ആ മൃതദേഹം സുഭദ്രയുടേത് തന്നെ, സ്ഥിരീകരിച്ച് പൊലീസ്; കാലില്‍ ഉപയോഗിച്ച ബാന്റേഡ് അടക്കം മകന്‍ തിരിച്ചറിഞ്ഞു; സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍, ശർമിളയും മാത്യൂസും ഒളിവിൽ; നിര്‍ണായകമായത് പൊലീസ് നായയെ എത്തിച്ച് നടത്തിയ പരിശോധന

മാരാരിക്കുളം കോർത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേർന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗങ്ങൾ കാണാതായ സുഭദ്രയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്

New Update
subhadra case

ആലപ്പുഴ:  മാരാരിക്കുളം കോർത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേർന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗങ്ങൾ കാണാതായ സുഭദ്ര(73)യുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. സുഭദ്രയുടെ മക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

Advertisment

സുഭദ്രയുടെ മകൻ രാധാകൃഷ്ണനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.  സുഭദ്രയുടെ കാലിലെ ബാന്റേഡ് ഉൾപ്പടെ മകന്‍ തിരിച്ചറിഞ്ഞു. മുട്ടുവേദനയ്ക്ക് സുഭദ്ര ബാൻ്റേഡ് ഉപയോഗിച്ചിരുന്നു. 

ഓഗസ്റ്റ് നാലാം തീയതി മുതല്‍ കടവന്ത്രയില്‍നിന്ന് കാണാതായ സുഭദ്രയെ കൊലപ്പെടുത്തിയശേഷം കോര്‍ത്തുശ്ശേരിയിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടെന്നാണ് നിഗമനം. മാത്യൂസ്-ശര്‍മിള ദമ്പതിമാര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരും ഒളിവിലാണ്.

സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം ഇവർ അവിടെനിന്ന് കടന്നുകളയുകയായിരുന്നു എന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. 

കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസിൽ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ കലവൂരില്‍ എത്തിയതായി കണ്ടെത്തി. വിശദമായ അന്വേഷണത്തിലാണ് മാത്യൂസ്-ശര്‍മിള ദമ്പതിമാരുടെ വീട്ടിലേക്കാണ് സുഭദ്ര എത്തിയതെന്ന് വ്യക്തമായത്.

നേരത്തെ മാത്യൂസിന്റെ വീട്ടില്‍ കുഴിയെടുപ്പിച്ചിരുന്നതായി ഒരു കൂലിപ്പണിക്കാരന്‍ മൊഴി നല്‍കിയതും നിര്‍ണായകമായി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണ്ണുനീക്കി പരിശോധന ആരംഭിച്ചത്. പൊലീസ് നായയെ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിച്ചിട്ടസ്ഥലം കണ്ടെത്തിയത്.

കടവന്ത്രയിലെ വീട്ടില്‍ സുഭദ്ര ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.  ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നുവെന്നും അവർക്കൊപ്പമാണ് സുഭദ്ര പോയതെന്നും പൊലീസ് പറയുന്നു. സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നു.  ഇത് മോഷ്ടിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. ആന്തരിക അവയവങ്ങളുടെ ഉൾപ്പെടെ സാമ്പിൾ ശേഖരിക്കും. 

Advertisment