സഹകരണ പ്രസ്ഥാനങ്ങളുടെ വിജയത്തിനാധാരം സാമൂഹിക പ്രതിബദ്ധത: വിദഗ്ധര്‍

കേരളത്തിന്‍റെ സഹകരണ മേഖലാ മാതൃകയ്ക്ക് എന്‍ഡിഡിബി- മില്‍മ സെമിനാറില്‍ പ്രശംസ

New Update
milma

തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധത, സാങ്കേതിക പുരോഗതി എന്നിവയില്‍ അധിഷ്ഠിതമായ വിജയമാതൃകയാണ് കേരളത്തിന്‍റെ സഹകരണ മേഖലയുടേതെന്ന് സഹകരണ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന വിഷയത്തില്‍ ദേശീയ ക്ഷീരവികസന ബോര്‍ഡും (എന്‍ഡിഡിബി) മില്‍മയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ഏകദിന സെമിനാറിര്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ സാമൂഹ്യപുരോഗതിയ്ക്കുള്ള താക്കോലാണ്. ആധുനിക കാലത്തെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കി പുതുതലമുറയെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കാനാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര സഹകരണ വര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

എന്‍ഡിഡിബി, മില്‍മ, ക്ഷീര വികസന വകുപ്പ്, നബാര്‍ഡ്, കേരള ബാങ്ക്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്), എന്‍എസ് സഹകരണ ആശുപത്രി തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ സെമിനാറില്‍ സംസാരിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് സെമിനാര്‍ വേദിയായി. സഹകരണ മേഖലയിലെ നേട്ടങ്ങളും അനുഭവങ്ങളും പങ്കുവച്ച സെമിനാറില്‍ ഭാവി പുരോഗതിയും ചര്‍ച്ചയായി.

ക്ഷീര മേഖല, ബാങ്കിംഗ്, ആരോഗ്യ സംരക്ഷണം, തൊഴില്‍ തുടങ്ങി വിവിധ സഹകരണ മേഖലകളിലെ വിദഗ്ധരെ ഒരുമിപ്പിക്കുക, പരസ്പര സഹകരണത്തിലൂടെയും വിജ്ഞാനകൈമാറ്റത്തിലൂടെയും ക്ഷീരസഹകരണ മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്ക് വേദിയൊരുക്കുക തുടങ്ങിയവ സെമിനാറിലൂടെ ലക്ഷ്യമിട്ടു.

Advertisment
Advertisment