ശിവരാത്രി മഹോത്സവം കഴിഞ്ഞ് മടങ്ങവേ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. യുവാവ് മരിച്ചു

ചെന്നിത്തല പഞ്ചായത്ത് ഒന്നാം വാര്‍ഡ് തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി കാരാത്തറയില്‍ അജിത്ത് (ജയന്‍)- ജയ ദമ്പതികളുടെ മകന്‍ ജഗന്‍ നാഥന്‍ (23കണ്ണന്‍) ആണ് മരിച്ചത്.

New Update
kerala police2

മാന്നാര്‍: ശിവരാത്രി മഹോത്സവം കഴിഞ്ഞ് മടങ്ങവേ ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. 5 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ചെന്നിത്തല പഞ്ചായത്ത് ഒന്നാം വാര്‍ഡ് തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി കാരാത്തറയില്‍ അജിത്ത് (ജയന്‍)- ജയ ദമ്പതികളുടെ മകന്‍ ജഗന്‍ നാഥന്‍ (23കണ്ണന്‍) ആണ് മരിച്ചത്.

Advertisment

രണ്ടാം വാര്‍ഡില്‍ മുലയില്‍ അരുണ്‍ നിവാസില്‍ ശ്രീക്കുട്ടന്‍ പി ഹരി, ബൈക്ക് ഓടിച്ച 15-ാം വാര്‍ഡില്‍ ചേരാപുരത്ത് വിഷ്ണു എന്നിവര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രി ചികിത്സയിലാണ്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കറുകണ്ടത്തില്‍ ബിജിത്ത് ( 22 ), ചേന്നാത്തുതറയില്‍ സന്ദീപ് ( 20 ) , പള്ളിപ്പാട് സ്വദേശി കണ്ണന്‍ (22) എന്നിവരും പരിക്കേറ്റ് ആശുപത്രി ചികിത്സയിലാണ്. 


ബുധന്‍ രാത്രി 11 ന് ഇരമത്തൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിനു സമീപമാണ് അപകടം നടന്നത്. ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം കണ്ട് കൂട്ടുകാരോടൊത്ത് ബൈക്കില്‍ വരവെ അമിത വേഗതയില്‍ എതിരെ വന്ന സ്‌കൂട്ടര്‍ കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംതെറ്റി ജഗന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജഗനെ പരുമല സ്വകാര്യശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.


ബൈക്കിലും സ്‌കൂട്ടറിലുമായി സഞ്ചരിച്ച ആറ് പേരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബൈക്കും, സ്‌കൂട്ടറും പൂര്‍ണമായി തകര്‍ന്നു. ആലപ്പുഴ മെഡിക്കല്‍ കേളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ഹരിപ്പാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌ക്കാരം നാളെ വെള്ളി പകല്‍ രണ്ടിന് വീട്ടുവളപ്പില്‍. സഹോദരി : ആരിജ ( നഴ്‌സിങ് വിദ്യാര്‍ഥിനി ബാംഗ്ലൂര്‍ ).


Advertisment