സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കാര്‍ഷിക മേഖലയില്‍ സുസ്ഥിരത ഉറപ്പുവരുത്താനാകും: വിദഗ്ധര്‍

New Update
Huddle Global_Logo
തിരുവനന്തപുരം: കേരളത്തിന്‍റെ കാര്‍ഷിക മേഖലയ്ക്ക് സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഭാവി കെട്ടിപ്പടുക്കാന്‍ നൂതനാശയങ്ങളും ഉത്പന്നങ്ങളുമുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൂടെ സാധ്യമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബല്‍ 2025 ലെ പാനല്‍ ചര്‍ച്ചയില്‍ ലോകബാങ്ക് സീനിയര്‍ എക്കണോമിസ്റ്റ് അമാദോ ദേം, ഡിജിറ്റല്‍ എക്കോണമി ആന്റ് സൊസൈറ്റി ഗ്ലോബല്‍ പ്രാക്ടീസ് മാനേജര്‍ രവി ശങ്കര്‍ ചതുര്‍വേദി, നബാര്‍ഡ് സിജിഎം നാഗേഷ് കുമാര്‍ അനുമല, കേര പ്രോജക്ട് ഡയറക്ടറും അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറുമായ ഡോ. ബി. അശോക് എന്നിവര്‍ പങ്കെടുത്തു.  കെപിഎംജി പാര്‍ട്ണര്‍ ആനന്ദ് ശര്‍മ മോഡറേറ്ററായി. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉപയോഗിക്കാനാകണമെന്നും അവര്‍ പറഞ്ഞു.
 
ലോകബാങ്ക് പോലുള്ള സൗകര്യങ്ങള്‍ കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായകമാകുമെന്ന് ലോകബാങ്ക് സീനിയര്‍ എക്കണോമിസ്റ്റ് അമാദോ ദേം പറഞ്ഞു. നൂതന ഉത്പന്നങ്ങളുമായെത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്രാന്‍ഡിന്‍റെ ആവശ്യകതയുണ്ട്. ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് കേരളത്തില്‍ വ്യക്തമായ നിയമ ചട്ടക്കൂടും നയങ്ങളുമുള്ളത് ഗുണകരമാണ്. സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഒരു സ്റ്റാര്‍ട്ടപ്പിനെ വ്യക്തമായി നിര്‍വചിക്കാന്‍ സ്റ്റാര്‍ട്ടപ്പ് ആക്റ്റ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കതിര്‍ ആപ്പിലൂടെ കാര്‍ഷിക മേഖലയില്‍ ഉന്നമനമുണ്ടായതായി ഡിജിറ്റല്‍ എക്കോണമി ആന്റ് സൊസൈറ്റി ഗ്ലോബല്‍ പ്രാക്ടീസ് മാനേജര്‍ രവി ശങ്കര്‍ ചതുര്‍വേദി പറഞ്ഞു. കര്‍ഷക സമൂഹത്തിലേക്ക് ഡിജിറ്റല്‍ സംവിധാനങ്ങളുമായി കടന്നുചെല്ലുന്നതിനുള്ള ഒരു നൂതന ആശയമാണിത്. കതിര്‍ ആപ്പിന്‍റെ   ഉപയോഗം വര്‍ധിപ്പിക്കാനാകണം. കര്‍ഷകര്‍ക്ക് അനുയോജ്യമായ രീതിയില്‍ ആപ്പില്‍ മാറ്റം വരുത്താന്‍  കാര്‍ഷിക സര്‍വകലാശാലയുമായി സഹകരിച്ച് ഉള്ളടക്കം നിര്‍മ്മിക്കാനാകും. കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി ലിങ്കേജ് ലഭ്യമാക്കുന്ന കതിര്‍ 2.0 വരുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രാമീണ ബിസിനസ് ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ കര്‍ഷക സമൂഹത്തിന് ഉപയോഗപ്രദമാണെന്ന് നബാര്‍ഡ് സിജിഎം നാഗേഷ് കുമാര്‍ അനുമല പറഞ്ഞു. ഗ്രാമീണ മേഖലയിലെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ സഹായകമാകും.  കാര്‍ഷിക സര്‍വകലാശാലകളില്‍ നിലവില്‍ 1500-ലധികം ഇന്‍കുബേറ്റുകളും 471 സ്റ്റാര്‍ട്ടപ്പുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രോട്ടോടൈപ്പുകളേയും ലാഭകരമായ സ്റ്റാര്‍ട്ടപ്പുകളേയും പിന്തുണയ്ക്കാന്‍ ഇത്തരം കേന്ദ്രങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാര്‍ഷിക മേഖലയ്ക്കാവശ്യമായ നൂതന സംവിധാനങ്ങളുമായെത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വിവിധ പദ്ധതികളിലാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കേര പ്രോജക്ട് ഡയറക്ടറും അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറുമായ ഡോ. ബി. അശോക് പറഞ്ഞു.
Advertisment
Advertisment