സ്പൈസ് റൂട്ട്സ് കോണ്‍ഫറസ്: കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യത്തിലേക്കുള്ള ജാലകം തുറന്ന് എക്സ്പോ

New Update
Pic 1
കൊച്ചി: കേരളത്തിന്‍റെ വൈവിധ്യത്തിലേക്കുള്ള സാംസ്കാരിക ജാലകം തുറക്കുന്ന അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിലെ എക്സ്പോ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത് നവ്യാനുഭവം.
Advertisment

മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനത്തോടനുബന്ധിച്ചാണ് കേരളത്തിന്‍റെ ഭൂതകാലത്തെയും സമ്പന്നമായ വര്‍ത്തമാനത്തെയും പ്രതിഫലിപ്പിക്കുന്ന വസ്തുക്കളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

Pic 2


വ്യാപാര പാതകള്‍ക്കും ചരക്കുകള്‍ക്കും അപ്പുറം സമുദ്ര വ്യാപാരത്താല്‍ രൂപപ്പെട്ട ഭാഷാ, സാംസ്കാരിക വിനിമയം, കുടിയേറ്റം, അറിവ്, വിശ്വാസം, തത്വചിന്ത തുടങ്ങിയവയിലാണ് പ്രദര്‍ശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു കാലത്ത് ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിന്‍റെ കേന്ദ്രമായിരുന്നതും കേരളത്തെ വിദൂര ദേശങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്ത മുസിരിസ് എന്ന പുരാതന തുറമുഖ നഗരത്തിന്‍റെ അനുഭവങ്ങളിലേക്ക് കാണികളെ എക്സ്പോ കൂട്ടിക്കൊണ്ട് പോകും.
 
ചരിത്ര രേഖകള്‍, ആര്‍ക്കൈവല്‍ സ്കെച്ചുകള്‍, ഓര്‍മ്മ എന്നിവയില്‍ നിന്ന് കലാകാരന്‍മാര്‍ രൂപപ്പെടുത്തിയെടുത്ത പെയിന്‍റിംഗുകള്‍, കരകൗശല വസ്തുക്കള്‍, ഇന്‍സ്റ്റലേഷനുകള്‍ എന്നിവയും കാണാനാകും. കേരളത്തിന്‍റെ വാസ്തുവിദ്യ, സാംസ്കാരിക- പാരിസ്ഥിതിക ഭൂപ്രകൃതി എന്നിവയിലൂടെയും സഞ്ചരിക്കാനാകും. മിഷനറി പ്രവര്‍ത്തനങ്ങള്‍, പള്ളികളുടെ നിര്‍മ്മാണം, കൊളോണിയല്‍ ഏറ്റുമുട്ടലുകള്‍ എന്നിവയിലൂടെ പ്രദേശത്തിന്‍റെ ഭൗതികവും സാമൂഹികവുമായ ഘടന മാറിമറിഞ്ഞതിന്‍റെ കാഴ്ചകളും ഇതിലുണ്ട്.
 
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാണിജ്യപരമായ സ്വാധീനങ്ങള്‍ കേരളത്തിന്‍റെ സാംസ്കാരിക ഘടനയുമായി എങ്ങനെ ഇഴചേര്‍ന്നുവെന്നും പ്രദര്‍ശനത്തിലൂടെ തിരിച്ചറിയാം. വെള്ളപ്പൊക്കം, മാറുന്ന തീരപ്രദേശങ്ങള്‍, പാരിസ്ഥിതിക മാറ്റം എന്നിവയെ തുറമുഖങ്ങള്‍ പുനര്‍നിര്‍മ്മിച്ച, നഗരങ്ങളെ ഇല്ലാതാക്കിയ, മനുഷ്യ ചലനത്തെ വഴിതിരിച്ചുവിട്ട ഘടകങ്ങളായി അവതരിപ്പിക്കുന്നു. ഭൂഖണ്ഡങ്ങള്‍, സംസ്കാരങ്ങള്‍, നൂറ്റാണ്ടുകള്‍ എന്നിവ തമ്മിലുള്ള ബന്ധത്തിന്‍റെ ഒരു ദൃശ്യ ശേഖരം കൂടിയാണ് പ്രദര്‍ശനം.
 
