ക്ഷീരസഹകരണ മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ട് 'സഹകരണത്തിലൂടെ സമൃദ്ധി' സംസ്ഥാനതല സെമിനാര്‍

New Update
milma

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര സഹകരണ വര്‍ഷത്തോടനുബന്ധിച്ച് ദേശീയ ക്ഷീരവികസന ബോര്‍ഡും (എന്‍ഡിഡിബി) മില്‍മയും സംയുക്തമായി 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന വിഷയത്തില്‍ സംസ്ഥാനതല ഏകദിന സെമിനാര്‍ സംഘടിപ്പിക്കും.

ഇന്ന് (ഒക്ടോബര്‍ 11) രാവിലെ 10 ന് തിരുവനന്തപുരം പാളയം കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി സെമിനാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ സഹകരണ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തും.

സഹകരണ മേഖലയിലെ നേട്ടങ്ങളും അനുഭവങ്ങളും പങ്കുവച്ച് ഭാവി പുരോഗതി ചര്‍ച്ച ചെയ്യാനുള്ള പ്രധാന വേദിയായി സെമിനാര്‍ മാറും. എന്‍ഡിഡിബി, മില്‍മ, ക്ഷീര വികസന വകുപ്പ്, നബാര്‍ഡ്, കേരള ബാങ്ക്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്), എന്‍എസ് സഹകരണ ആശുപത്രി തുടങ്ങിയ സഹകരണ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ സെമിനാറിലെ ചര്‍ച്ചകള്‍ നയിക്കും. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കും സെമിനാര്‍ വഴിയൊരുക്കും.

ക്ഷീര മേഖല, ബാങ്കിംഗ്, ആരോഗ്യ സംരക്ഷണം, തൊഴില്‍ തുടങ്ങി വിവിധ സഹകരണ മേഖലകളിലെ വിദഗ്ധരെ ഒരുമിപ്പിക്കുകയും അതുവഴി പരസ്പര സഹകരണം, വിജ്ഞാനകൈമാറ്റം ഇവയിലൂടെ ക്ഷീരസഹകരണ മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്ക് വേദിയൊരുക്കുകയുമാണ് സെമിനാറിന്‍റെ പ്രധാന ലക്ഷ്യമെന്ന് കെ.എസ് മണി പറഞ്ഞു. ദേശീയ ക്ഷീരവികസന ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ ഫ്ളഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ് ഇന്ത്യയിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്. മലയാളിയും ധവള വിപ്ലവത്തിന്‍റെ പിതാവുമായ വര്‍ഗീസ് കുര്യന്‍ ദേശീയ ക്ഷീരവികസന ബോര്‍ഡിന്‍റെ നെടുംതൂണായി പ്രവര്‍ത്തിച്ചത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെമിനാര്‍ ഉദ്ഘാടന ചടങ്ങില്‍ ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മീനേഷ് സി ഷാ അധ്യക്ഷത വഹിക്കും. മില്‍മ ചെയര്‍മാന്‍ കെ.എസ് മണി സ്വാഗതപ്രസംഗം നടത്തും. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, മില്‍മ തിരുവനന്തപുരം യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, മില്‍മ എറണാകുളം യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍ വത്സലന്‍ പിള്ള, കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിയ്ക്കല്‍, കേരള ബാങ്ക് സിഇഒ ജോര്‍ട്ടി എം ചാക്കോ, യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, എന്‍എസ് സഹകരണ ആശുപത്രി പ്രസിഡന്‍റ് പി. രാജേന്ദ്രന്‍, മില്‍മ എം.ഡി ആസിഫ് കെ യൂസഫ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും.

