പാരമ്പര്യ കലകള്‍ ടൂറിസവുമായി ബന്ധപ്പെടുത്തി സംരക്ഷിക്കുന്നതിനായുള്ള  നയം രൂപപ്പെടുത്തണമെന്ന് സ്പൈസ് റൂട്ട്സ് സമ്മേളനം

New Update
Spice Cultural
കൊച്ചി: കേരളത്തിലെ പാരമ്പര്യ കലകള്‍ ടൂറിസവുമായി ബന്ധപ്പെടുത്തി സംരക്ഷിക്കാനും അവയ്ക്ക് സ്ഥിരമായ വേദികള്‍ കണ്ടെത്തുന്നതിനുമായുള്ള സാംസ്കാരിക നയം രൂപപ്പെടുത്തണമെന്ന് അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിലെ വിദഗ്ധര്‍. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ 'സ്പൈസ് റൂട്ടിന്‍റെ സാംസ്കാരിക പാരമ്പര്യവും ജീവിതവും' എന്ന സെഷനിലാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്.
Advertisment

മിക്ക പാരമ്പര്യ, അനുഷ്ഠാന കലകളും വെല്ലുവിളി നേരിടുന്നുണ്ടെന്നും ഇവയുടെ സംരക്ഷണത്തിനായുള്ള നയപരിപാടികള്‍ രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പാരമ്പര്യ കലകളുടെ പരിശീലകര്‍ കൂടിയായ പ്രഭാഷകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

ജനുവരി 8 വരെ നടക്കുന്ന സമ്മേളനം മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സും കേരള ടൂറിസം വകുപ്പും ചേര്‍ന്നാണ് സംഘടിപ്പിച്ചിരിക്കുന്നത്. പുരാതന സ്പൈസ് റൂട്ടിനെ സമകാലിക ആഗോള ചര്‍ച്ചകളുമായി വീണ്ടും ബന്ധിപ്പിക്കുന്ന ബൗദ്ധിക-സാംസ്കാരിക വേദിയായാണ് സമ്മേളനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കൂടിയാട്ടം ഉള്‍പ്പെടെയുള്ള കലകളുടെ സൗന്ദര്യത്തെ പൂര്‍ണതയില്‍ അവതരിപ്പിക്കാനുള്ള വേദികള്‍ ആവശ്യമാണെന്ന് കൂടിയാട്ട ആചാര്യന്‍ ഡോ. മാര്‍ഗി മധു പറഞ്ഞു. കൂടിയാട്ടത്തിന്‍റെ മിനിയേച്ചര്‍ രൂപമാണ് ഇപ്പോള്‍ പലയിടത്തും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതല്ലാതെ പൂര്‍ണതയില്‍ ഇത് കാണികള്‍ക്കു മുന്നില്‍ എത്തിക്കണം. ഇതിന് ടൂറിസത്തിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് മാര്‍ഗി മധു ചൂണ്ടിക്കാട്ടി.

വര്‍ഷത്തില്‍ എല്ലാ ദിവസവും അവതരിപ്പിക്കാവുന്ന തരത്തില്‍ സ്ഥിരം പാവകളി വേദി കേരളത്തിന് ആവശ്യമാണെന്ന് തോല്‍പ്പാവക്കൂത്ത് കലാകാരന്‍ ഡോ. രാജീവ് പുലവര്‍ പറഞ്ഞു. ടൂറിസവുമായി കോര്‍ത്തിണക്കി കേരളത്തിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രമാക്കി ഇത്തരം വേദികള്‍ ഒരുക്കാമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. ഇത് പാവകളിയെ സംരക്ഷിക്കുന്നതിനും വരുംതലമുറയിലേക്ക് ഈ കലാരൂപത്തെ പകര്‍ത്തുന്നതിനും കലാകാരന്‍മാര്‍ക്ക് സ്ഥിരവരുമാനത്തിനും സഹായമാകും.
 
വ്യത്യസ്ത ഭൂപ്രദേശങ്ങളിലായി നാല് തരത്തിലുള്ള പ്രധാന പാവകളി രീതികള്‍ കേരളത്തില്‍ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രാജീവ് പുലവര്‍ ഇവയെ സംരക്ഷിക്കാനുള്ള ശ്രമം വേണമെന്നും ഉത്സവകാലം കഴിഞ്ഞാല്‍ തോല്‍പ്പാവക്കൂത്ത് കാണാന്‍ അവസരമില്ലെന്നതാണ് നിലവിലെ സ്ഥിതിയെന്നും കൂട്ടിച്ചേര്‍ത്തു.

കൃത്യമായ അക്കാദമിക ചട്ടക്കൂട്, ചിട്ടയായ പരിശീലനം, പ്രൊഫഷണല്‍ സമീപനം, സാമ്പത്തിക പിന്തുണ എന്നിവയോടെ കൂടുതല്‍ പേരെ കളരിയിലേക്ക് ആകര്‍ഷിക്കുകയും അവര്‍ക്ക് കൃത്യമായ അവസരങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന് അഗസ്ത്യ കളരിയിലെ ഡോ. മഹേഷ് എസ് പറഞ്ഞു. കേരള ടൂറിസത്തിന് ആഗോള തലത്തില്‍ ഉയര്‍ത്തിക്കാണിക്കാവുന്ന ഏറ്റവും മികച്ച ആയോധന മാതൃകയാണ് കളരിപ്പയറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പാരമ്പര്യ, അനുഷ്ഠാന കലകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ടൂറിസം മേഖലയ്ക്ക് കൈക്കൊളളാവുന്ന നടപടികളില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ മുന്നോട്ടുപോകണമെന്ന് സെഷനില്‍ മോഡറേറ്ററായിരുന്ന സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ്കുമാര്‍ കെ പറഞ്ഞു.

ഐജിഎന്‍എ ആദി ദൃഷ്ട ഡയറക്ടര്‍ ഡോ. റിച്ച നേഗിയും സെഷനില്‍ പങ്കെടുത്ത് സംസാരിച്ചു. 
Advertisment