മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

New Update
2X8A7784

തിരുവനന്തപുരം:  കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്.  കേരള സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള  സംഘടിപ്പിച്ച ഒൻപതാമത് അന്താരാഷ്ട്ര കോൺക്ലേവ് ‘ഇക്സെറ്റ് 2026’  ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ  സുസ്ഥിരവും ഈടുറ്റതുമായ ഒരു ഭാവിക്ക് വേണ്ടിയുള്ള നൈപുണ്യ പുനർവിഭാവനം എന്ന പ്രമേയത്തിലാണ്  കോൺക്ലേവ് നടന്നത്.

വ്യവസായ ലോകത്തിന് അനുയോജ്യമായ പരിശീലന പരിപാടികൾ, സഹകരണങ്ങൾ, വൻകിട പദ്ധതികൾ എന്നിവയിലൂടെ തൊഴിൽ നൈപുണ്യത്തിലെ വിടവ് നികത്തുന്നതിലും, സാങ്കേതിക മേഖലയിലെ പുത്തൻ അവസരങ്ങൾക്കായി കേരളത്തിലെ യുവതയെ സജ്ജരാക്കുന്നതിലും ഐ.സി.ടി അക്കാദമി വഹിക്കുന്ന പങ്ക്‌ വളരെ വലുതാണെന്ന് ഐസിടി അക്കാദമി സിഇഒ മുരളീധരൻ മന്നിങ്കൽ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

ഗൂഗിൾ ഫോർ ഡെവലപ്പേഴ്സ് , മോംഗോ ഡിബി, റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസ് , സിഐഒ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ്  ഇക്സെറ്റ് സംഘടിപ്പിച്ചത്.

ഗൂഗിൾ, എ.ഡബ്ല്യു.എസ്, ഐ.ബി.എം തുടങ്ങിയ ആഗോള കമ്പനികളുടെ നേതൃത്വത്തിൽ നടന്ന വർക്ക്ഷോപ്പുകളും ഫയർസൈഡ് ചാറ്റുകളും വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പുത്തൻ സാങ്കേതിക വിദ്യകളെ അടുത്തറിയാൻ അവസരമൊരുക്കി. മികച്ച പങ്കാളിത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇൻസ്റ്റിറ്റ്യൂഷണൽ നോളജ് ഓഫീസർമാർക്കുമുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

കോൺക്ലേവിന്റെ വിവിധ സെഷനുകളിലായി ടി.സി.എസ്. വൈസ് പ്രസിഡന്റ് ദിനേശ് തമ്പി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതി രാജ് വി.പി, നാസ്കോം എസ്എസ്സി സി.ഒ.ഒ,  ഡോ. ഉപ്മിത് സിങ്,  ഇൻഫോപാർക്ക് & കോഴിക്കോട് സൈബർ പാർക്  സി.ഇ.ഒ  സുശാന്ത് കുറുന്തിൽ, സിഐഒ അസോസിയേഷൻ ഓഫ് ഇന്ത്യ (കേരള ചാപ്റ്റർ) പ്രസിഡന്റ് ശ്രീകുമാർ ബാലചന്ദ്രൻ,  ഐസിടി അക്കാദമി അക്കാദമിക് ഓപ്പറേഷൻസ് ഹെഡ് സാജൻ എം. എന്നിവർ  സംസാരിച്ചു.

Advertisment