കൈക്കൂലി നല്‍കി ബാർക് റേറ്റിങ്ങ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോർട്ടർ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന ആരോപണത്തിൽ കുടുങ്ങി 24ന്യൂസ്‌ ചാനൽ. എം.ഡി ശ്രീകണ്ഠൻ നായരും മകനും അടക്കം 6 പേർക്കെതിരെ കേസ്. ബാർക് റേറ്റിംങിൽ നിയമയുദ്ധത്തിന് തുടക്കമിട്ടത് റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ. കേസെടുത്ത് കളമശ്ശേരി പോലീസ്

New Update
sreekandan

കോട്ടയം : കൈക്കൂലി നല്‍കി ബാർക് റേറ്റിംഗ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോർട്ടർ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന പരാതിയിൽ കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റും 24ന്യൂസ്‌ ചാനൽ എംഡി ശ്രീകണ്ഠൻ നായർ അടക്കം ആറു പേർക്കെതിരെ കേസ്.

Advertisment

കേസിൽ ശ്രീകണ്ഠൻ നായർ ഒന്നാം പ്രതിയും മകൻ ശ്രീരാജ് രണ്ടാം പ്രതിയുമാണ്. മറ്റുള്ളവർ സിഇഒ ഉണ്ണികൃഷ്ണൻ (മൂന്നാം പ്രതി), എക്സിക്യൂട്ടീവ് എഡിറ്റർമാരായ കെ.ആർ. ഗോപീകൃഷ്ണൻ (നാലാം), ബി. ദിലീപ് കുമാർ (അഞ്ചാം പ്രതി), ചെയർമാൻ ആലുങ്കൽ മുഹമ്മദ് (ആറാം പ്രതി) എന്നിവരാണ്. 


റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ നൽകിയ പരാതിയിലാണ് കളമശ്ശേരി പോലീസ് കേസെടുത്തത്.


ആന്‍റോ അഗസ്റ്റിന്റെ ഫോൺ ഹാക്ക് ചെയ്തു, കൃത്രിമ വാട്സ്ആപ്പ് ചാറ്റുകൾ ഉണ്ടാക്കി,
റിപ്പോർട്ടർ ടിവി പ്രതിനിധികൾ ഒരു ബാർക് ജീവനക്കാരന് 100 കോടി രൂപ കൈക്കൂലി നൽകിയെന്ന് വ്യാജമായി കാണിക്കാൻ വ്യാജ സ്‌ക്രീൻഷോട്ടുകൾ സൃഷ്ടിച്ചു, തുടർന്ന് അത് വാർത്തയായി സംപ്രേഷണം ചെയ്തു തുടങ്ങിയവയാണ് ആരോപണങ്ങള്‍.

sreekhandan nair 24 news

വ്യാജവാർത്ത പ്രചരിപ്പിച്ചതോടെ പരാതിക്കാരന് പ്രത്യക്ഷമായി 25 കോടി രൂപയും പരോക്ഷമായി 100 കോടി രൂപയുടേയും നഷ്ടമുണ്ടായി' എഫ്ഐആറില്‍ പറയുന്നു.

കഴിഞ്ഞയാഴ്ചത്തെ ബാർക് റേറ്റിങ്ങിലും ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ടറിനേക്കാൾ ബഹുദൂരം പിന്നിലായിരുന്നു. തുടർച്ചയായി മൂന്നാം സ്ഥാനത്തായതിന് പിന്നാലെയാണ് ട്വന്റിഫോർ ന്യൂസ് ഗൂഢാലോചന നടത്തി വ്യാജ വ്യാർത്തകൾ പ്രചരിപ്പിച്ചത്.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 316(2), 318(4), 336(3), 3(5), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66, 72 എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

നേരത്തെ ബാർക്കിൽ ചാനൽ റേറ്റിങ് ഉയർത്തിക്കാട്ടാൻ തിരിമറി നടത്തി എന്ന  24 ന്യൂസ് ചാനലിലെ സീനിയർ ന്യൂസ് ഹെഡ് ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിൽ റിപ്പോർട്ടർ ചാനൽ ഉടമക്കെതിരെയും ബാർക് സീനിയർ മാനേജർ പ്രേംനാഥിനെതിരെയും കേസെടുത്തിരുന്നു.

Advertisment