പുലികളി സംഘങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

New Update
Pulikkali
തൃശൂര്‍:ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ പുലികളിയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തൃശൂര്‍ ജില്ലയിലെ എട്ട് പുലികളി സംഘങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഓരോ സംഘത്തിനും 50,000 രൂപ വീതം അനുവദിക്കാനാണ് ടൂറിസം ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്.

കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ പാരമ്പര്യ കലാരൂപമാണ് പുലികളി. അതിന്റെ മുഴുവന്‍ ക്രെഡിറ്റും തൃശൂരിന് അവകാശപ്പെട്ടതാണ്. സാമൂഹിക ഐക്യവും പങ്കാളിത്തവും പ്രതിഫലിപ്പിക്കുന്ന ഈ ജനകീയ കലാരൂപം ആയിരക്കണക്കിന് ആളുകളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

തൃശൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാനും ജില്ലാ കളക്ടറുമാണ് പുലികളി സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഓണം കഴിഞ്ഞ് നാലാം ദിവസം അവതരിപ്പിക്കുന്ന സാംസ്‌കാരിക പ്രധാന്യമുള്ള ടൈഗര്‍ ഡാന്‍സ് എന്ന നാടന്‍ കലാരൂപത്തെപ്പറ്റി അപേക്ഷയില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

കൂടുതല്‍ കലാകാരന്‍മാരെ ഉള്‍പ്പെടുത്തുന്നതിനും ആരോഗ്യകരമായ ബോഡി പെയിന്റുകള്‍, മികച്ച വസ്ത്രങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയ്ക്കുമായി ഫണ്ടിംഗ് ആവശ്യമാണ്. ധനസഹായം അനുവദിക്കുന്നതിലൂടെ 400 ലധികം കലാകാരന്‍മാര്‍ക്ക് നേരിട്ട് സഹായം ലഭ്യമാകും. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം വര്‍ദ്ധനവും 2.53 കോടി രൂപയുടെ പ്രാദേശിക സാമ്പത്തിക നേട്ടങ്ങള്‍ക്കും ഇത് വഴിവയ്ക്കും. മാത്രമല്ല, ബ്രാന്‍ഡ് കേരള പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സൗഹാര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് കരുത്തു പകരും.

വിഷയം വിശദമായി പരിശോധിച്ച സര്‍ക്കാര്‍ പുലികളിയെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രധാന ഭാഗമായി നിലനിര്‍ത്തുന്നതില്‍ പുലികളി സംഘങ്ങള്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്ക് കണക്കിലെടുത്താണ് ധനസഹായം അനുവദിച്ചത്.
Advertisment