/sathyam/media/media_files/UiWbiXHVU3nQw422pmwO.jpg)
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തിയതോടെ പൊതുസമൂഹത്തിൽ ഉണ്ടായ അഭിപ്രായങ്ങളിലും വിമർശനങ്ങളും കണക്കിൽ എടുത്താണ് സിനിമാ മേഖലയിലെ സ്ത്രികളുടെ പരാതി അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കാൻ സർക്കാർ നിർബന്ധിതമായത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന ചൂഷണങ്ങളുടെയും പീഡനങ്ങളുടെയും അടിസ്ഥാനത്തിൽ കേസെടുക്കില്ലെന്നും ബന്ധപ്പെട്ടവർ പരാതി നൽകിയാൽ മാത്രം അന്വേഷണം നടത്താമെന്നുമായിരുന്നു സർക്കാരിൻെറ ആദ്യ നിലപാട്.
എന്നാൽ വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയതോടെ കോടതി തീരുമാനം അനുസരിച്ച് മുന്നോട്ടുപോകാമെന്നായി. എന്നാൽ ഇതിനിടെ സർക്കാരിനെ ഞെട്ടിച്ചുകൊണ്ട് വെളിപ്പെടുത്തലും അഭിമുഖങ്ങളും വന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻെറ രാജിയിലേക്ക് വരെ നയിച്ച വെളിപ്പെടുത്തലുകളെ അവഗണിച്ച് പോയാൽ സർക്കാരിൻെറ സ്ത്രീപക്ഷ സമീപനം ചോദ്യം ചെയ്യപ്പെടുമെന്ന് വന്നതോടെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർബന്ധിതമായത്.
എന്നാൽ ഇപ്പോഴും പരാതി ലഭിക്കുന്ന വെളിപ്പെടുത്തലുകൾ മാത്രം അന്വേഷിച്ചാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. പരാതി നേരിട്ട് നൽകണമെന്ന് നിർബന്ധമില്ല, മൊഴി നൽകാനും നേരിട്ട് എത്തണമെന്ന് നിഷ്കർഷിക്കില്ല. ഇമെയിൽ, ഫോൺ മുഖേന പരാതി നൽകാം. മൊഴിയും ഫോണിലൂടെ സ്വീകരിക്കും.
പരാതിക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് ഈ മാർഗം അവലംബിക്കുന്നത്. എന്നാൽ ഹേമ കമ്മിറ്റി ചൂണ്ടിക്കാണിച്ചത് പോലെ എത്രപേർ പരാതിയുമായി മുന്നോട്ടുവരും എന്നതാണ് പ്രശ്നം. പരാതി നൽകുന്നവർക്ക് നേരെ ഹീനമായ സൈബർ ആക്രമണം അഴിച്ചുവിടുന്നതിന് പുറമേ തൊഴിൽ നിഷേധവും മലയാള സിനിമയിൽ പതിവാണ്. ഈ സാഹചര്യത്തിൽ പരാതി നൽകിയാൽ മാത്രമേ അന്വേഷിക്കു എന്ന സമീപനം എത്രമാത്രം ഫലം ചെയ്യുമെന്ന് കണ്ടുതന്നെ അറിയണം.
അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരായ വെളിപ്പെടുത്തൽ ഉൾപ്പെടെ കൂടുതൽ പീഡന കഥകൾ പുറത്തുവന്നതോടെ ഇക്കാര്യത്തിൽ ഒരു പൊതു നയം സ്വീകരിക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പോംവഴി ആരാഞ്ഞത്. യോഗത്തിന് മുൻപ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽ നിന്ന് നിയമോപദേശവും ആരാഞ്ഞിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിനും സി.ആർ.പി.സിക്കും പകരമായി വന്ന നിയമമായ ഭാരതീയ ന്യായ് സംഹിത പ്രകാരം ഇത്തരം പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തിയശേഷം കഴമ്പുണ്ടെങ്കിൽ മാത്രം കേസ് എടുത്ത് അന്വേഷണം നടത്തിയാൽ മതി.
നേരത്തെ വിജിലൻസ് പരാതികളിൽ മാത്രമുണ്ടായിരുന്ന പ്രാഥമിക അന്വേഷണം മറ്റ് ക്രിമിനൽ കേസിലും ബാധകമായ സാഹചര്യത്തിൽ സിനിമാരംഗത്തെ പീഡന പരാതികളിൽ പ്രാഥമികാന്വേഷണം നടത്താമെന്നാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സർക്കാരിന് നൽകിയ ഉപദേശം.
ഇത് മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം തീരുമാനിച്ചത്.
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന വിഷയങ്ങളിൽ പ്രത്യേക അന്വേഷണ സംഘം തൽക്കാലം കൈകടത്തില്ല. സെപ്റ്റംബർ 10ന് ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ചേ അക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുകയുളളു.