തിരുവനന്തപുരം: ഇൻസ്റ്റഗ്രാം കമന്റിനെ ചൊല്ലി വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ 20 പേർക്കെതിരെ പോലീസ് കേസ് എടുത്തു. കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിലുണ്ടായ സംഭവത്തിൽ 18 വിദ്യാര്‍ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി.
സംഘര്‍ഷാവസ്ഥയുണ്ടാക്കിയതിനും അധ്യാപകരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തതെന്ന് കാട്ടാക്കട പോലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘർഷം നിയന്ത്രിക്കുന്നതിനിടെ പ്രിന്‍സിപ്പലിനും പരിക്കേറ്റിരുന്നു.
കസേര ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരിക്കേറ്റ പ്രിൻസിപ്പൽ പ്രിയ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പു ചെയ്യുകയാണ്.