/sathyam/media/media_files/2024/12/09/tJBUNv6QfOOTwucz4I1R.jpg)
തിരുവനന്തപുരം: തലസ്ഥാനത്ത് വിദേശ ടൂര്‍പാക്കേജിന്റെ പേരില്‍ തട്ടിപ്പ്. ദുബായ്, ലണ്ടന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് യാത്ര വാഗ്ദാനം ചെയ്ത് 85000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. ചെട്ടിക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് കേസ്. നന്തന്‍കോട് സ്വദേശി ഡോ. ജിതു ഗോഡ്വിനാണ് പരാതിക്കാരന്‍. ഒട്ടേറെപ്പേര്‍ തട്ടിപ്പിനിരയായതായി വഞ്ചിയൂര്‍ പൊലീസ് പറയുന്നു.
15 ദിവസത്തേക്ക് കുടുംബസമേതം യാത്രയൊരുക്കുന്നുവെന്ന് വാഗ്ദാനം നല്‍കിയാണ് പരാതിക്കാരനില്‍ നിന്ന് പണം വാങ്ങിയത്. യാത്രയ്ക്ക് സംവിധാനമൊരുക്കിയില്ലെന്ന് മാത്രമല്ല, ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.
നഗരത്തിലെ മാളുകളില്‍ ഇവര്‍ നല്‍കുന്ന കൂപ്പണുകളിലൂടെ ആളുകളുടെ ഫോണ്‍ നമ്പരുകള്‍ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ലക്കി ഡ്രോയില്‍ വിജയികളായെന്നും 15 മുതല്‍ 30 ദിവസം വരെ ടൂര്‍ കാലാവധിയില്‍ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസമെന്ന് വിശ്വസിപ്പിച്ചാണ് ഒന്നര ലക്ഷം വരെ ഇവര്‍ കൈക്കലാക്കുന്നത്.
ചെലവിനെ അപേക്ഷിച്ച് തുഛമായ തുക ആയതിനാല്‍ ആളുകള്‍ വിശ്വസിക്കും. പോകേണ്ട ദിവസമാകുമ്പോള്‍ ഫോണ്‍ എടുക്കാതിരിക്കുകയും പിന്നീട് വിളിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇതര സംസ്ഥാനക്കാരെ വച്ച് മലയാളികള്‍ നടത്തുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.