/sathyam/media/media_files/2025/09/24/smart-city-palakkad-2025-09-24-18-40-32.jpg)
തിരുവനന്തപുരം: പാലക്കാടിനെ കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമാക്കി മാറ്റാനുതകുന്ന തരത്തിൽ കൂറ്റൻ മുതൽമുടക്കിലും നിക്ഷേപത്തോടെയും പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി ഉയരുന്നു.
പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമാണ് പാലക്കാട് സ്മാർട് സിറ്റിയുടെ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ.
ദിലീപ് ബിൽഡ്കോൺ ലിമിറ്റഡും (ഡിബിഎല്‍) പിഎസ്പി പ്രോജെക്ടസ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനാണ് 1316.13 കോടിയുടെ നിർമ്മാണക്കരാർ.
കഴിഞ്ഞ വർഷം രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട 12 വ്യാവസായിക ഇടനാഴി - സ്മാർട്ട് സിറ്റി പദ്ധതികളിൽ അടിസ്ഥാന സൗകര്യവികസനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറി. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സർക്കാരിനെ സംബന്ധിച്ച് അഭിമാന പദ്ധതിയാണിത്.
ആകെ 3,600 കോടിയോളം രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയാണ് പാലക്കാട് സ്മാര്‍ട് സിറ്റി. ഭൂമി ഏറ്റെടുക്കുന്നതിനായി രണ്ടു വര്‍ഷം മുന്‍പുതന്നെ കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ 1,489 കോടി രൂപ ചെലവിട്ടിരുന്നു.
1,450 ഏക്കര്‍ ഭൂമിയാണ് ഇതിനോടകം ഏറ്റെടുത്തിട്ടുള്ളത്. നിലവില്‍ കിന്‍ഫ്രയുടെ കൈവശമുള്ള ഭൂമി ഘട്ടംഘട്ടമായി കോറിഡോര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന് കൈമാറുകയാണ് ചെയ്യുക.
ആദ്യഘട്ടമായി കഴിഞ്ഞ ഡിസംബറില്‍ 110 ഏക്കര്‍ ഭൂമിയും മാര്‍ച്ചില്‍ 220 ഏക്കര്‍ ഭൂമിയും കൈമാറിയപ്പോള്‍ രണ്ടു ഘട്ടമായി കേന്ദ്രം 313.5 കോടി രൂപയും കൈമാറിയിരുന്നു.
ചെന്നൈ - ബാംഗ്ലൂർ വ്യാവസായിക ഇടനാഴി കൊച്ചിയിലേക്ക് നീട്ടി കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴി നിർമിക്കാൻ 2019 ആഗസ്റ്റിലാണ് തീരുമാനിച്ചത്.
സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനും തുല്യപങ്കാളിത്തമുള്ള പദ്ധതി പ്രാവർത്തികമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കേരളം 2020 സെപ്റ്റംബറിൽതന്നെ ആരംഭിച്ചു.
2022 ജൂലൈ മാസമായപ്പോഴേക്കും സ്ഥലമേറ്റെടുപ്പ് 85 ശതമാനവും കേരളം പൂർത്തിയാക്കി. 1152 ഏക്കർ ഭൂമിയുടെ ഏറ്റെടുപ്പിന് 14 മാസം മാത്രമാണ് സംസ്ഥാനത്തിനു വേണ്ടിവന്നത്.
കഴിഞ്ഞ ജൂണിൽ മന്ത്രി പി. രാജീവ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ സന്ദർശിച്ച് വ്യാവസായിക ഇടനാഴിക്കുള്ള അംഗീകാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും സംസ്ഥാനം പൂർത്തിയാക്കിയ നടപടിക്രമങ്ങളെപ്പറ്റി ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
കേരള സർക്കാരിനു കീഴിലുള്ള കിന്‍ഫ്രയും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപംകൊടുത്ത
പ്രത്യേകോദ്ദേശ്യ സ്ഥാപനമായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെഐസിഡിസി) ആണ് പാലക്കാട് സ്മാര്‍ട് സിറ്റിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സ്മാര്‍ട് സിറ്റിയുടെ രൂപകല്‍പന മുതല്‍ നിര്‍മാണവും മെയിന്റനന്‍സും ഉള്‍പ്പെട്ട ഇപിസി (എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) കരാറിനാണ് ദേശീയതലത്തില്‍ ടെന്‍ഡര്‍ വിളിച്ചിരുന്നത്.
പദ്ധതി പ്രദേശത്ത് ആവശ്യമായ റോഡുകള്‍, ഡ്രെയ്നേജുകള്‍, പാലങ്ങള്‍, ജലവിതരണ ശൃംഖല, അഗ്നിശമന മാര്‍ഗങ്ങള്‍, ജലപുനരുപയോഗ സംവിധാനങ്ങള്‍, സീവറേജ് ലൈനുകള്‍, ഊര്‍ജ്ജവിതരണ സംവിധാനങ്ങള്‍,
സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വ്യാവസായിക മലിനജല ശേഖരണ സംവിധാനങ്ങള്‍, മലിനജല സംസ്കരണ പ്ലാന്റ് തുടങ്ങിയവയാണ് അടിസ്ഥാന സൗകര്യവികസനത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പാലക്കാട് നഗരം കേന്ദ്രീകരിച്ച് വ്യവസായ സ്ഥാപനങ്ങൾ കുറവാണെങ്കിലും കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നതോടെ വരുന്ന പ്രാധാന്യം കണക്കിലെടുത്താണ് ‘സ്മാർട് സിറ്റി ’ ബ്രാൻഡ് നൽകുന്നത്.
വ്യവസായകേന്ദ്രങ്ങളോടു ചേർന്ന് പ്രധാന നഗരങ്ങളും സാറ്റലൈറ്റ് പട്ടണങ്ങളും വികസിക്കേണ്ടതുണ്ട്. വ്യവസായ ഇടനാഴിക്കായി ഏറ്റവും കൂടുതൽ ഒരുങ്ങേണ്ടത് പാലക്കാട് നഗരത്തിനാണ്.
പാർപ്പിട സമുച്ചയങ്ങൾ, ഗതാഗത സംവിധാനം, ഹോട്ടലുകൾ, പൊതു ഇടങ്ങൾ, ചികിത്സാ സൗകര്യം, വിനോദത്തിനുള്ള സൗകര്യം എന്നിവയെല്ലാം നഗരത്തിൽ കൂടുതലായി വേണ്ടി വരും.
വ്യവസായ സ്മാർട് സിറ്റി എന്ന ബ്രാൻഡ് വരുന്നതോടെ കേന്ദ്ര–സംസ്ഥാന സർക്കാരുകളിൽ നിന്നു പുതിയ പദ്ധതികളും ഫണ്ടും നേടിയെടുക്കാൻ കഴിയുമെന്നാണ് ബ്രാൻഡിങ്ങിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നത്.