/sathyam/media/media_files/2025/12/17/maharashtra-case-2025-12-17-15-10-51.jpg)
മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂരിൽ, താൻ മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പദ്ധതിയിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ലാത്തൂർ സ്വദേശി ഗണേഷ് ചവാനാണ് ഇൻഷുറൻസ് തുക കൈവശപ്പെടുത്താനായി മറ്റൊരാളെ കൊലപ്പെടുത്തി സ്വന്തം മരണമെന്ന നാടകമൊരുക്കിയത്.
57 ലക്ഷം രൂപയുടെ കടബാധ്യതയും, വീട് പണിയാനെടുത്ത വായ്പ തിരിച്ചടയ്ക്കാനുള്ള സമ്മർദ്ദവുമാണ് കുറ്റകൃത്യത്തിന് പ്രേരണയായത്.
ഗൂഢാലോചന നടപ്പാക്കാൻ ഗണേഷ് ഒരു കോടി രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. ഔസ തഹ്‌സിലിൽ ഒരു കാർ കത്തുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.
മൃതദേഹത്തിന് സമീപം ലഭിച്ച ബ്രേസ്‌ലെറ്റ് ഗണേഷ് ചവാന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ, ആദ്യം മരിച്ചത് ഗണേഷാണെന്നായിരുന്നു പൊലീസ് നിഗമനം.
എന്നാൽ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്. തൊട്ടുമുമ്പുള്ള ദിവസം ഔസയിൽ വെച്ച് ഗണേഷ് ചവാൻ, ഗോവിന്ദ് യാദവിന് ലിഫ്റ്റ് നൽകിയിരുന്നു. തുടർന്ന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം, ഗോവിന്ദിനെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി വാഹനം കത്തിക്കുകയായിരുന്നു.
പൊലീസിനെയും കുടുംബത്തെയും തെറ്റിദ്ധരിപ്പിക്കാൻ, സ്വന്തം ബ്രേസ്‌ലെറ്റ് മൃതദേഹത്തിന് സമീപം ഉപേക്ഷിക്കുകയും ചെയ്തു.
മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയതിന് പിന്നാലെ നടത്തിയ തുടർ അന്വേഷണത്തിൽ, ഗണേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ഭാര്യയുടെ വെളിപ്പെടുത്തൽ നിർണായകമായി.
ഈ സ്ത്രീയുമായി ഗണേഷ് മറ്റൊരു നമ്പറിൽ നിന്ന് ചാറ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഇതോടെയാണ് ഇൻഷുറൻസ് തുക തട്ടാൻ നടത്തിയ കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us