ലക്ഷക്കണക്കിന് ജീവനക്കാരുടെ വിവരങ്ങൾ സർക്കാർ സോഫ്റ്‌വെയറിൽ നിന്ന് ചോർന്നു. സ്പാർക്കിലെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്ത് രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് പോലീസിൽ പരാതി. ജീവനക്കാർക്ക് കിട്ടിയത് ഡി.എ കുടിശ്ശിക അനുവദിച്ചത് അറിയിച്ചുള്ള മുഖ്യമന്ത്രിയുടെ മെസ്സേജ്. തിരഞ്ഞെടുപ്പിന് മുമ്പ് ജീവനക്കാരെ ഒപ്പം നിർത്താൻ പതിനെട്ട് അടവും പയറ്റി സർക്കാർ

New Update
kerala

തിരുവനന്തപുരം: ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരങ്ങൾ സ്പാർക്ക് സോഫ്റ്‌വെയറിൽ നിന്ന് ചോർത്തി മുഖ്യമന്ത്രി അവർക്കെല്ലാം മെസേജ് അയച്ചെന്നു പോലീസിൽ പരാതി.

Advertisment

സ്പാർക്കിലെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്ത് രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് ഹയർ സെക്കണ്ടറി അധ്യാപക സംഘടനയായ എ.എച്ച്.എസ്.ടി.എ പ്രസിഡന്റ് എസ്. മനോജ് സർക്കാരിനെതിരെ സൈബർ സെല്ലിന്റെ ചാർജുള്ള എ ഡിജിപിക്ക് പരാതി നൽകി.

images - 2026-02-21T211625.033

ഡി.എ കുടിശ്ശിക അനുവദിച്ചതിനെ തുടർന്ന് സ്പാർക്കിൽ  നിന്നും സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി വാട്സാപ്പ് വഴി സന്ദേശം അയക്കുന്നത് നിയമവിരുദ്ധമാണെന്നും,

ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം ശേഖരിക്കപ്പെട്ട വിവരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ഗുരുതരമായ സർവ്വീസ് ചട്ടലംഘനമാണെന്നും എയിഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ പരാതിയിൽ പറഞ്ഞു.


ജീവനക്കാരുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യ ഡാറ്റ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് വിവരശേഖരണ നിയമങ്ങളുടെയും സർവീസ് ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും പരാതിയിലുണ്ട്.


ഡി.എ കുടിശ്ശിക അനുവദിച്ചതിനെ തുടർന്നാണ് ജീവനക്കാർക്ക് മുഖ്യമന്ത്രി മെസ്സേജ് അയച്ചത്. മുഖ്യമന്ത്രിയുടേതെന്ന് പറഞ്ഞ് വന്ന മെസ്സേജ് ഇങ്ങനെ ആണ്.

നമസ്കാരം, കഴിഞ്ഞ ബജറ്റിൽ നൽകിയ പ്രധാന വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുകയാണ്. ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിച്ച ഡിഎ, ഡിആര്‍ സർക്കാർ പൂർണ്ണമായും അനുവദിച്ചിരിക്കുന്നു.

hq720 (5)

ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ അനുവദിച്ച 3 ശതമാനത്തിന് പുറമെ, ബാക്കിയുള്ള 10% ഡിഎ കൂടി അനുവദിച്ച് ഉത്തരവിറങ്ങി. ഇതോടെ ആകെ ഡിഎ 35 ശതമാനമായി വർദ്ധിപ്പിച്ചു.  


മാര്‍ച്ച് ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ആദ്യം വര്‍ദ്ധിപ്പിച്ച 3% ഡിഎയും, ഏപ്രിൽ ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച 10% ഡിഎയും നിങ്ങളുടെ കൈകളിലെത്തും.  


സർക്കാർ ജീവനക്കാരുടെ ഭവന നിർമ്മാണ അഡ്വാൻസ്  പുനഃസ്ഥാപിച്ച കാര്യവും അറിഞ്ഞിരിക്കുമല്ലോ.
ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ ഈ സർക്കാർ എന്നും ഒപ്പമുണ്ട്; വരും നാളുകളിലും ഈ കരുതൽ തുടരും. ഉറപ്പാണ്‌ വാക്ക്.

മുഖ്യമന്ത്രിയുടെ സന്ദേശം ആരാണ് അയച്ചതെന്നു ഇതുവരെ അറിവായിട്ടില്ല. ഏതെങ്കിലും പി. ആർ ഏജൻസി ആയിരിക്കും സന്ദേശം അയച്ചത് എന്നാണ് വിലയിരുത്തൽ.

അങ്ങനെ എങ്കിൽ ജീവനക്കാരുടെ വ്യക്തി വിവരങ്ങൾ ചോർത്തി എന്ന ആരോപണം ഗൗരവമുള്ളതാണ്. പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുമോ എന്നാണ് ഇനി അറിയേണ്ടത്.

Advertisment