/sathyam/media/media_files/gfAEDXqUwlPccL2A3M0s.jpg)
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ചില്ലറ വില്‍പന നടത്തിയിരുന്ന സംഘത്തിലെ ഒരാള്‍ കൂടി തിരുവനന്തപുരത്ത് അറസ്റ്റില്‍.
പെരിങ്ങമല സ്വദേശി അഭിഷേക് (38) ആണ് പിടിയിലായത്. കഞ്ചാവ് അടക്കമുള്ള കേസുകളിലെ പ്രതിയും, കഴിഞ്ഞ ദിവസം അറസ്റ്റിലായ ചക്കര പ്രവീണ്‍ എന്ന പ്രവീണിന്റെ കൂട്ടാളിയുമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ആഡംബര കാറുകളില്‍ ആന്ധ്രപ്രദേശിലെ ഉള്‍വന മേഖലകളില്‍ നിന്നും 100കിലോയ്ക്ക് മുകളില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെ ഗോഡൗണുകളില്‍ ഇറക്കും. പിന്നീട് കേരളത്തിലെ ചെറുകച്ചവടക്കാര്‍ക്ക് 10 കിലോ 15 കിലോ കണക്കില്‍ വിതരണം ചെയ്യുന്നതാണ് അഭിഷേകിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയ നിരവധി കേസിലെ പ്രതിയും ഗുണ്ടയുമായ ശാന്തിഭൂഷനെ കഴിഞ്ഞ മാസം പത്തര കിലോ കഞ്ചാവുമായി കസ്റ്റഡിയില്‍ എടുത്തിരുന്നു. ശാന്തിഭൂഷനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത് പ്രവീണ്‍, അഭിഷേക് എന്നിവരാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിന്നും കഴിഞ്ഞ ദിവസം പ്രവീണിനെ പിടികൂടിയിരുന്നു.
പ്രവീണിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് അഭിഷേകുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പൂങ്കുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം തുടരുമെന്നും കൂടുതല്‍ അറസ്റ്റ് വരുംദിവസങ്ങളിലുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.