/sathyam/media/media_files/GQ5MgWDzfq4c6lQ4uJ9i.jpg)
ആലപ്പുഴ: കലവൂരിൽ സുഭദ്ര എന്ന വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി.
പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികളെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പണത്തിനും സ്വർണ്ണത്തിനും വേണ്ടിയാണ് വയോധികയെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി.
സുഭദ്ര വധക്കേസിലെ ഒന്നാം പ്രതി മാത്യൂസിനെയും രണ്ടാം പ്രതി ശർമിളയെയും എട്ടു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കൊല്ലപ്പെട്ട സമയത്ത് സുഭദ്ര കിടന്നിരുന്ന തലയിണ വീടിൻ്റെ പിറകിലെ തോട്ടിൽ നിന്ന് കണ്ടെത്തി.
വയോധികയെ ശ്വാസം മുട്ടിക്കാൻ ഉപയോഗിച്ച ഷാളും മറ്റും കത്തിച്ച സ്ഥലവും പ്രതികൾ കാട്ടിക്കൊടുത്തു. പ്രതികളെ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും സുഭദ്രയുടെ സ്വർണാഭരണങ്ങൾ വിറ്റ ജ്വല്ലറിയിലും എത്തിച്ച് തെളിവെടുക്കും.
സുഭദ്രയെ മയക്കാനായി മരുന്നു വാങ്ങി നൽകിയ മാത്യൂസിൻ്റെ സുഹൃത്തായ റൈനോൾഡിന് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നാണ് നിഗമനം.
കൊച്ചി കടവന്ത്രയിൽ നിന്നും കഴിഞ്ഞ മാസമാണ് വയോധികയെ കാണാതായത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണ്ണഞ്ചേരി പോലീസ് പരിധിയിലുള്ള കലവൂരിൽ നിന്നും വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us