/sathyam/media/media_files/2025/12/21/sreenivasan-10-2025-12-21-20-04-50.jpg)
മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് മണിമുഴക്കി നടന്ന് കയറിയ മലയാളത്തിൻ്റെ പ്രിയനടൻ ശ്രീനിവാസൻ കഥാവശേഷനായിരിക്കുന്നു.
ഒരു നാടോടിക്കാറ്റിന്റെ സ്നിഗ്ദ്ധതയോടെ മലയാള മനസ്സിനെ നർമ്മം കൊണ്ടും ചിന്തകൾ കൊണ്ടും കുളിർപ്പിക്കുകയും തളിർപ്പിക്കുകയും ചെയ്ത ശ്രീനി എന്ന ശ്രീനിവാസൻ മലയാളസിനിമയുടെ എല്ലാമായിരുന്നുവല്ലോ.
ശ്രീനിവാസനെ കുറിച്ച് എന്തിനാണ് കൂടുതൽ വിശേഷണം.! മലയാളിക്ക് ശ്രീനി കഥാകാരനാണോ തിരക്കഥാകാരനാണോ സംവിധായകൻ ആണോ അഭിനേതാവ് ആണോ എന്ന് ചോദിച്ചാൽ ഇതെല്ലാമാണ്, എന്നാൽ ഇതിനെല്ലാം അപ്പുറവും ആണ് എന്ന് ആരും പറയും.
/filters:format(webp)/sathyam/media/media_files/2025/12/21/sreenivasan-13-2025-12-21-20-24-00.jpg)
സൂക്ഷ്മദർശനിയുടെ മിഴിവോടെയും കൃത്യതയോടെയും, തൻ്റെ പരിസരത്തെ, സമൂഹത്തെ, രാജ്യത്തെ, സാമൂഹ്യ സ്പന്ദനങ്ങളെ മനസ്സിലെയും ഓർമ്മകളിലെയും പത്തായപ്പുരയിൽ കരുതലോടെ ശേഖരിച്ച് സൂക്ഷിച്ചു, കൊയ്ത്തുകാലത്ത് ധാന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നത് പോലെ.
കാലം ആവശ്യപ്പെടുന്നത് അനുസരിച്ച്, തന്റെ ഓർമ്മകളുടെ പത്തായപ്പുരയിൽ ശേഖരിച്ച, കാലവും മനുഷ്യനും മറന്ന കാഴ്ചകൾ, സംഭവങ്ങൾ, ശൈലികൾ ഇവ ഒന്നുപോലും തെറ്റാതെ കൃത്യതയോടെ അളന്ന് തൂക്കി, ആസ്വാദന വറുതികാലം അനുഭവിക്കുന്ന പ്രേക്ഷകർക്ക് കഥയും, തിരക്കഥയും, അഭിനയവും, സിനിമയും ഒക്കെ ആയി മലയാളിയുടെ ആസ്വാദന കലവറ നിറയ്ക്കാൻ പാകത്തിന് ലോഭം ഇല്ലാതെ തന്നെ പകർന്ന് കൊടുത്തു.
വികെഎന്നും, കാർട്ടൂണിസ്റ്റ് ടോംസും തുടങ്ങി മലയാളിയുടെ സാമൂഹ്യ ബോധത്തെ നർമ്മ രചനകളിലൂടെ, വരകളിലൂടെ ഉണർത്തിയവരുടെ കാലഘട്ടത്തിൽ, മലയാളിയുടെ പൊങ്ങച്ചത്തെയും അൽപത്തരത്തെയും നർമ്മത്തിൽ ചാലിച്ച്, താൻ തന്നെ ചായമിട്ട കഥാപാത്രങ്ങളിലൂടെ, സംഭാഷണങ്ങളിലൂടെ ജനങ്ങളോട് സംവദിച്ച ശ്രീനിവാസനെ ജനങ്ങൾ ഇരുകൈയും നീട്ടി ആദരവോടെ ആയിരുന്നു സ്വീകരിച്ചത്.
ശ്രീനി അവതരിപ്പിച്ച കഥാപാത്രങ്ങളും അദ്ദേഹം രചിച്ച സംഭാഷണങ്ങളും, ഇത് താൻ തന്നെ ആണല്ലോ, ഈ ഭാഷ തന്റേതാണല്ലോ എന്ന തിരിച്ചറിവിൻ്റെ സന്ദേശം നൽകിയത് കൊണ്ടായിരിക്കാം.
അല്ലെങ്കിൽ, സമൂഹത്തിലെ നിത്യക്കാഴ്ചയിലെ സംഭവങ്ങളുമായി താദാത്മ്യം തോന്നിക്കുന്ന ദൃശ്യങ്ങളുടെ പുനരാവിഷ്കരണം കൊണ്ടും ആകാം.
