/sathyam/media/media_files/2025/12/20/sreenivasan-garden-2025-12-20-21-22-15.jpg)
കോട്ടയം: സിനിമയില്‍ മാത്രമല്ല കൃഷിയിലും താന്‍ ശോഭിക്കുമെന്നു തെളിയിച്ചയാളാണു അന്തരിച്ച ശ്രീനീവാസന്‍. വിഷ രഹിത ജൈവ പച്ചക്കറി പ്രചരിപ്പിക്കാന്‍ ശ്രീനിവാസന്‍ തനിക്കുകിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിച്ചിരുന്നു.
പ്രസംഗിക്കുക മാത്രമല്ല, ഒന്നു മനസുവെച്ചാല്‍ വിഷം തീണ്ടാത്ത പച്ചക്കറി ആര്‍ക്കും നട്ടുണ്ടാക്കാമെന്നു തെളിയിക്കുകയും ചെയ്തയാളാണു ശ്രീനിവാസന്‍.
സ്വന്തമായി കൃഷി ചെയ്ത് ഉല്‍പ്പാദിപ്പിച്ച ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്ന മാനസികവും ആരോഗ്യപരവുമായ ഗുണങ്ങള്‍ വളരെ വലുതും മെച്ചപ്പെട്ടതുമായിരിക്കുമെന്നും ശ്രീനിവാസന്‍ പറയുമായിരുന്നു.
ആറു വര്‍ഷം മുമ്പു കണ്ടനാട് രണ്ടേക്കര്‍ സ്ഥലത്താണ് ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മ ഉദയംപേരൂര്‍ ജൈവ കര്‍ഷക സമിതി കൃഷിക്കു തുടക്കം കുറിച്ചത്. കര്‍ഷകനായ മനു അടക്കമുള്ളവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ കാര്‍ഷിക മുന്നേറ്റം സാധ്യമായത്.
നിലവില്‍ ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 80 ഏക്കര്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിച്ചു കഴിഞ്ഞു. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതില്‍ ഈ കൂട്ടായ്മ മാതൃകയാവുകയാണ്. ഏറ്റവും നല്ല കാര്‍ഷിക വിഭവങ്ങള്‍ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനും ആളുകളെ പ്രേരിപ്പിക്കുകയും കൃഷി മഹത്വമുള്ള കര്‍മമാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുകയാണു സമിതിയുടെ ഉദ്ദേശ്യം.
/filters:format(webp)/sathyam/media/media_files/2025/12/20/sreenivasan-and-wife-in-farm-2025-12-20-20-56-50.jpg)
അടുത്തിടെ വിഷരഹിതമായി പച്ചക്കറി ഉത്പാദിപ്പിക്കുന്നവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സമിതിയുടെ വില്‍പനശാലയും തുറന്നിരുന്നു. ആര്‍ക്കു വേണമെങ്കിലും ഉത്പന്നങ്ങള്‍ ഇവിടെ കൊണ്ടുവരാം. ഒറ്റ വ്യവസ്ഥയേ ശ്രീനിവാസനും കൂട്ടരും വെച്ചിരുന്നുള്ളൂ, പച്ചക്കറി പൂര്‍ണമായും ജൈവമായിരിക്കണം.
പച്ചക്കറിക്ക് പുറമെ പലവ്യഞ്ജനങ്ങളും ട്രൈക്കോഡര്‍മ, സ്യൂഡോമൊണാസ്, ഫിഷ് അമിനോ ആസിഡ്, ഫിറമോണ്‍ കെണി, മഞ്ഞക്കെണി, വേപ്പെണ്ണ, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയ ജൈവ കീടനാശിനികളും വളര്‍ച്ചാ ത്വരകങ്ങളും വില്പനശാലയിലെ ബയോഫാമില്‍ നിന്ന് വാങ്ങാനാവും.
നല്ല വിത്തുകളും കിട്ടും. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ വിതരണം ചെയ്യുന്ന മാംസവും ഇവിടെ ലഭ്യമാണ്. ലാഭം കൊയ്യാനുള്ള മാര്‍ഗമല്ല ഈ വിപണന ശാല. നഷ്ടമില്ലാതെ എല്ലാവര്‍ക്കും പ്രയോജനപ്രദമായി മുന്നോട്ടു കൊണ്ടുപോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
/filters:format(webp)/sathyam/media/media_files/2025/12/20/sreenivasan-farn-2025-12-20-20-57-03.jpg)
ഇസ്രായേലിന്റെ നൂതന കാര്‍ഷിക രീതികളെ ശ്രീനിവാസന്‍ നിരവധി തവണ പ്രശംസിച്ചിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും യുദ്ധ വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ പോലും, ഇസ്രായേല്‍ കാര്‍ഷിക മാതൃക അനുകരണീയമാണ് എന്ന നിലപാടാണ് ശ്രീനിവാസന്‍ പങ്കുവെച്ചിരുന്നത്.
ഇസ്രായേലിന്റെ കൃഷി രീതികള്‍ മികച്ചതാണെന്നും, അവസരം ലഭിച്ചാല്‍ അവിടം സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പലപ്പോഴായി വ്യക്തമാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us