/sathyam/media/media_files/2025/09/13/sruthi-2025-09-13-18-22-20.jpg)
കൊച്ചി: ശ്രുതിയെ ഓർക്കുന്നില്ലേ, വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ എല്ലാ ബന്ധുക്കളെയും നഷ്ടപ്പെട്ട അനാഥയായ പെൺകുട്ടി. ശ്രുതിയെ തിരിക ജീവിതത്തിലേയ്ക്ക് കൈപിടിച്ച് ഉയർത്തികൊണ്ടുവന്നത് തന്റെ പ്രണയിതാവായ ജെൻസൺ ആയിരുന്നു. എന്നാൽ ജീവിതത്തിൽ താങ്ങായി നിന്ന ജെൻസണെ വാഹനാപകടത്തിൽ മരണം തട്ടിയെടുത്തപ്പോൾ ശ്രുതി മാത്രമല്ല, കേരളമൊന്നാകെ തേങ്ങി.
അങ്ങനെ ജീവിതത്തെ അങ്ങേയറ്റം വെറുത്ത ശ്രുതിക്ക് സർക്കാർ ക്ലർക്ക് ആയി ജോലി നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ ശ്രുതിയെ ലക്ഷ്യം വെച്ച് ചിലർ സാമൂഹ്യ വിരുദ്ധർ അങ്ങേയറ്റം വെറുപ്പുളവാക്കുന്ന മെസേജുകളാണ് അയക്കുന്നത്. ജെൻസണെ അവൾ മറന്നെന്നും, ജെൻസണോടും, കേരളത്തോടും ശ്രുതി നന്ദികേട് കാണിച്ചുവെന്നും പറഞ്ഞ് അധിക്ഷേപിച്ചുകൊണ്ടാണ് ശ്രുതിക്ക് മെസജുകൾ വരുന്നതെന്ന് സാമൂഹ്യ പ്രവർത്തക താഹിറ കല്ലുമുറിക്കൽ പറയുന്നു.
ഇൻബോക്‌സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് ശ്രുതി തനിക്ക് ഷെയര്‍ ചെയ്തതായി സാമൂഹിക പ്രവര്‍ത്തക താഹിറ കല്ലുമുറിക്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ, അവള്‍ ചിരിച്ചാഘോഷിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്നു, ഇതൊക്കെ കാരണം അവള്‍ നന്ദിയില്ലാത്തവളായി മാറി എന്നൊക്കെയാണ് ഇന്‍ബോക്‌സില്‍ വരുന്ന അധിക്ഷേപങ്ങള്‍ എന്ന് താഹിറ പങ്കുവെക്കുന്നു.
ജെൻസണിന്‍റെ മരണത്തിന് മുൻപാണ് ശ്രുതിയെ പരിചയപ്പെടുന്നതെന്നും അവളുടെ സന്തോഷത്തിന്റെ വഴി കണ്ടെത്തി അവൾ ജീവിക്കാൻ പാടില്ല എന്ന് വിളിച്ചു പറയുന്ന മാന്യരായ മനുഷ്യരോട്, ഈ സംഭവിച്ചത് നിങ്ങൾക്കാണെങ്കിൽ നിങ്ങൾ ജനൽ കമ്പി പിടിച്ചു വിദൂരതയിലേക്ക് കണ്ണു നട്ട്, കണ്ണീർ പൊഴിച്ചിരുന്നോളൂ, പക്ഷെ അവൾ, അവളുടെ മനസാക്ഷിക്ക് ശെരി എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്ത് ജീവിച്ചു മുന്നോട്ട് പോകുക തന്നെ ചെയ്യട്ടെയെന്നും താഹിറ കുറിച്ചു.