/sathyam/media/media_files/2025/08/17/1000210876-2025-08-17-20-57-03.webp)
കാസര്‍കോട്: കാസര്‍കോട് കുണ്ടംകുഴിയില്‍ അധ്യാപകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റതായി പരാതി. കുണ്ടംകുഴി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് ഹെഡ്മാസ്റ്ററുടെ ക്രൂരമര്‍ദനമേറ്റത്.
മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണപുടത്തിന് പരിക്കേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. 11ാം തീയ്യതി തിങ്കളാഴ്ചയായിരുന്നു സംഭവം.
അസംബ്ലിക്കിടെ കാലുകൊണ്ട് ചരല്‍ നീക്കിയതിനാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചത് എന്നാണ് ബന്ധുക്കളുടെ ആരോപണം.
മറ്റ് കുട്ടികളുടെ മുന്നില്‍ വച്ചാണ് അധ്യാപകന്‍ കുട്ടിയെ തല്ലിയത്. കോളറില്‍ പിടിച്ച് മുഖത്തടിച്ചു എന്ന് 15 കാരന്റെ സഹപാഠികള്‍ അറിയിച്ചതായും മാതാവ് പറയുന്നു.
രാത്രി ഉറങ്ങാന്‍ പറ്റാത്ത നിലയില്‍ വേദന ആനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പോയത്. ആറുമാസത്തോളം സൂക്ഷിക്കണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
വെള്ളം ഉള്‍പ്പെടെ തട്ടരുതെന്നാണ് പറഞ്ഞത്. അല്ലാത്ത പക്ഷം ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും രക്ഷിതാക്കള്‍ ആരോപിച്ചു.
അതേസമയം, കുട്ടിയ്ക്ക് മര്‍ദനമേറ്റ സംഭവം ഒതുക്കി തീര്‍ത്താനും അധ്യാപകര്‍ ശ്രമിച്ചതായി കുടുംബം ആരോപിച്ചു. പിടിഎ പ്രസിഡന്റ് ഉള്‍പ്പെടെ എത്തിയാണ് ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്നാണ് മാതാവിന്റെ പ്രതികരണം.