനി ! അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്‌കാരം

New Update

അങ്കമാലി: തിരുവന്തപുരത്ത് നടന്ന ഇരുപത്തിയൊമ്പതാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'വിക്ടോറിയ' എന്ന ഒന്നരമണിക്കൂർ ദൈർഘ്യമുള്ള സ്ത്രീപക്ഷ ചിത്രത്തിന്റെ അവതരണത്തിലൂടെ നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം നേടിയ ജെ. ശിവരഞ്ജിനിയ്ക്ക് മഞ്ഞപ്ര ഗ്രാമപ്പഞ്ചായത്തിന്റെ സ്നേഹാദരം.

Advertisment

മുഖ്യമന്ത്രിയിൽ നിന്നും പുരസ്‍കാരമേറ്റുവാങ്ങി നാട്ടിൽ തിരിച്ചെത്തിയ സംവിധായികയെ നേരിട്ടുകണ്ട് അഭിനന്ദനമറിയിക്കാൻ മഞ്ഞപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി,

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. വി. അശോക് കുമാർ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. പി. വേണു, ദീപ പ്രദീപ് തുടങ്ങിയവർ വീട്ടിലെത്തി.

publive-image

വിക്ടോറിയയുടെ കഥയും ശിവരഞ്ജിനിയുടേതായിരുന്നു. സ്വന്തം നാട്ടിൻപുറത്തെ ഒരു ബ്യൂട്ടീഷ്യന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ശിവരഞ്ജിനി തന്റെ ചലച്ചിത്രരൂപം മെനഞ്ഞെടുത്തത്. 

മീനാക്ഷി ജയൻ, ശ്രീഷ്മ ചന്ദ്രൻ, സ്റ്റീന മേരി, ജോളി ചിറയത്ത്, ദർശന വികാസ് ജീന രാജീവ്, രമാദേവി തുടങ്ങിയവർ വേഷമിട്ടിരിക്കുന്ന ചിത്രത്തിന്റെ കാമറ ആനന്ദ് രവിയും സംഗീതം അഭയ്ദേവ് പ്രഭുൽ എന്നിവരാണ്.

publive-image

യാഥാസ്ഥിതികരായ മാതാപിതാക്കളിൽ നിന്നും പ്രണയത്തിൽപ്പോലും പ്രതിബദ്ധത കാണിയ്ക്കാത്ത കാമുകനിൽ നിന്നും ഒരു സ്ത്രീ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ വിഷമതകളും അവൾ അതിനെ നേരിടുന്നതുമായ പ്രമേയമാണ് വിക്ടോറിയയിലൂടെ ശിവരഞ്ജിനി പറഞ്ഞത്.

ജീവിതത്തിന്റെ എല്ലായിടങ്ങളിൽ നിന്നും തിരസ്കൃതയാകുന്ന ഒരു സ്ത്രീയുടെ ആത്മസംഘർഷങ്ങളെ മനോഹരമായി അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ ഇതിലഭിനയിച്ച മീനാക്ഷി ജയന് സാധിച്ചിട്ടുണ്ട്.

തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന, പൊതുബോധങ്ങളെ, വിലക്കുകളെ, പ്രതിസന്ധികളെ മുറിച്ചുകടക്കാനുള്ള ആത്മവിശ്വാസം നേടിയെടുക്കുന്ന സ്ത്രീകഥാപാത്രമാണ് വിക്ടോറിയയിലെ ബ്യുട്ടിപാർലർ നടത്തിപ്പുകാരി.

publive-image

മറ്റുള്ള കഥാപാത്രങ്ങളെല്ലാം സ്വാഭാവിക പ്രകടനം കൊണ്ട് ശ്രദ്ധനേടിയെന്ന് മഞ്ഞപ്ര മാമ്പിലായി പി.കെ. ജനാർദ്ദനന്റെയും ഗീതയുടെയും മകളും സംവിധായികയുമായ ശിവരഞ്ജിനി. പറഞ്ഞു. നവാഗതരായ ചലച്ചിത്രപ്രവർത്തകർക്കായി 

കേരളാ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ നൽകുന്ന സാമ്പത്തിക സഹായത്താൽ നിർമ്മിച്ച ചിത്രമാണ് വിക്ടോറിയ. 

ചലച്ചിത്രരംഗത്ത് പഠനഗവേഷണവുമായി ബന്ധപ്പെട്ട് മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പ്രവർത്തിക്കുകയാണ് ശിവരഞ്ജിനി. 

 

 

Advertisment