/sathyam/media/media_files/2026/01/21/press-meet-tvm-8-2026-01-21-16-05-52.jpg)
തിരുവനന്തപുരം: ചെറുപ്പക്കാരും സിനിമാ സ്നേഹികളുമായ മൂന്നു പേർ 40 വർഷം മുമ്പ് തിരുവനന്തപുരത്ത് ഒത്തുകൂടിയപ്പോൾ "സ്റ്റാർട്ട് പറഞ്ഞ ആശയമാണ് " സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്ന് സംവിധായകൻ ആദം അയൂബ്.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ചലച്ചിത്ര സംവിധാനം പഠിച്ചിറങ്ങിയ കെ.കെ.ചന്ദ്രൻ, മദ്രാസ് ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ രജനീകാന്തിനൊപ്പം പഠിച്ചിറങ്ങിയ ആദം അയൂബ്, സിനിമ സ്വപ്നം കണ്ടുനടന്ന വർക്കല മുത്താന എന്ന ഗ്രാമത്തിൽ നിന്നും തിരുവനന്തപുരത്തെത്തിയ പ്രഭാകരൻ മുത്താന എന്നിവർ ചേർന്നാണ് 1985 ൽ തിരുവനന്തപുരം-കോവളം റൂട്ടിൽ തിരുവല്ലം എന്ന കൊച്ചു ഗ്രാമത്തിൽ സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്.
അക്കാലത്ത് സിനിമാ മോഹവുമായി നടന്ന കൗമാരക്കാർക്ക് ആശയവും, ആവേശവുമായി മാറി സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. കേരളത്തിൽ നിന്നു മാത്രമല്ല അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സിനിമ പഠിക്കാൻ ഇവിടേക്ക് ഒഴുകിയെത്തി. വടക്കേ ഇന്ത്യക്കാരായിട്ടുള്ള വിദ്യാർത്ഥികളും ഇക്കൂട്ട ത്തിൽപ്പെടും.
മൂന്ന് ചെറുപ്പക്കാർ, തങ്ങളുടെ ആശയവും ആഗ്രഹവും മലയാള സിനിമയുടെ തിലകകുറിയായ തിക്കുറിശ്ശി സുകുമാരൻ നായരോട് പങ്കുവച്ചു. ദീർഘദർശിയായ തിക്കുറിശ്ശി ആക്ഷൻ പറഞ്ഞതോടെ സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് യാഥാർത്ഥ്യമാവുകയായിരുന്നു.
പ്രൗഢഗംഭീരമായിരുന്നു ഉദ്ഘാടന സദസ്. തിക്കുറിശ്ശി സുകുമാരൻ നായർ, പി.പത്മരാജൻ, മന്ത്രി ടി.എം.ജേക്കബ് തുടങ്ങി നിരവധി പ്രമുഖരുടെ നീണ്ട നിരതന്നെ ചടങ്ങിൽ പങ്കടുത്തു.
കേരള സർക്കാർ തിരുവല്ലത്ത് ആരംഭിച്ച ചിത്രാജ്ഞലി സ്റ്റുഡിയോ കോംപ്ലക്സ് ബാല്യം വിട്ട് കൗമാരത്തിലേക്ക് കടക്കുമ്പോഴാണ് സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചിത്രാജ്ഞലി സ്റ്റുഡിയോയ്ക്കു തൊട്ടു താഴെയായി ആരംഭിച്ചത്.
സിനിമ എന്തെന്നറിയാതെ അന്തംവിട്ടു നിന്ന കൗമാരക്കാർക്ക് സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പരിശീലനത്തിൻ്റെ മാത്രമല്ല സിനിമ അവസരങ്ങളുടെയും സാഗരം ആയിരുന്നു എന്ന് പൂർവ്വ വിദ്യാർത്ഥി കൂടിയായ സംവിധായകൻ മേലില രാജശേഖരൻ പറഞ്ഞു.
സതേൺ ഫിലിം ഇൻസ്റ്റിട്യൂട്ടിലെ കൃത്യമായ പരിശീലന കളരിയിലൂടെ പലരുടേയും ജീവിതം വാർത്തെടുക്കുകയായിരുന്നു. സിനിമയുടെ വ്യത്യസ്ത തലങ്ങളിലേക്ക് വളർന്നവരുണ്ട്.
വിദ്യാർത്ഥികളിൽ പലരും ഇന്ന് ഇന്ത്യൻ സിനിമയിലും, മലയാള സിനിമാ- സീരിയൽ, ടെലിവിഷൻ വാർത്താ ചാനൽ രംഗത്തും, മാധ്യമ പ്രവർത്തന മേഖലയിലും തിരക്കോടെ നിൽക്കുന്നു.
സിനിമയുടെ ബൗദ്ധിക ബോധങ്ങൾക്കും ആഴത്തിലുള്ള ചിന്തകൾക്കും സതേണിൽ ക്ഷാമമുണ്ടായിരുന്നില്ല. വിഖ്യാത ചലച്ചിത്രകാരായ അടൂർ ഗോപാലകൃഷ്ണൻ, കെ.ജി.ജോർജ്ജ്, ജോൺ എബ്രഹാം, പി.പത്മരാജൻ, കുന്ദൻ ഷാ, സുരാസു, ടി.വി.ചന്ദ്രൻ, ജമീല മാലിക്, ഗുരു ഗോപിനാഥ്, ബാലചന്ദ്ര മേനോൻ തുടങ്ങിയവർ പകർന്നു നൽകിയ
അനുഭവ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പ്രകാശമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂർവ്വ വിദ്യാർത്ഥികളിൽ ധാരാളം പേർ തങ്ങളുടേതായ മേഖലകളിൽ പ്രഗത്ഭരായി. മനോജ് കെ ജയൻ, മഹേഷ് നാരായണൻ, ജിബു ജേക്കബ്, സേവി മനോ മാത്യു, അനിൽ ബാബു (അനിൽ), അനിൽ തോമസ്, അശോക് ആർ നാഥ്, അലി അക്ബർ എന്നിവർ ആദ്യകാലത്തെ വിദ്യാർത്ഥികളായിരുന്നു.
40 വർഷം പൂർത്തിയാകുന്ന വേളയിൽ സതേണിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 24 ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനു സമീപമുള്ള ഹോട്ടൽ കോർഡിയൽ സോപാനത്തിൽ നടക്കുകയാണ്.
മെഗാ കൂടിച്ചേരലിൽ ആശംസകൾ അറിയിക്കാൻ ചലച്ചിത രംഗത്തെ പ്രമുഖരായ റസൂൽ പൂക്കുട്ടി, മണിയൻപിള്ള രാജു, ജി.സുരേഷ് കുമാർ, റ്റി.വി.ചന്ദ്രൻ, പ്രേംകുമാർ, റ്റി.കെ. രാജീവ്കുമാർ, ബീനാപോൾ എം.രഞ്ജിത്, ചിപ്പി രഞ്ജിത്, മേനക സുരേഷ്, പമ്പും സുധാകരൻ മധുപാൽ തുടങ്ങിയവർ പങ്കെടുക്കും.
സംവിധായകരായ ആദം അയൂബ്, മേലില രാജശേഖരൻ, ഇർഷാദ് ഇബ്രാഹിം, ഷാജി.ബി, നിർമ്മാതാവ് സേവി മനോമാത്യു എന്നിവർ പ്രതസമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us