മില്‍മ ഭരണസമിതി അംഗങ്ങളായ വി.എസ് പത്മകുമാര്‍, കെ.ആര്‍ മോഹനന്‍ പിള്ള, ബീന പി.വി, സത്യന്‍ ടി.എന്‍, ജോണ്‍സണ്‍ കെ.കെ, താര ഉണ്ണികൃഷ്ണന്‍, ബിന്ദു കെ., ശ്രീനിവാസന്‍ പി., നാരായണന്‍ പി.പി, കോരന്‍ .കെ എന്നിവര്‍ സംബന്ധിക്കും. എന്‍ഡിഡിബി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റോമി ജേക്കബ്ബ് നന്ദി പ്രകാശിപ്പിക്കും.

ദേശീയ ക്ഷീര വികസന ബോര്‍ഡിന്‍റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചടങ്ങില്‍ കേരളത്തിലെ ധവള വിപ്ലവത്തിന് നേതൃത്വം വഹിച്ച സഹകരണ പ്രസ്ഥാനങ്ങളെ ആദരിക്കും. മികച്ച ക്ഷീരകര്‍ഷകര്‍ക്കും കൃത്രിമ ബീജാധാന പ്രവര്‍ത്തകര്‍ക്കും ക്ഷീരസഹകരണ സംഘങ്ങള്‍ക്കുമുള്ള പുരസ്കാരങ്ങളും നല്‍കും.

സെമിനാറില്‍ രാവിലെ 11.30 ന് നടക്കുന്ന ആദ്യ സെഷനില്‍ 'ക്ഷീരകര്‍ഷകരുടെ സമ്പല്‍സമൃദ്ധിക്കായി ക്ഷീരസഹകരണ മേഖലയെ ശാക്തീകരിക്കുന്നതിലും സുസ്ഥിരമായി വളര്‍ത്തിയെടുക്കുന്നതിനുമുള്ള മില്‍മയുടെ പങ്ക്' എന്ന വിഷയത്തില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി സംസാരിക്കും. തുടര്‍ന്ന് 'കേരളത്തിന്‍റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ ക്ഷീര മേഖലയുടെ പങ്ക്' എന്ന വിഷയത്തില്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയസുജീഷ് ജെ.എസ്, 'നബാര്‍ഡിന്‍റെ സാമ്പത്തിക പിന്തുണയിലൂടെ സഹകരണ മേഖലയെ സുസ്ഥിരമാക്കാനുള്ള ശ്രമങ്ങള്‍' എന്ന വിഷയത്തില്‍ നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജിക്സി റാഫേല്‍, 'സമൂഹത്തെ ശാക്തീകരിക്കുന്നതിലും സഹകരണ ആവാസവ്യവസ്ഥ സുദൃഢമാക്കുന്നതിനും സഹകരണ ബാങ്കിംഗ് മേഖലയുടെ പങ്ക്' എന്ന വിഷയത്തില്‍ കേരള ബാങ്ക് ഭരണസമിതി അംഗം ബി. പരമേശ്വരന്‍ പിള്ള, 'തൊഴിലാളി വര്‍ഗത്തിന്‍റെ കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ശക്തിയും യുഎല്‍സിസിഎസ് മാതൃകയും' എന്ന വിഷയത്തില്‍ യുഎല്‍സിസിഎസ് സിഒഒ കിഷോര്‍കുമാര്‍ ടി.കെ, 'സഹകരണ മേഖലയുടെ സാന്ത്വന സ്പര്‍ശം-സമ്പൂര്‍ണ ആരോഗ്യരക്ഷയുടെ മാതൃക' എന്ന വിഷയത്തില്‍ കൊല്ലം എന്‍എസ് സഹകരണ ആശുപത്രി സെക്രട്ടറി പി. ഷിബു എന്നിവരും സംസാരിക്കും.

പത്രസമ്മേളനത്തില്‍ മില്‍മ തിരുവനന്തപുരം യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, മില്‍മ എറണാകുളം യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍ വത്സലന്‍ പിള്ള, എന്‍ഡിഡിബി എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്. രാജീവ്, എന്‍ഡിഡിബി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റോമി ജേക്കബ്ബ്, മില്‍മ എം.ഡി ആസിഫ് കെ യൂസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment
Advertisment