/sathyam/media/media_files/2025/08/21/polish_20250821_153351885-2025-08-21-21-03-46.jpg)
തിരുവനന്തപുരം: 'സംസ്ഥാന കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള 2025' (Hathkargha Mela 2025) പാളയം എല്‍എംഎസ് ഫെയര്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. പരമ്പരാഗത കൈത്തറിമേഖലയെ സംരക്ഷിക്കുന്നതിനും വിവിധ സംസ്ഥാനങ്ങളിലെ തനത് കൈത്തറി ഉല്‍പ്പന്നങ്ങളുടെ മേന്മയും പ്രാധാന്യവും വൈവിധ്യവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും അത് വഴി നെയ്ത്തു തൊഴിലാളികളെ സഹായിക്കുന്നതിനുമായിയാണ് മേള സംഘടിപ്പിക്കുന്നത്. കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രാലയം, വീവേഴ്‌സ് സര്‍വീസ് സെന്റര്‍, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം, കൈത്തറി വികസന സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിപണന മേള സെപ്റ്റംബര്‍ 04 വരെയാണ്.
കേരളത്തിന്റെ തനതായ കൈത്തറി ഉല്‍പ്പന്നങ്ങളായ ബാലരാമപുരം പുളിയിലക്കര മുണ്ടുകള്‍, സാരികള്‍, പരമ്പരാഗത കുത്താംപുള്ളി സാരികള്‍, കണ്ണൂര്‍ ഫര്‍ണിഷിങ്, കാസര്‍ഗോഡ് സാരികള്‍, ഹാന്റക്‌സ്, ഹാന്‍ഡ് വീവ്് തുണിത്തരങ്ങളുടെ വൈവിധ്യങ്ങളായ ശേഖരം 20% സര്‍ക്കാര്‍ റിബേറ്റിലും, കരകൗശല മേഖലയിലെ വിവിധങ്ങളായ ഉല്‍പ്പന്നങ്ങളും, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലുങ്കാന, ജാര്‍ഖണ്ഡ്, തമിഴ്നാട്, ബീഹാര്‍, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ ഇതര സംസ്ഥാനങ്ങളിലെ വൈവിധ്യമാര്‍ന്ന കൈത്തറി കരകൗശല ഉല്‍പ്പന്നങ്ങളും ഈ മേളയില്‍ ലഭ്യമാണ്.
മേള സന്ദര്‍ശിക്കുന്നവര്‍ക്ക് പരമ്പരാഗത തറിയും, ചര്‍ക്കയും, കരകൗശല ഉല്‍പ്പന്നങ്ങളും നേരിട്ട് കാണാം. സ്റ്റാളുകളില്‍ നിന്നും കൈത്തറി വസ്ത്രങ്ങള്‍ വാങ്ങുന്നവര്‍ക്ക് സെല്‍ഫി മത്സരം, കൂപ്പണ്‍ നറുക്കെടുപ്പ്, മെഗാ ബമ്പര്‍ നറുക്കെടുപ്പ് തുടങ്ങിയവയും ഉണ്ടാകും. നിയമ, വ്യവസായ, കയര്‍ മന്ത്രി പി. രാജീവ് സംസ്ഥാന കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ മുഖ്യാതിഥിയായി. കൈത്തറി വസ്ത്ര ഡയറക്ടര്‍ ഡോ.കെ.എസ് കൃപകുമാര്‍, ഹാര്‍ടെക്‌സ് കണ്‍വീനര്‍ രവീന്ദ്രന്‍ പി.വി, കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി രാമഭദ്രന്‍, കൈത്തറി സഹകരണ സംഘം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എം ബഷീര്‍, കൈത്തറി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.സുബോധന്‍ ജി, പത്മശ്രീ പി.ഗോപിനാഥന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ദിനേഷ് ആര്‍ നന്ദി പറഞ്ഞു.