തിരുവനന്തപുരം: ദേശിയ പണിമുടക്ക് കെ.എസ്.ആർ.ടി.സിയെ ബാധിക്കില്ലെന്ന് പ്രസ്താവന നടത്തിയ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ തിരുത്തി സി.പി.എം നേതൃത്വം.
യൂണിയനുകൾ പണിമുടക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും ജീവനക്കാരാകെ സന്തുഷ്ടരാണെന്നുമുളള ഗണേഷ് കുമാറിൻെറ പ്രസ്താവനയെയാണ് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പരസ്യമായി തിരുത്തിയത്.
കെ.എസ്.ആർ.ടി.സി നാളെ റോഡിലിറങ്ങുന്ന പ്രശ്നം ഇല്ലെന്നും കോർപ്പറേഷൻ പൂർണമായും സ്തംഭിക്കുമെന്നുമാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ടി.പി.രാമകൃഷ്ണൻെറ തിരുത്ത്.
നോട്ടീസ് നൽകിയിട്ടില്ലെന്ന ഗണേഷ് കുമാറിൻെറ പ്രസ്താവനയേയും ടി.പി.രാമകൃഷ്ണൻ പരിഹസിച്ചു." പണിമുടക്കിന് യൂണിയനുകൾ നിയമാനുസൃതം നോട്ടീസ് നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ മാനേജ്മൻ്റിനാണ് നോട്ടീസ് നൽകിയത്.
നോട്ടീസ് നൽകിയില്ല എന്ന മന്ത്രിയുടെ പ്രസ്താവന തീർത്തും അടിസ്ഥാനരഹിതമാണ് കെ.എസ്.ആർ.ടി.സി പണിമുടക്കിൽ പങ്കെടുക്കില്ല എന്ന വിവരം ഏത് കേന്ദ്രത്തിൽ നിന്നാണ് വന്നതെന്ന് അറിയില്ല. കെ.എസ്.ആർ.ടി.സി നാളെ തെരുവിലിറക്കുന്ന പ്രശ്നമില്ല.
കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം പൂർണമായും സ്തംഭിക്കും. ദേശിയ പണിമുടക്കിൽ കോർപ്പറേഷനെ ബാധിക്കില്ലെന്ന് മന്ത്രി പറയരുത്. മന്ത്രിയല്ല കോർപ്പറേഷൻെറ മാനേജ്മെൻറ്. മന്ത്രി സർക്കാരിൻ്റെ ഭാഗമാണ്. മന്ത്രിക്കല്ല പണിമുടക്ക് നോട്ടീസ് നൽകേണ്ടത്" ടി.പി.രാമകൃഷ്ണൻ തുറന്നടിച്ചു.
നോട്ടീസ് തളളിയിട്ടില്ലെന്ന മന്ത്രിയുടെ പ്രസ്താവനയെ എതിർത്ത് കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകളും രംഗത്തെത്തി. ദേശിയ പണിമുടക്ക് കെ.എസ്.ആർ.ടി.സിയെ നിശ്ചലമാക്കും എന്നാണ് തൊഴിലാളി യൂണിയനുകളുടെ പ്രതികരണം.
സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകൾക്ക് കീഴിലുളള കെ.എസ്.ആർ.ടി.സിയിലെ സംഘടനകൾ നാളെ പണിമുടക്കുന്നുണ്ട്. ബി.ജെ.പി അനുകൂല ട്രേഡ് യൂണിയനായ ബി.എം.എസ് യൂണിയൻ മാത്രമാണ് പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുന്നത്.
അംഗീകാരമുളള സംഘടനയാണ് ബി.എം.എസ് എങ്കിലും മറ്റ് യൂണിയനുകളെല്ലാം പണി മുടക്കുന്നതോടെ കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം സ്തംഭിക്കാനാണ് സാധ്യത.
ദേശിയ പണിമുടക്കിനെ തളളിപ്പറയുന്ന തരത്തിലുളള ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവനയിൽ സി.പി.എം നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്. അതുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ തന്നെ അതിനെ തളളിപ്പറഞ്ഞുകൊണ്ട് പ്രധാന നേതാക്കൾ തന്നെ രംഗത്തെത്തിയത്.
സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് കൂടിയായ ടി.പി രാമകൃഷ്ണൻ പതിവ് സൗമ്യത വിട്ട് കർശനമായ സ്വരത്തിലാണ് ഗണേഷ് കുമാറിന് മറുപടി നൽകിയത്. തൊഴിലാളികളെയും അവരുടെ യൂണിയനുകളെയും അംഗീകരിക്കാൻ കൂട്ടാക്കാത്ത സമീപനമാണ് ഗണേഷ് കുമാറിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്നതെന്ന് നേരത്തെ തന്നെ സി.പി.എം നേതാക്കൾക്ക് വിമർശനമുണ്ട്.
ഇതിൻെറ ഏറ്റവും ഒടുവിലത്തെ ഉദാഹരണം എന്ന നിലയിലാണ് ദേശിയ പണിമുടക്കിനെ തളളിപ്പറഞ്ഞു കൊണ്ടുളള പ്രസ്താവനയെ വീക്ഷിക്കുന്നത്.
പണിമുടക്കിനെ തന്നെ തളളിപ്പറയുന്ന സമീപനത്തെ അംഗീകരിക്കേണ്ടെന്ന തീരുമാനത്തിലാണ് മന്ത്രിയെ പരസ്യമായി തിരുത്താൻ തീരുമാനിച്ചത്. തൊഴിലാളി സംഘടനകൾ എല്ലാ മേഖലയിലും സമരം വിജയിക്കണമെന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.
ആ നിലപാടിന് ഒപ്പമാണ് പാർട്ടിയും. സംഘടനകൾ പണിമുടക്കിലേക്ക് പോകുമ്പോൾ അവർ ചെയ്യേണ്ട കർത്തവ്യങ്ങൾ അവർ നിറവേറ്റുമെന്ന ടി.പി. രാമകൃഷ്ണൻെറ മറുപടിയിൽ മന്ത്രിയുടെ പ്രസ്താവനയോടുളള അനിഷ്ടം വ്യക്തമാണ്.