വെല്ലുവിളി നിറഞ്ഞ ആഗോള സാഹചര്യത്തില്‍ ശക്തമായി പ്രതികരിക്കുന്ന നേതൃനിര അനിവാര്യം: ടിഎംഎ മാനേജ്മെന്‍റ് കണ്‍വെന്‍ഷനിലെ പാനലിസ്റ്റുകള്‍

New Update
TRIMA 2025 JHIKJ
തിരുവനന്തപുരം: ഭൗമരാഷ്ട്രീയ സങ്കീര്‍ണ്ണതകളുടേയും ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങളുടേയും സാഹചര്യത്തില്‍ ഓരോ മേഖലയിലും മികച്ച നേതൃത്വത്തിനുള്ള പ്രസക്തി വര്‍ദ്ധിച്ചതായി തിരുവനന്തപുരം മാനേജ്മെന്‍റ് അസോസിയേഷന്‍റെ (ടിഎംഎ) മാനേജ്മെന്‍റ് കോണ്‍ക്ലേവിന്‍റെ രണ്ടാംദിന സെഷനില്‍ പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.

ടിഎംഎയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന കണ്‍വെന്‍ഷന്‍റെ പ്രമേയം 'ലീഡര്‍ഷിപ്പ് ഫോര്‍ എമര്‍ജിംഗ് വേള്‍ഡ് - നാവിഗേറ്റിംഗ് ടെക്നോളജി, എന്‍റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് സോഷ്യല്‍ വെല്‍-ബീയിംഗ്' എന്നതാണ്.
 
സമകാലീന ലോകത്തെ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ അതിവേഗം മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന ലോകത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളോട് സംവേദനക്ഷമതയുള്ളവരായിരിക്കണമെന്ന് എയര്‍ മാര്‍ഷല്‍ (റിട്ട) ഐപി വിപിന്‍ പറഞ്ഞു. 'ഊര്‍ജ്ജസ്വലമായ നേതൃത്വത്തിനായി മാറ്റങ്ങളെയും നവീകരണത്തെയും സ്വീകരിക്കല്‍' എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹമിപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്ന് ഗൂഗിള്‍ ക്ലൗഡ് എംഡി ശശികുമാര്‍ ശ്രീധരന്‍ പറഞ്ഞു. വ്യത്യസ്ത സാഹചര്യങ്ങളില്‍ ഓരോരുത്തരും നേരിടുന്ന വെല്ലുവിളികള്‍ വ്യത്യസ്തമാകാമെന്നതിനാല്‍ പ്രതികരണങ്ങളും വ്യത്യസ്തമായിരിക്കണം. പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള ധൈര്യം, തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള പ്രതിബദ്ധത, മികച്ച ആശയവിനിമയശേഷി, തുടര്‍ച്ചയായ പഠനത്തിനുള്ള സന്നദ്ധത എന്നിവയാണ് വെല്ലുവിളികളെ മറികടക്കാന്‍ നേതൃത്വത്തെ സഹായിക്കുന്ന നിര്‍ണായക ഘടകങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ബിസിനസിലെ മാറ്റങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ ധാരാളം അവസരങ്ങള്‍ കണ്ടെത്താനും സാക്ഷാത്കരിക്കാനും സാധിക്കുമെന്ന് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി അജു ജേക്കബ് പറഞ്ഞു. അതേസമയം ഈ മാറ്റങ്ങള്‍ക്കിടയില്‍ ചില മൂല്യങ്ങള്‍ സ്ഥിരമായി തുടരുന്നുണ്ട്. ഉപഭോക്താക്കള്‍ അതീവശ്രദ്ധ ചെലുത്തുന്നത് കൊണ്ട് ഉത്പന്നങ്ങളുടെ ഗുണനിലവാരം, ഉത്പാദന പ്രക്രിയകളിലെ മൂല്യാധിഷ്ഠിത രീതികള്‍ എന്നിങ്ങനെയുള്ളവയ്ക്ക് മാറ്റം വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോര്‍ഡ് റൂമുകള്‍ക്കുള്ളില്‍ തയ്യാറാക്കുന്ന പദ്ധതികളിലൂടെ വളര്‍ച്ച നിര്‍ണ്ണയിക്കപ്പെടുന്നില്ല എന്ന സാഹചര്യത്തില്‍ നേതൃത്വം സൂക്ഷ്മതയുള്ളവരും ഏറ്റവും ചെറിയ തടസ്സങ്ങളോട് പ്രതികരിക്കുന്നവരായിരിക്കണമെന്ന് ട്രാവന്‍കൂര്‍ കൊക്കോടഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ അര്‍ജുന്‍ മഹാദേവന്‍ പറഞ്ഞു. ഒരു സംരംഭത്തിലെ അവസാന വ്യക്തിയെ കൂടി പരിഗണിച്ചുകൊണ്ട് ഏറ്റവും ചെറിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ പാകത്തിലുള്ള ഒരു മാനസികാവസ്ഥ വളര്‍ത്തിയെടുക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സാമൂഹിക ക്ഷേമം - നിലവിലെ പ്രതിസന്ധി' എന്ന വിഷയത്തില്‍ ഡോക്ടര്‍മാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട പാനല്‍ ചര്‍ച്ചയില്‍ കേരളം നേരിടുന്ന ചില സാമൂഹികവും ആരോഗ്യപരവുമായ വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് കൂട്ടായ ശ്രമങ്ങള്‍ നടത്തണമെന്ന അഭിപ്രായമുയര്‍ന്നു.

