/sathyam/media/media_files/2026/01/14/sreenivasan-talk-2026-01-14-15-12-20.jpg)
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത നടനും സംവിധായകനുമായ ശ്രീനിവാസന്റെ ബഹുതലത്തിലുള്ള സർഗാത്മകതയും വ്യക്തിജീവിതവും ഓർത്തെടുത്ത് സിനിമയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ.
ശ്രീനിവാസന്റെ സ്മരണാര്‍ത്ഥം നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അവസാന ദിനം സംഘടിപ്പിച്ച 'സന്മനസ്സുള്ള ശ്രീനി' എന്ന സെഷനിലാണ് ഗതാഗത വകുപ്പ് മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാർ, സംവിധായകരായ പ്രിയദർശൻ, കമൽ, നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായ പ്രേം കുമാർ, സംവിധായകനും ശ്രീനിവാസന്റെ അടുത്ത ബന്ധുവുമായ എം മോഹനൻ എന്നിവർ ഓർമ്മകൾ പങ്കുവെച്ചത്.
ശ്രീനിവാസൻ എന്ന ദീർഘവീക്ഷണമുള്ള എഴുത്തുകാരന്റെ സിനിമയിൽ രാഷ്ട്രീയവും സാമൂഹ്യ പ്രതിബദ്ധതയുമുണ്ടെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
മനുഷ്യന്റെയുള്ളിലെ അപകർഷതബോധത്തെ തന്റെ സിനിമയിലൂടെ ശ്രീനിവാസൻ കാണിച്ചു, പലപ്പോഴും സ്വയം പരിഹാസ്യനാകുന്ന വില്ലൻ കഥാപാത്രങ്ങളെ എഴുതി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയം കുടുംബ കഥകളിലൂടെയും വീട്ടിലെ രംഗങ്ങളിലൂടെയുമാണ് പ്രേക്ഷകരിലേക്കെത്തിയത്.
ആ വീട്ടിനുള്ളിൽ ഒരു സമൂഹത്തെ ആവാഹിക്കുകയാണ്. സമൂഹത്തിലെ ശരികേടുകളെ കാണിക്കുന്ന സിനിമയാണ് അദ്ദേഹത്തിന്റേത്. വ്യക്തി ജീവിതത്തിലും എഴുത്തുകാരനെന്ന നിലയിലും നടനെന്ന നിലയിലും വ്യത്യസ്തനാണ് ശ്രീനിവാസനെന്നും മന്ത്രി പറഞ്ഞു.
പ്രിയദർശന്റെ 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയുടെ ചിത്രീകരണവേളയിൽ ശ്രീനിവാസനെ പരിചയപ്പെടുന്നതും ആ സിനിമയുടെ തിരക്കഥയെഴുത്ത് ശ്രീനിവാസനെ പ്രിയദർശൻ ഏൽപ്പിച്ചതും ജനറേറ്ററിന്റെ ശബ്ദം കേട്ടാലേ തനിക്ക് എഴുതാൻ കഴിയൂവെന്ന് ശ്രീനിവാസൻ പറഞ്ഞതും മന്ത്രി ഒരു ചിരിയോടെ ഓർത്തെടുത്തു.
അന്നത്തെ നായക സങ്കൽപ്പങ്ങൾക്ക് ഒട്ടും ചേരാത്ത മുഖവുമായി മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ പോയ ശ്രീനിവാസനാണ് പ്രിയന്റെ ഓർമ്മയിൽ.
"അവിടുത്തെ ജൂറിയുടെ 'അഭിനയം പഠിക്കാൻ തന്നെയാണോ വന്നത്, തെറ്റിപോയിട്ടില്ലല്ലോ ? എന്ന ചോദ്യത്തിന് നായക വേഷവും സഹനടന്റെ വേഷം കിട്ടില്ലെങ്കിലും ഒരു ഡ്രൈവറിന്റെയോ വേലക്കാരന്റെയോ വേഷം കിട്ടുമല്ലോ ? അവരും നന്നായിട്ട് അഭിനയിക്കണമല്ലോ, അതിന് അഭിനയം പഠിക്കണ്ടേ എന്ന ശ്രീനിവാസന്റെ മറു ചോദ്യത്തിന് മുന്നിൽ ജൂറി ചിരിച്ചുപോയി" പ്രിയദർശൻ പങ്കുവെച്ചു.
