കൊച്ചി: സ്വര്‍ണ വായ്പ ബിസിനസ് മേഖലയിലെ പരസ്പര സഹകരണത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്കും മുന്‍നിര ഇതര ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡും തമ്മില്‍ ധാരണയിലെത്തി.
ഇതുസംബന്ധിച്ച കരാറില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി ആര്‍ ശേഷാദ്രി, ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ ജഗദീഷ് റാവു എന്നിവര്‍ ഒപ്പുവെച്ചു.
രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ലളിതമായ നടപടി ക്രമങ്ങളിലൂടെ സ്വര്‍ണ വായ്പ നല്‍കുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഗോള്‍ഡ് ലോണ്‍ വിപണിയിലെ മാറിവരുന്ന പ്രവണതകള്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്ന രീതിയില്‍ അവതരിപ്പിക്കുക, നഷ്ട സാധ്യത പരമാവധി കുറയ്ക്കുക, ഉപഭോക്താക്കള്‍ക്കു നൂതന സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കുക എന്നിവയിലൂടെ സ്വര്‍ണ വായ്പ രംഗത്തെ ശക്തമായ സാന്നിധ്യമാകാന്‍ സഹകരണത്തിലൂടെ സാധ്യമാകും.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിശ്വാസയോഗ്യമായ സ്വര്‍ണ വായ്പ സേവനങ്ങള്‍ വളരെ വേഗത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡുമായുള്ള സഹകരണത്തിലൂടെ സാധ്യമാകുമെന്ന് ബാങ്ക് സിജിഎമ്മും റീട്ടെയില്‍ അസ്സെറ്റ്‌സ് വിഭാഗം ഹെഡുമായ സഞ്ചയ് സിന്‍ഹ പറഞ്ഞു.
സാമ്പത്തിക രംഗത്ത് മൂല്യവത്തായ അവസരങ്ങള്‍ തുറക്കുന്നതിനോടൊപ്പം, സ്വര്‍ണ വായ്പ മേഖലയിലെ നൂതന സേവനങ്ങള്‍ക്ക് പുതിയ മാനദണ്ഡം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ വായ്പാ ബിസിനസ് മേഖലയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിനോടൊപ്പം ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് ചീഫ് ബിസിനസ് ഓഫീസര്‍ ജഗദീഷ് റാവു പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിശ്വസ്തവും വിശാലവുമായ ഉപഭോക്തൃ സേവന മികവിനോടൊപ്പം ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡിന്റെ വിദഗ്ധതയും ഒന്നിപ്പിച്ച്, ഉപഭോക്താക്കള്‍ക്ക് മികച്ച ഗോള്‍ഡ് ലോണ്‍ സേവനം നല്‍കുകയാണ് പരസ്പര സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോള്‍ഫി ജോസ്, എച്ച്ആര്‍ & ഓപ്പറേഷന്‍സ് വിഭാഗം സിജിഎം ആന്റോ ജോര്‍ജ് ടി, സീനിയര്‍ ജനറല്‍ മാനേജര്‍ & സി ഐ ഓ സോണി എ, ബിജി എസ് എസ്, സീനിയര്‍ ജനറല്‍ മാനേജര്‍ & ബ്രാഞ്ച് ബാങ്കിങ് ഹെഡ്, ജോയിന്റ് ജനറല്‍ മാനേജര്‍ വിജിത്ത് എസ്, ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് പ്രോഡക്റ്റ്, മാര്‍ക്കറ്റിംഗ് & സ്ട്രാറ്റജിക് അല്ലിയന്‌സസ് സഞ്ജു യുസഫ്, ഹെഡ് പ്രോഡക്റ്റ് & സ്ട്രാറ്റജി (ഗോള്‍ഡ് ലോണ്‍) അക്ഷത് ജെയിന്‍, ഹെഡ് പ്രോഡക്റ്റ് ബ്രാഞ്ച് & ഡി എസ് ജി എല്‍ ചാനല്‍ (ഗോള്‍ഡ് ലോണ്‍ ) ശരണ്‍ ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.