New Update
/sathyam/media/media_files/2025/07/16/01922399-137a-4951-ae4e-d3637de17a11-2025-07-16-15-03-13.jpg)
അടൂർ: തന്റെ പ്രിയതമൻ ജീവനറ്റ് കിടക്കുമ്പോഴും തന്നെയും കുടുംബത്തെയും ചേർത്തു ഒരുമിച്ചു പിടിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ ഹൃദയം തുളുമ്പുന്ന വാക്കുകൾ കൊണ്ട് നന്ദി ചൊല്ലി നെഞ്ചോട് ചേർക്കുകയാണ് കഴിഞ്ഞ ദിവസം അന്തരിച്ച അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എസ് ബിനുവിന്റെ പത്നി ഷൈനി ജേക്കബ്. കൊടുമൺ ഗവൺമെന്റ് കോളേജിൽ അധ്യാപികയാണ് ഷൈനി.
അർബുധ രോഗ ബാധിതനായി ചികിത്സയിൽ ഇരിക്കെ മരണപ്പെട്ട പത്തനംതിട്ടയിലെ ജനകീയ യുവ കോൺഗ്രസ് നേതാവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന എസ് ബിനുവിന്റെ (49) ശവസംസ്കാര ശുശ്രൂഷ നടക്കവേ നന്ദി സമർപ്പണ വേളയിലാണ് അദ്ദേഹത്തിന്റെ പത്നിയുടെ ഹൃദയഭേദകമായ വാക്കുകൾ അവിടെ കൂടിയ ആളുകളുടെ കണ്ണുകൾ ഈറൻ അണിയിച്ചത്.
ഷൈനിയുടെ വാക്കുകൾ ഇങ്ങനെ:
'ആദ്യമായി എൻ്റെ ബിനുച്ചായൻ നെഞ്ചോട് ചേർത്തുവച്ച പ്രസ്ഥാനം.. അവസാന സമയത്ത് വച്ചായാലും അംഗീകാരമായി കൊടുത്ത പേര്. ധീരനായ പോരാളി. അവസാന നിമിഷം വരെയും പൊരുതുകയായിരുന്നു. വിട്ടുകൊടുക്കുകേല. പിടിച്ചുനിൽക്കും എന്നുപറഞ്ഞോണ്ടിരുന്ന ഇച്ചായനാ. അതാ പ്രസ്ഥാനവും മനസ്സിലാക്കി എന്നുള്ളത് ഒരുപാട് നന്ദി.
പല സമയത്തും പതറി പോയിട്ടുണ്ട്. എന്തുചെയ്യണം, ആരെ വിളിക്കണം എന്നൊന്നും എനിക്ക് അറിയത്തില്ല. രാഷ്ട്രീയപരമായി ഒന്നും അല്ലാതെ, ഒരു വിവരവും ഇല്ലാത്തയാളാണ് ഞാൻ. ഇച്ചായൻ രാഷ്ട്രീയക്കാരനാണെന്ന് പറഞ്ഞപ്പോൾ പോലും എനിക്ക് വിശ്വസിക്കാൻ പറ്റത്തില്ല, അംഗീകരിക്കാനും പാടായിരുന്നു. ബിനുച്ചായൻ എന്നെ മാറ്റിയതാണോ, ഞാൻ മാറിയതാണോ എനിക്കറിയില്ല. എന്റെ നെഞ്ചോട് ചേർന്നിരിക്കുന്നത് ഈ പ്രസ്ഥാനമാണ്. കാരണം ഒരുപാടുണ്ട്.
ഇച്ചായന് തോന്നിയപ്പോൾ പലരെയും വിളിക്കാൻ പറഞ്ഞു. പിന്നെ പിന്നെ ഞാൻ ഓരോരുത്തരെ വിളിക്കുകയായിരുന്നു. എനിക്കറിയില്ല, അവസാന സമയത്ത്, മധുസാറ് (പഴകുളം മധു) പറഞ്ഞില്ലെങ്കിൽ, എൻ്റെ ബിനുച്ചായൻ എന്നോട് പൊറുക്കുകില്ല, ബിനുച്ചായൻ അറിഞ്ഞിട്ടില്ല. എന്റെ കൂടെപ്പിറപ്പാണെന്ന് ബിനുച്ചായൻ പറഞ്ഞു. എന്റെ സഹോദരൻ ആണെന്ന് മധുസാർ പറഞ്ഞു. പക്ഷേ എനിക്ക് എന്റെ അപ്പനെ പോലെ തോന്നി. അവസാന നിമിഷം ഞാൻ പിടിച്ചു നിന്നത്, സാർ എന്റെ കൂടെ വന്ന് നിന്നത് കൊണ്ടാണ്.'
കെ എസ് യു പറക്കോട് പി ജി എം സ്കൂൾ ലീഡറായി തുടങ്ങിയ ശ്രീ. എസ് ബിനുവിന്റെ പൊതു ജീവിതം പത്തനംതിട്ടയിലെ ജനകീയ യുവ കോൺഗ്രസ് നേതാക്കളിൽ ഒരാൾ എന്ന നിലേയിലേക്കാണ് അദ്ദേഹത്തെ വളർത്തിയത്. കെ എസ് യു അടൂർ താലൂക്ക് പ്രസിഡന്റ്, കെ എസ് യു പത്തനംതിട്ട ജില്ല സെക്രട്ടറി, മാഹാത്‌മാ ഗാന്ധി യൂണിയൻ എക്സിക്യൂട്ടീവ് അംഗം, മഹാത്‌മാ ഗാന്ധി സർവ്വകലാശാല സെനറ്റ് അംഗം, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി, പത്തനംതിട്ട ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, മൂന്ന് തവണ അടൂർ നഗരസഭ കൗൺസിലർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പറക്കോട് സർവീസ് സഹഹരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മെമ്പർ, യാക്കോബായ സഭയുടെ യുവജന വിഭാഗം നേതാവ് തുടങ്ങിയ എണ്ണമാറ്റ സ്ഥാനമാനങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
പല സമരങ്ങളിലും അദ്ദേഹം സിപിഎം പ്രവർത്തകരുടെ മർദ്ദനം ഏറ്റുവാങ്ങി ജയിലിൽ കിടന്നിട്ടുണ്ട്. ലോ കോളേജജ് പഠന കാലത്ത് കോൺഗ്രസ് പാർട്ടിയിലെ ഇപ്പോഴത്തെ യുവ രക്തങ്ങളായ പി സി വിഷ്‌ണുനാഥ് എം എൽ എ, മാത്യു കുഴൽനാടൻ എം എൽ എ, എം ലിജു, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ സമകാലീനനായിരുന്നു. ജില്ലയിലെ സഹഹരണ ബാങ്കുകൾ ഇടതുപക്ഷം പിടിച്ചെടുക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി അടൂരിൽ വ്യാപക കള്ളവോട്ടുകൾ ചെയ്യുവാനുള്ള അവരുടെ ശ്രമങ്ങളെ മുന്നിൽ നിന്ന് ചെറുത്ത് പരാജയപെടുത്തിയ കരുത്തനായ പോരാളി ആയിരുന്നു എസ് ബിനു.