തിരുവനന്തപുരം: കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഒരു വൻകിട പദ്ധതി കൂടി അകാലത്തിൽ പൊലിയുന്നു. കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദമായി മാറിയ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയാണ് അകാലത്തിൽ പൊലിയുന്നത്.
പദ്ധതിയുമായി ഇനി മുന്നോട്ട് പോകാനില്ലെന്ന് സംരംഭകരായ ദുബായ് ടീകോം സംസ്ഥാന സർക്കാരിനെ അറിയിച്ചതിനെ തുടർന്ന് ഭൂമി മടക്കിയെടുക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്കായി ടീകോമിന് കൈമാറിയ 246 ഏക്കർ ഭൂമി തിരിച്ചെടുക്കാൻ തീരുമാനിച്ചത്.
ടീകോമിന് കൂടി സ്വീകാര്യമായ വ്യവസ്ഥകളോടെയാകും ഭൂമി തിരിച്ചെടുക്കുക.മൂന്ന് മാസം മുൻപാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയല്ലെന്ന ടീകോം സംസ്ഥാന സർക്കാരിനെ അറിയിച്ചത്.പലകാരണങ്ങൾ കൊണ്ട് പദ്ധതി വിജയകരമായി നടത്താനാകുന്നില്ലെന്നാണ് ടീകോമിൻെറ വാദം.
ദുബൈ സർക്കാരിൻെറ പങ്കാളിത്തമുളള ടീകോമിനെ പിണക്കാൻ താൽപര്യമില്ലാത്തത് കൊണ്ട് പദ്ധതിയിൽ നിന്നുളള പിന്മാറ്റം മറ്റ് ചോദ്യങ്ങളൊന്നുമില്ലാതെ തന്നെ സംസ്ഥാന സർക്കാർ അംഗീകരിച്ചു. തുടർന്ന് ഇതേപ്പറ്റി പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അധ്യക്ഷയായ സമിതിയെ നിയോഗിച്ചു.
സമിതിയോടും പദ്ധതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന വിവരം ടീകോം അറിയിച്ചു. തുടർന്നാണ് ഭൂമി തിരിച്ചുപിടിക്കുന്നത് അടക്കമുളള ശുപാർശകൾ അടങ്ങുന്ന റിപോർട്ട് സർക്കാരിന് സമർപ്പിച്ചത്.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം സ്മാര്‍ട്ട്‌സിറ്റി കൊച്ചി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചു. ടീകോമുമായി ചര്‍ച്ചകള്‍ നടത്തി പരസ്പര ധാരണയോടെ പിന്മാറ്റനയം രൂപകല്‍പ്പന ചെയ്യും. ടീകോമിനു നല്‍കേണ്ട നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് ഇന്റിപെന്‍ഡന്റ് ഇവാല്യുവേറ്ററെ നിയോഗിക്കും.
ഇതുസംബന്ധിച്ച് സര്‍ക്കാരിന് ശുപാർശ സമര്‍പ്പിക്കുന്നതിന് ഐ.ടി.മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ, ഒ.കെ.ഐ.എച്ച് (ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ്) എം.ഡി ഡോ. ബാജൂ ജോര്‍ജ്ജ് എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ഉമ്മൻചാണ്ടി ആദ്യമായി മുഖ്യമന്ത്രിയായ കാലത്താണ് കൊച്ചിയിൽ ഐ.ടി വ്യവസായത്തിന് കുതിപ്പേകാൻ എന്ന പ്രഖ്യാപനവുമായി സ്മാർട്ട് സിറ്റി പദ്ധതി അവതരിപ്പിക്കുന്നത്. 2005ൽ ധാരണാപത്രം ഒപ്പിട്ടതോടെ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യൂതാനന്ദൻ പദ്ധതിക്കെതിരെ രംഗത്ത് വന്നു.
ഐ.ടി വ്യവസായത്തിൻെറ മറവിൽ റിയൽ എസ്റ്റേറ്റ് കച്ചവടമാണ് നടക്കുന്നതെന്നും സർക്കാർ ഭൂമിയിൽ ടീകോമിന് സ്വതന്ത്രാവകാശം നൽകുന്നവെന്നും ചൂണ്ടിക്കാട്ടിയാണ് വി.എസ് പദ്ധതിക്കെതിരെ രംഗത്ത് വന്നത്.
ഇതോടെ പദ്ധതി വൻ രാഷ്ട്രീയ വിവാദമായി പരിണമിച്ചു. പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നായിരുന്നു വി.എസിൻെറ നിലപാട്.പിന്നീട് വി.എസ്. സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് പദ്ധതി യാഥാർത്ഥ്യമായത്.
യു.ഡി.എഫ് സർക്കാരിൻെറ കാലത്ത് വാഗ്ദാനം ചെയ്തതിനേക്കാൾ പതിന്മടങ്ങ് തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിച്ചും സ്വതന്ത്രാവകാശം നൽകുന്ന ഭൂമി കുറച്ചും അതിൽ തന്നെ കർശന വ്യവസ്ഥകൾ ഉൾക്കൊളളിച്ചുമാണ് കരാർ ഒപ്പിട്ടത്.
വി.എസ് സർക്കാരിൻെറ ഒന്നാം വാർഷിക ദിനത്തിലായിരുന്നു സ്മാർട്ട് സിറ്റി പദ്ധതിയുടെ കരാർ ഒപ്പിട്ടത്.എന്നാൽ കാരാർ ഉണ്ടാക്കിയ ദിവസങ്ങളിൽ കാണിച്ച ഉത്സാഹം ടീകോം പിന്നീട് പദ്ധതി നടത്തിപ്പിൽ കാട്ടിയില്ല.
വലിയ പ്രതീക്ഷകളോടെ കൊണ്ടുവന്ന വിദേശ നിക്ഷപ പദ്ധതി എങ്ങുമെത്താതെ പോകുന്നതാണ് പിന്നെ കണ്ടത്. ഇപ്പോൾ പദ്ധതിയിൽ നിന്ന് തന്നെ ടീകോം പിന്മാറുമ്പോൾ ഐ.ടി വ്യവസായമല്ല,റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ ആയിരുന്നു ടീകോമിന് താൽപര്യമെന്ന സംശയം ബലപ്പെടുകയാണ്