അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തില്‍ സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വര്‍ക്ക് പ്രഖ്യാപിക്കും

ത്രിദിന സമ്മേളനം ജനുവരി 6 മുതല്‍ കൊച്ചിയില്‍

New Update
spices board-3
തിരുവനന്തപുരം: സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വര്‍ക്കിന്‍റെ പ്രഖ്യാപനവും ചാര്‍ട്ടര്‍ അവതരണവും  പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിന്‍റെ പ്രധാന ആകര്‍ഷണമാകും. മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സമ്മേളനം ജനുവരി 6 മുതല്‍ 8 വരെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കും.
Advertisment


കേരളത്തെ സ്പൈസസ് ലക്ഷ്യസ്ഥാനം എന്നതിലുപരി ലോക പൈതൃകത്തിന്‍റെയും സമുദ്ര നാഗരികതയുടെയും സംഗമസ്ഥാനമായി സ്ഥാപിക്കാനും ഈ വിനിമയ സാധ്യതയെ പുനരുജ്ജീവിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു. സമുദ്ര-സാംസ്കാരിക പൈതൃകത്തെയും അതിന്‍റെ ആഗോള പ്രസക്തിയെയും ഉയര്‍ത്തിക്കാട്ടുന്ന സംഭാഷണങ്ങള്‍ക്ക് സമ്മേളനം വേദിയൊരുക്കും.

പുരാതന സുഗന്ധവ്യഞ്ജന വിനിമയ പാതകളെ സമകാലിക ആഗോള ചര്‍ച്ചകളുമായി ബന്ധിപ്പിക്കുന്ന ബൗദ്ധിക, സാംസ്കാരിക വേദിയായിട്ടാണ് സമ്മേളനത്തെ വിഭാവനം ചെയ്തിരിക്കുന്നത്. വിഷയാധിഷ്ഠിത അവതരണങ്ങള്‍ക്ക് പുറമേ അന്തര്‍ദേശീയ പൈതൃക ഇടനാഴികള്‍ നിയന്ത്രിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, പൈതൃക ടൂറിസവും സുസ്ഥിരതയും, ടൂറിസത്തിനായി സുഗന്ധവ്യഞ്ജന പാതകളുടെ പുനര്‍വിഭാവനം, ഡിജിറ്റല്‍ സ്പൈസ് റൂട്ട്സ്, മുസിരിസ് പുനര്‍വിഭാവനം, മേഖലയിലെ വിജ്ഞാന പാരമ്പര്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകളും ഉണ്ടായിരിക്കും.

ചരിത്രം, സംസ്കാരം, പാരമ്പര്യം എന്നിവയില്‍ വേരൂന്നിയ ആഴത്തിലുള്ള അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി കേരളത്തെ സ്ഥാപിക്കാനാണ് അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്‍റെ പൈതൃക ടൂറിസം മേഖലയില്‍ ഒരു പുതിയ ഘട്ടമാണിത്. സ്പൈസ് റൂട്ട്സ് കേരളത്തിന് ശക്തവും ആധികാരികവുമായ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഉയര്‍ന്ന മൂല്യമുള്ളതും അനുഭവവേദ്യവും സാംസ്കാരിക വിനിമയ സാധ്യത നിലനിര്‍ത്തുന്നതുമായ യാത്രകള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആഗോള ആവശ്യം പ്രയോജനപ്പെടുത്താനുള്ള കേരളത്തിന്‍റെ സാധ്യതയെ സമ്മേളനം അടയാളപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശസ്തമായ ആഗോള വ്യാപാര ഇടനാഴിയുടെ പരിധിയില്‍ വരുന്ന ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങള്‍ക്കിടയില്‍ സാംസ്കാരിക, പൈതൃക ടൂറിസം ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകള്‍ സമ്മേളനം മുന്നോട്ടുവയ്ക്കും.

ആധുനിക വ്യാപാര ശൃംഖലകളും അതിര്‍ത്തികളും രൂപപ്പെടുന്നതിന് വളരെ മുമ്പുതന്നെ മുസിരിസ് ഉള്‍പ്പെടെയുള്ള മലബാര്‍ തീരത്തെ തുറമുഖങ്ങള്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന ഊര്‍ജ്ജസ്വലമായ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്നു. സ്പൈസ് റൂട്ട് തിരക്കേറിയ സമുദ്ര വാണിജ്യ പാതയായി മാത്രമല്ല ആശയങ്ങള്‍, കല, സാങ്കേതികവിദ്യ, മതപാരമ്പര്യങ്ങള്‍ എന്നിവ സംയോജിപ്പിച്ച് ജനങ്ങള്‍ തമ്മിലുള്ള ബന്ധം സൃഷ്ടിക്കുന്ന ഊര്‍ജ്ജസ്വലമായ സാംസ്കാരിക ഇടനാഴിയായും പ്രവര്‍ത്തിച്ചു.