അതുമല്ലെങ്കിൽ, എന്നും കാണുന്ന ആളുകളുടെ അതേ സ്വഭാവ സവിശേഷതകളെ അനുസ്മരിപ്പിക്കുന്ന പാത്രസൃഷ്ടി കൊണ്ടുമാകാം. അദ്ദേഹത്തിൻ്റെ അതുല്യമായ നിരീക്ഷണ പാടവം കഥകളിലൂടെ തിരക്കഥകളിലൂടെ സംഭാഷണങ്ങളിലൂടെ നമ്മളുടെ ഗൃഹാതുരത്വത്തെ ഉണർത്തിയിരുന്നതും കൊണ്ടാകാം.
ചിരിയുടെ പൂക്കളം മാത്രമല്ലല്ലോ അദ്ദേഹം മലയാള സിനിമയുടെ തിരുമുറ്റത്തൊരുക്കിയത്. കണ്ണുകളെ ഈറൻ അണിയിച്ച, മനസ്സിനെ നോവിച്ച, ഇരുത്തി ചിന്തിപ്പിച്ച കഥകളും കഥാപാത്രങ്ങളും മലയാളിയുടെ മനസ്സിനെ സ്പർശിച്ചപ്പോൾ ജനമനസ്സുകൾ ചുവന്ന പരവതാനി വിരിച്ചായിരുന്നു ശ്രീനിയ്ക്ക് വരവേൽപ്പ് ഒരുക്കിയത്.
രാഷ്ട്രീയക്കാരെയും അവരുടെ നയങ്ങളെയും അഭിപ്രായങ്ങളെയും അതിനിശിതമായി വിമർശിച്ചപ്പോൾ, വെള്ളാനകളുടെ നാട്ടിലെ ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി കൈയ്യടിച്ച് ആസ്വദിച്ചു. തങ്ങൾ പറയാൻ ആഗ്രഹിച്ചത് വെള്ളിത്തിരയിൽ, കണ്ടപ്പോൾ, കേട്ടപ്പോൾ ശ്രീനിവാസൻ എന്ന അനന്യനായ സിനിമാക്കാരനെ മലയാളികൾ ഹൃദയത്തോട് പിന്നെയും പിന്നെയും കൂടുതൽ ചേർത്ത് നിർത്തുകയായിരുന്നു.
സിനിമയുടെയും അഭിനയത്തിന്റെയും കഥയെഴുത്തിന്റെയും തിരക്കിലും, ഇടവേളകൾ കണ്ടെത്തി കൃഷിയെ, വിശേഷിച്ച് ജൈവകൃഷിയെ ജനകീയമാക്കി. അനേകം പേരെ, പ്രത്യേകിച്ച് യുവാക്കളെ കൃഷിയിലേക്ക്, കൃഷിയിടത്തിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/20/sreenivasan-garden-2025-12-20-21-22-15.jpg)
അസുഖത്തെ തുടർന്ന് സിനിമയിലെ ശ്രീനിയുടെ അസാന്നിദ്ധ്യം പ്രേക്ഷകരെ ഒട്ടൊന്നുമല്ല നിരാശരാക്കിയതും വേദനിപ്പിച്ചതും. ശ്രീനിവാസന്റെ മരണത്തോടെ സാമൂഹിക യാഥാർഥ്യങ്ങളുടെ കഥപറച്ചിലുകാരിൽ ഒരാൾ കൂടി നമുക്ക് നഷ്ടപ്പെട്ടു. എന്നിരുന്നാലും മലയാള മനസ്സിന്റെ തിരശ്ശീലയിൽ ശ്രിനി സിനിമകളുടെ പ്രദർശനം തുടർന്ന് കൊണ്ടേ ഇരിക്കും.
കഥകൾ കേൾക്കാനായി കൊതിയ്ക്കുന്ന മലയാളികളെ വേദനിപ്പിച്ചു കൊണ്ട്, ഇനിയും പറയാൻ ബാക്കി വെച്ച കഥകളുടെ കഥാകാരനെ, കഥകളുടെ പത്തായത്തോടൊപ്പം കാലം കവർന്ന് കടന്നു.
ശ്രീനി കഥകളുടെ തേന്മാവിൻ കൊമ്പുകൾ ഇനി ഒരിക്കലും പൂക്കുകയില്ലല്ലോ. കിളിച്ചുണ്ടൻ മാമ്പഴ മാധുര്യമൂറുന്ന കഥകൾ കേൾക്കാൻ ആകില്ലല്ലോ.!
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us