/sathyam/media/media_files/4lZMW2eL2azj8wJl6fMW.jpg)
വാനമ്പാടി കെ.എസ്.ചിത്രയും സഹോദരിയും ഗായികയുമായ കെ.എസ്.ബീനയും ചേർന്നാലപിച്ച ഭക്തിഗാനം പുറത്തിറങ്ങി. ശ്രീരാമ സന്ധ്യാനാമം എന്ന പേരിൽ പുറത്തിറങ്ങിയ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടുതന്നെ നിരവധി കാഴ്ചക്കാരെയാണു സ്വന്തമാക്കിയത്. സംഗീതകുലപതി വി.ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയതാണ് ഈ സന്ധ്യാനാമം. ചിത്രയുടെയും ബീനയുടെ സ്വരലാവണ്യത്തിൽ തിളങ്ങിയ ഗാനത്തെ പ്രശംസിച്ചു നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്.
ഇരുവരെയും ഒരുമിച്ച് ഒരേ ഫ്രെയിമിൽ കാണാനായതിന്റെ സന്തോഷവും ആരാധകർ പ്രകടമാക്കി. ഒരേ തരത്തിലുള്ള വേഷവിധാനത്തിലാണ് ബീനയും ചിത്രയും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇരുവരുടെയും നിറഭക്തിയോടെയുള്ള ആലാപനം ആദ്യ കേൾവിയിൽ തന്നെ ആസ്വാദകരുടെ മനസ്സിൽ പതിയുന്നു. രാമായണമാസത്തോടനുബന്ധിച്ചാണ് ഈ വിഡിയോ പുറത്തിറക്കിയത്.
സംഗീതരംഗത്ത് സജീവമാണെങ്കിലും അത്രകണ്ട് പ്രശസ്തയല്ല കെ.എസ്.ബീന. ‘സ്നേഹപൂർവ്വം മീര’ എന്ന ചിത്രത്തിൽ ചിത്രയ്ക്കൊപ്പം ബീനയും പാടിയിട്ടുണ്ട്. തകിലുകൊട്ടാമ്പുറം, താരുണ്യം,താറാവ് തുടങ്ങിയ ചിത്രങ്ങളിലും ഗാനമാലപിച്ചു. എച്ച്.ഹരിഹരൻ, പ്രഭാകര വർമ്മ. കെ.ഓമനക്കുട്ടി തുടങ്ങിയ പ്രഗത്ഭരുടെ കീഴിലായിരുന്നു സംഗീത പഠനവും. ആകാശവാണിയിലും ഒട്ടേറെ പ്രാവശ്യം ലളിത സുന്ദര സ്വരവുമായി ബീന പാടിയിട്ടുണ്ട്.