സിനിമ സങ്കൽപ്പങ്ങൾക്ക് ചേരാത്ത മുഖവും രൂപവും വെച്ചുതന്നെ തന്നോടുതന്നെയുള്ള വിശ്വാസം കൊണ്ട് ശ്രീനി സിനിമയിൽ എത്രയോ മനോഹരമായ വേഷങ്ങൾ ചെയ്തു. ആ വിശ്വാസം ശ്രീനിയ്ക്ക് മരണം വരെയുണ്ടായിരുന്നു.
എല്ലാം പരിഹാസം ചേർത്ത് നർമത്തിലൂടെ പറയുന്നതാണ് ശ്രീനിയുടെ സ്വഭാവം. ഒരു മനുഷ്യൻ ഇങ്ങനെയാണെന്ന് തന്റെ സിനിമയിലൂടെ കീറിമുറിച്ച് കാണിക്കുകയാണ്. സഞ്ജയനും കുഞ്ഞൻ നമ്പ്യാരും വീണ്ടും ജനിച്ചതാണ് ശ്രീനിവാസനെന്നും പ്രിയദർശൻ പറഞ്ഞു.
''ഞാൻ ആദ്യമായി ശ്രീനിവാസനെ കാണുന്നത് ചെന്നൈയിൽ വച്ചാണ്, അന്ന് മലയാളം പത്രം വായിക്കാൻ ശ്രീനിവാസൻ എന്നും അവിടെയുള്ള കടയിൽ വരും. നമ്മളൊക്കെ പത്രങ്ങളിൽ സിനിമാ പരസ്യമാണ് നോക്കുന്നത്.
എന്നാൽ ശ്രീനി മലയാള പത്രങ്ങളെല്ലാം മൊത്തം അരിച്ചു പെറുക്കി വായിക്കും. വായിക്കുന്നതിലൂടെ താൻ വിവരങ്ങൾ ശേഖരിക്കുകയാണെന്നാണ് ശ്രീനി പറയുക'' സംവിധായകൻ കമൽ പറഞ്ഞു.
''ചെന്നൈയിലുള്ള ടി എച്ച് കോടമ്പുഴ എന്ന ഒരു മലയാളി മാധ്യമപ്രവത്തകന് വേണ്ടി 'ഗോസ്റ്റ് റൈറ്റർ' ആയി ശ്രീനി മാധ്യമപ്രവർത്തനം നടത്തിയിരുന്നത് ആർക്കും അറിയാത്ത കാര്യമാണ്.
സമയക്കുറവുള്ള അദ്ദേഹത്തിന് വേണ്ടി ലേഖനങ്ങൾ എല്ലാം എഴുതി കൊടുത്തിരുന്നത് ശ്രീനിയാണ്. കാരണം മൂന്ന് നേരം നല്ല കോഴിക്കോടൻ ഭക്ഷണം അയാളുടെ വീട്ടിൽ നിന്ന് കിട്ടുമായിരുന്നു. പക്ഷെ സിനിമയുടെ രീതി മാറി തുടങ്ങിയപ്പോൾ അദ്ദേഹത്തിന് പിടിച്ചുനിൽക്കാൻ കഴിയാതെ തിരിച്ച് കോഴിക്കോട്ടേക്ക് പോകേണ്ടി വന്നു.