സാങ്കേതിക പുരോഗതിയുടെയും സാമ്പത്തിക വികസനത്തിന്‍റെയും ആത്യന്തിക ലക്ഷ്യം സാമൂഹിക ക്ഷേമമാണെന്ന് സെഷന്‍റെ അധ്യക്ഷനായ കേരള മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഐപിഎസ് പറഞ്ഞു. സമാധാനവും സാമൂഹിക ക്ഷേമവും അഭിവൃദ്ധിക്കുള്ള മാര്‍ഗങ്ങളാണ്. നമ്മള്‍ ശരിയായ പാതയിലാണോ എന്ന ചോദ്യം നമ്മള്‍ സ്വയം ചോദിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തെ സാവധാനത്തില്‍ ബാധിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക പ്രതിസന്ധി നേതൃത്വപരമായ ശൂന്യതയെ തുറന്നുകാട്ടുന്നുണ്ടെന്ന് കിംസ്ഹെല്‍ത്ത് സിഎംഡി ഡോ. എം. ഐ. സഹദുള്ള പറഞ്ഞു. ഒരു സമൂഹമെന്ന നിലയില്‍ ആശങ്കപ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്. അതിന്‍  മേല്‍ അടിയന്തിര ശ്രദ്ധയും ശക്തമായ പ്രതികരണവും ആവശ്യമാണ്. സാമൂഹ്യ-കുടുംബ സംവിധാനത്തിലെ തകര്‍ച്ച, തൊഴില്‍ സംബന്ധമായ ആശങ്കകള്‍, തൊഴില്‍ സാഹചര്യങ്ങളിലെ ന്യൂനതകള്‍, പ്രായമായവരുടെ ഒറ്റപ്പെടല്‍, വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍-മൊബൈല്‍ ഉപയോഗം, സാമൂഹ്യ-രാഷ്ട്രീയ ധ്രുവീകരണം എന്നിവയാണ് അടിയന്തിരമായും ഫലപ്രദമായും പരിഹരിക്കേണ്ട ചില പ്രശ്നങ്ങളെന്നും ഡോ. സഹദുള്ള പറഞ്ഞു.
Advertisment

ഉയര്‍ന്ന ആത്മഹത്യാ നിരക്ക്, വിഷാദരോഗം, കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തുടങ്ങി സംസ്ഥാനം നേരിടുന്ന നിരവധി സാമൂഹികവും മാനസികവുമായ ആരോഗ്യ വെല്ലുവിളികളുടെ കാതല്‍ മതിയായ മാനുഷിക ബന്ധത്തിന്‍റെ അഭാവമാണെന്ന് തിരുവനന്തപുരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ സൈക്യാട്രി പ്രൊഫസര്‍ ഡോ. അരുണ്‍ ബി. നായര്‍ പറഞ്ഞു.  ഈ സാമൂഹ്യ അവസ്ഥ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് യുവതലമുറയെയാണ്. ഇത് പലപ്പോഴും മോശം പെരുമാറ്റത്തിലേക്കും ലഹരിവസ്തുക്കളുടെ ആസക്തിയിലേക്കും അവരെ നയിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹിക ക്ഷേമം എന്നത് ഒരാള്‍ എത്രത്തോളം സാമൂഹികമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് എഡിജിപി എസ് ശ്രീജിത്ത് ഐപിഎസ് പറഞ്ഞു. സ്വന്തം സുരക്ഷയുടെ അടിസ്ഥാനത്തില്‍ വിജയവും സന്തോഷവും നിര്‍ണ്ണയിക്കുന്ന ഒരു സമൂഹമായി കേരളം മാറിയിരിക്കുന്നു. വിജയത്തിന് സന്തോഷവുമായി ഒരു പരിധിക്കപ്പുറം ബന്ധമില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1985 ല്‍ സ്ഥാപിതമായ ടിഎംഎ മാനേജ്മെന്‍റ് മികവ് പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസനം വളര്‍ത്തുന്നതിനും പ്രതിജ്ഞാബദ്ധരായ സിഇഒമാര്‍, വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ മുന്‍നിര മാനേജ്മെന്‍റ് അസോസിയേഷനുകളില്‍ ഒന്നാണ്. അഖിലേന്ത്യാ മാനേജ്മെന്‍റ് അസോസിയേഷനില്‍ (എഐഎംഎ) ടിഎംഎ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
Advertisment