/sathyam/media/media_files/2025/06/15/a6NltmKvULdmChfXnhui.jpg)
കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയിൽ തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള നടപടികൾക്ക് തുടക്കമിട്ട് സർക്കാർ.
ശബരി പാതയെ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനായി തിരുവനന്തപുരം (ബാലരാമപുരം) വരെ നീട്ടുന്നതിനുള്ള ആലോചനകളും സര്‍ക്കാര്‍ തലത്തില്‍ സജീവമാണ്.
അങ്കമാലി മുതൽ എരുമേലി വരെയുള്ള പാതയുടെ സ്ഥലം ഏറ്റടുപ്പിനായി പദ്ധതിയുടെ പകുതി തുകയായ 1900 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കാൻ തീരുമാനമായിരുന്നു.
ചരിത്രത്തിൽ ആദ്യമായാണ് റെയിൽവേ പദ്ധതിക്കായി പണം നൽകേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാകുന്നത്.
ഇതോടൊപ്പമാണ് തിരുവനന്തപുരത്തേക്കു പാത നീട്ടാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ മൂന്നാമത്തെ സമാന്തര റെയില്‍വേ ലൈനായി ശബരി പാത മാറും.
പാത നീട്ടാനുള്ള പഠനത്തിന് ഇന്നലെ രണ്ടുകോടി അനുവദിച്ചിരുന്നു. നിലവിൽ എരുമേലി വരെയുള്ള പാത പത്തനംതിട്ട-പുനലൂർ-നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടുകയാണ് ലക്ഷ്യം.
ഇതിനുള്ള പഠനത്തിനും പദ്ധതിരേഖ തയ്യാറാക്കലിനും കെ-റെയിലിനെയാകും ചുമതലപ്പെടുത്തുക. പാത വിഴിഞ്ഞത്തേക്ക് നീട്ടാനുള്ള ചെലവ് 4800 കോടിയെന്നാണ് കണക്കാക്കുന്നത്. വിഴിഞ്ഞത്തേക്ക് ശബരിപാത നീട്ടിയാൽ ആകെ 26 പുതിയ റെയിൽവേ സ്റ്റേഷനുകൾ ലഭിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം സംസ്ഥാനത്താകെ ലഭ്യമാകാൻ ശബരി റെയിൽ വിഴിഞ്ഞത്തേക്ക് നീട്ടേണ്ടത് അനിവാര്യമാണെന്നു സർക്കാർ വിലയിരുത്തൽ.
തുറമുഖങ്ങളിലേക്ക് റെയിൽ കണക്ടിവിറ്റിയൊരുക്കാനുള്ള റെയിൽസാഗർ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ കേന്ദ്രഫണ്ട് ലഭിക്കും.
റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട, ബാലരാമപുരം വഴി വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടാനാണ് പഠനം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ബാലരാമപുരം സ്റ്റേഷനിൽനിന്ന് ബ്രോഡ്‌ഗേജ് പാത നിർമ്മിക്കുന്നുണ്ട്. ഇതുമായി ശബരിപാതയെ ബന്ധിപ്പിക്കുന്നതാണ് പരിഗണനയിൽ.
നിലവിലുള്ള തിരക്കേറിയ റെയിൽപാതയിലൂടെ കൂടുതൽ ചരക്കുട്രെയിനുകളോടിക്കാനുള്ള തടസം മറികടക്കാനാണ് ശബരിപാതയെ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്ന സമാന്തര പാതയാക്കണമെന്ന് ആവശ്യപ്പെടുന്നത്.
വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടിയാൽ അങ്കമാലി-മൂവാറ്റുപുഴ-എരുമേലി-പുനലൂർ-നെടുമങ്ങാട്-വിഴിഞ്ഞം ഗ്രീൻഫീൽഡ് റെയിൽ ചരക്ക് ഇടനാഴി നിർമ്മിക്കാനാവും.
നിലവിലെ റെയിൽ-ദേശീയ പാതകൾ ജനസാന്ദ്രതയേറിയ മേഖലകളിലായതിനാൽ അവിടെ വ്യവസായ വികസനത്തിന് ഭൂമിക്ക് സാദ്ധ്യത കുറവാണ്.
നെടുമങ്ങാട്, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, കോതമംഗലം താലൂക്കുകളിൽ സർക്കാർ പാട്ടത്തിന് കൊടുത്തിരിക്കുന്നതും അല്ലാത്തതുമായ എസ്റ്റേറ്റുകൾ വ്യവസായ സംരംഭങ്ങൾക്കായി ഏറ്റെടുത്താൽ തുറമുഖ അനുബന്ധ സംരംഭങ്ങൾ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാവുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us