Advertisment

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതി. ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നു, 17 പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റിയെന്നും സുപ്രീംകോടതി

New Update
H

പാലക്കാട്‌: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതി രംഗത്ത്. കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ നടപടിയിൽ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീം കോടതി പറഞ്ഞു.

Advertisment

ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നുവെന്നും പതിനേഴ് പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എൻഐഎ നൽകിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.

ജാമ്യത്തിനെതിരെ എൻഐഎ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത പ്രതികൾ നൽകിയ ഹർജി ഡിസംബർ 13ന് പരി​ഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

2022 ഏപ്രിൽ 16-നാണ് ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ വെട്ടിക്കൊല്ലുകയായിരുന്നു.

പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

കേസിൽ പ്രതികളായ 26 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ 17 പേർക്കും ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ എൻഐഎ നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.

Advertisment