22 രാജ്യങ്ങളില്‍ നിന്നുള്ള 38 വിശിഷ്ട പ്രതിനിധികള്‍ സമ്മേളനത്തിന്‍റെ ഭാഗമാകും. പ്രമുഖ അക്കാദമിഷ്യന്മാർ , ചരിത്രകാരന്മാർ , പ്രശസ്ത പുരാവസ്തു ഗവേഷകര്‍, നയതന്ത്രജ്ഞര്‍, നയരൂപീകരണ വിദഗ്ധര്‍, ടൂറിസം മേഖലയിലെ പ്രഗത്ഭര്‍, പ്രശസ്ത കലാകാരന്മാർ , സാംസ്കാരിക പരിശീലകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമുദ്ര വ്യാപാരത്താല്‍ രൂപപ്പെട്ട ഭാഷാ, സാംസ്കാരിക വിനിമയം, കുടിയേറ്റം, അറിവ്, വിശ്വാസം, തത്വചിന്ത: സമുദ്ര മേഖലയിലൂടെ വ്യാപിച്ച ശാസ്ത്രം, വൈദ്യശാസ്ത്രം, വിശ്വാസ വ്യവസ്ഥകള്‍, ബൗദ്ധിക പാരമ്പര്യങ്ങള്‍, കൊളോണിയലിസവും പൈതൃകങ്ങളും: മാരിടൈം കൊളോണിയലിസത്തിന്‍റെ സാംസ്കാരികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കല്‍, സമുദ്ര സാങ്കേതികവിദ്യകളും ലോജിസ്റ്റിക്സും: സമുദ്രപാതകളിലൂടെയുള്ള സാധനങ്ങളുടെയും ആശയങ്ങളുടെയും നവീകരണങ്ങളുടെയും കൈമാറ്റത്തിന്‍റെ ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും.

മുസിരിസ് അനുഭവം, സമകാലിക കലാ ഇടപെടല്‍, പാരമ്പര്യ കലകളുടെ ആസ്വാദനം തുടങ്ങിയവ ഉള്‍പ്പെടുന്ന കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തിലേക്കുള്ള യാത്രയില്‍ സമ്മേളനത്തിലെ പ്രതിനിധികള്‍ ഭാഗമാകും. മുസിരിസ് പൈതൃക പാതയിലൂടെയുള്ള യാത്ര, കൊച്ചി-മുസിരിസ് ബിനാലെയിലേക്കുള്ള സന്ദര്‍ശനം എന്നിവ ഇതില്‍ പ്രധാനമാണ്.

പേപ്പര്‍ പ്രസന്‍റേഷനുകള്‍, സംഭാഷണങ്ങള്‍, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍, കലാ പ്രദര്‍ശനങ്ങള്‍, ചലച്ചിത്ര പ്രദര്‍ശനം, കലാപ്രകടനങ്ങള്‍, സ്ഥല സന്ദര്‍ശനങ്ങള്‍ തുടങ്ങിയ അക്കാദമിക, കലാപരമായ ആവിഷ്കാരങ്ങളും സമ്മേളനത്തിലുണ്ടാകും.

കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ ഫോട്ടോഗ്രാഫിക് പ്രദര്‍ശനങ്ങളും കലാ പ്രദര്‍ശനങ്ങളും നടത്തുന്നതിനായി പ്രശസ്ത മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റായ റിയാസ് കോമുവിന്‍റെ നേതൃത്വത്തിലുള്ള ആഴി ആര്‍ക്കൈവ്സുമായി മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സമ്മേളനത്തില്‍ സഹകരിക്കുന്നുണ്ട്. അക്കാദമിക് സെഷനുകള്‍ രൂപകല്‍പ്പന ചെയ്യുന്ന അക്കാദമിക് കണ്‍സള്‍ട്ടന്‍റായി എംജി സര്‍വകലാശാലയിലെ പ്രൊഫ.എം.എച്ച്. ഇലിയാസ് സമ്മേളനവുമായി സഹകരിക്കും.

ചവിട്ടുനാടകം (കെ.ആര്‍ സുനില്‍), സീയിംഗ് ഈസ് ബിലീവ് (ബിജു ഇബ്രാഹിം), മൈഗ്രന്‍റ് ഡ്രീംസ് (ആഴി ആര്‍ക്കൈവ്സ്) എന്നീ ഫോട്ടോഗ്രാഫിക് പ്രദര്‍ശനങ്ങള്‍ സമ്മേളനത്തിന്‍റെ പ്രധാന വേദിയില്‍ നടക്കും. പിന്നണി ഗായിക രശ്മി സതീഷിന്‍റെ കാര്‍ക്കുഴലി (കൊച്ചിയിലെ ജൂതന്മാരുടെ ഗാനങ്ങള്‍), ഗോതുരുത്തിലെ തമ്പി ആശാന്‍റെയും സംഘത്തിന്‍റെയും ചവിട്ടുനാടകം എന്നിവയും അരങ്ങേറും.

Advertisment