ഒരു നിവൃത്തിയുമില്ലാതിരുന്നപ്പോൾ അയാളുടെ രണ്ട് പെണ്മക്കളുടെ പഠന കാര്യങ്ങൾ എല്ലാം നോക്കിയത് ശ്രീനിയായിരുന്നു. ഇത്തരം നന്മകളും സഹാനുഭൂതിയും ശ്രീനിക്കുണ്ടായിരുന്നു''. കമൽ കൂട്ടിച്ചേർത്തു.
ജീവിതത്തെയും ഈ ലോകത്തെയും മനുഷ്യരെയും മനുഷ്യാവസ്ഥകളെയും മറ്റൊരു തരത്തിൽ വീക്ഷിക്കുന്ന ഒരു മഹാപ്രതിഭയാണ് ശ്രീനിവാസനെന്ന് പ്രേം കുമാർ പറഞ്ഞു.
ജീനിയസ് എന്നൊക്കെ പലപ്പോഴും പറയുന്ന വാക്കിന്റെ യഥാർത്ഥ അർത്ഥമാണ് ശ്രീനിയേട്ടൻ. വിഗ്രഹതുല്യമായ വ്യക്തിത്വങ്ങളെ ദൂരെനിന്ന് നോക്കിക്കാണുമ്പോൾ നമുക്ക് വലിയ മഹത്വം തോന്നും. പക്ഷെ പലപ്പോഴും അടുത്തറിയുമ്പോൾ ആ മഹത്വത്തിന് മങ്ങലേൽക്കാറാണ് പതിവ്.
എന്നാൽ ശ്രീനിയേട്ടനിൽ ദൂരെ നിന്ന കണ്ട മഹത്വം അടുത്തപ്പോൾ കൂടുതൽ തിളക്കമുള്ളതായി. ആകാശത്തിന് കീഴിലുള്ള സർവ കാര്യങ്ങളെ കുറിച്ചും അദ്ദേഹത്തിന് ധാരണ ഉണ്ടായിരുന്നു. സമൂഹത്തിനോട് പ്രതിബദ്ധത ഇല്ലെങ്കിൽ ഒരാൾ കലാകാരനാകില്ല എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു.
ഈ രീതിയിൽ എന്നെ രൂപപ്പെടുത്തിയെടുത്തത് ശ്രീനിയേട്ടനാണെന്ന് എം മോഹനൻ പറഞ്ഞു. "സിനിമാ മോഹം പറഞ്ഞപ്പോൾ സത്യൻ അന്തിക്കാടിന്റെ കൂടെ പ്രവർത്തിക്കാൻ അവസരമുണ്ടാക്കിത്തന്നത് അദ്ദേഹമാണ്. കുറച്ചു കാലം അതിനായി കാത്തിരിക്കേണ്ടി വന്നു.
ഒരു ദിവസം ഓടി ചെന്നാൽ ശ്രീനിയേട്ടൻ തിരക്കഥ എഴുതി തരില്ല എന്നും മനസിലായി. അതുകൊണ്ട് ഞാൻ സ്വയം കഥയെഴുതി ശ്രീനിയേട്ടനെ കേൾപ്പിക്കാൻ തുടങ്ങി. അഞ്ചര വർഷം ഓരോ കഥകൾ പറഞ്ഞ് ഞാൻ അദ്ദേഹത്തെ ബോർ അടിപിച്ചതിന് ഒടുവിലാണ് 'കഥ പറയുമ്പോൾ' സംഭവിക്കുന്നത്.
'അരവിന്ദന്റെ അതിഥികൾ' ആണ് ഞങ്ങൾ അവസാനമായി ഒരുമിച്ച് ചെയ്ത ചിത്രം. എന്റെ അവസാന ചിത്രത്തിൽ വിനീതിന്റെ അച്ഛന്റെ വേഷം ചെയ്യേണ്ടത് ശ്രീനിയേട്ടൻ ആയിരുന്നു, പക്ഷെ ആരോഗ്യം മോശമായത് കാരണം അതിന് കഴിഞ്ഞില്ല," മോഹനൻ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മോഡറേറ്ററായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us