രാജ്യങ്ങള്‍ക്കിടയില്‍ നടന്നിട്ടുള്ള ആശയകൈമാറ്റങ്ങള്‍ പാശ്ചാത്യ, പൗരസ്ത്യ ക്രിസ്ത്യന്‍ സൗന്ദര്യശാസ്ത്രത്തെ ആധാരമാക്കിയുള്ള ചുവര്‍ചിത്രങ്ങളിലൂടെ തെളിഞ്ഞു കാണുന്നു. ക്രിസ്തുവിന്‍റെയും വിശുദ്ധരുടെയും മാലാഖമാരുടെയും ബൈബിള്‍ സംഭവങ്ങളുടെയും ജീവിതഗന്ധിയായ രംഗങ്ങള്‍ വിശ്വാസം, കൂട്ടായ്മ തുടങ്ങിയവയുടെ ഓര്‍മ്മപ്പെടുത്തലാകുന്നു.  

കെ. ആര്‍ സുനിലിന്‍റെ ഒരു പ്രോജക്റ്റായ ചവിട്ടുനാടകത്തിന്‍റെ ചിത്രങ്ങള്‍ ചലനം, പ്രകടനം, ശരീരം എന്നിവയിലേക്ക് കാണികളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ചവിട്ടുനാടക കലാകാരന്‍മാരുടെ ദൈനംദിന ജീവിതം, കേരളത്തിന്‍റെ ആയോധന പാരമ്പര്യം, യൂറോപ്യന്‍ കലാസ്വാധീനം തുടങ്ങിയവയുമായി ബന്ധപ്പെട്ടവയും പ്രദര്‍ശനത്തിലുണ്ട്.

ക്രിസ്ത്യന്‍ ദേവാലയങ്ങളുമായി ബന്ധപ്പെട്ട ബിജു ഇബ്രാഹിമിന്‍റെ 'സീയിംഗ് ഈസ് ബിലീവ്', 'മൈഗ്രന്‍റ് ഡ്രീംസ്' (ആഴി ആര്‍ക്കൈവ്സ്) എന്നീ ഫോട്ടോഗ്രാഫിക് പ്രദര്‍ശനങ്ങളും എക്സ്പോയിലുണ്ട്. എംഎച്ച് ഇലിയാസിന്‍റെ 'മൈഗ്രന്‍റ് ഡ്രീംസ്' ഫോട്ടോ പ്രദര്‍ശനത്തില്‍ 1950 കള്‍ക്കും 1970 കള്‍ക്കും ഇടയില്‍ കേരളം വിട്ട് ഗള്‍ഫിലേക്ക് പോയ മലയാളികളെ ചൂണ്ടിക്കാണിക്കുന്നു. കുടുംബ ഫോട്ടോഗ്രാഫുകള്‍, കത്തുകള്‍, വ്യക്തിഗത ആര്‍ക്കൈവുകള്‍ എന്നിവയിലൂടെ കുടിയേറ്റം അനിശ്ചിതത്വത്തിലായിരുന്ന ഒരു കാലത്തെ ഇവിടെ പുനര്‍നിര്‍മ്മിക്കുന്നു.

internation spic


സംസ്കാരം, ഓര്‍മ്മ, മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ എന്നിവ സുഗന്ധദ്രവ്യങ്ങള്‍ക്കൊപ്പം സഞ്ചരിച്ചിട്ടുണ്ടെന്നും ഇത് സമൂഹങ്ങളെ രൂപപ്പെടുത്താന്‍ സഹായകമായതായും പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ പറയുന്നു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഡിജിറ്റല്‍ 3ഡി പ്രിന്‍റിംഗ് സാങ്കേതികവിദ്യാ പ്രദര്‍ശനവും എക്സ്പോയെ ആകര്‍ഷകമാക്കുന്നു. ഡിജിറ്റല്‍ നിര്‍മ്മാണം, സുസ്ഥിര വസ്തുക്കള്‍, സ്മാര്‍ട്ട് ഡിസൈന്‍ എന്നിവയിലൂടെ പരമ്പരാഗത രൂപങ്ങളെ പുനര്‍നിര്‍മ്മിക്കാനാകുമെന്നതിന് എക്സ്പോ തെളിവാണ്.


Advertisment