മലപ്പുറം: ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ ആരോപണം പൂര്‍ണമായി നിഷേധിച്ച് എസ്പി സുജിത് ദാസ്. തന്റെ കുടുംബം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിവിലായും ക്രിമിനലായും കേസ് നല്‍കുമെന്നും സുജിത് ദാസ് പറഞ്ഞു.
2022ല്‍ സഹോദരനും കുട്ടിക്കുമൊപ്പമായിരുന്നു സ്ത്രീ തന്റെ ഓഫീസിലെത്തിയത്. അതിന് രേഖകളും ഉണ്ട്. പൊന്നാനി ഇന്‍സ്പക്ടെര്‍ക്കെതിരെയും തിരൂര്‍ ഡിവൈഎസ്പിക്കെതിരെയും പരാതിയുമായാണ് യുവതി എത്തിയത്. സാധാരണ പരാതിക്കാരെ കാണുന്നതു പോലെയാണ് ഇവരെ കണ്ടത്.
പൊന്നാനി സ്റ്റേഷനുമായി ബന്ധപ്പെട്ട് നിരവധി പരാതി നല്‍കുന്ന സ്ത്രീയാണ് ഇവരെന്ന് അറിയാന്‍ കഴിഞ്ഞെന്നും എസ്പി പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്ന പരാതിക്ക് പിന്നില്‍ ഒരു മനുഷ്യനെ എങ്ങനെയെങ്കിലും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും സുജിത് ദാസ് പറഞ്ഞു
സംഭവത്തെ കുറിച്ച് നേരത്തെ പരാതി വന്നപ്പോള്‍ അന്വേഷിച്ചിരുന്നെന്നും കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും ഡിവൈഎസ്പി ബെന്നി പറഞ്ഞു. എല്ലാതലങ്ങളിലും പരിശോധിച്ച ശേഷമാണ് കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരാതി തള്ളിയതെന്നും ബെന്നി പറഞ്ഞു.
മുട്ടില്‍ മരം മുറിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിന്റെ ഭാഗമായിട്ടാണ് തനിക്കെതിരെ ഒരു ചാനല്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്നും ബെന്നി പറഞ്ഞു.