/sathyam/media/media_files/2025/08/30/g-sukumaran-nair-statement-agola-ayyappa-sangamam-2025-08-30-17-47-10.jpg)
തിരുവനന്തപുരം: ആ​ഗോള അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടു നിന്ന കോൺഗ്രസിനെയും ബി.ജെ.പിയെയും വിമർശിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരേയും സൈബർ ഇടങ്ങളിൽ വിമർശനം ശക്തമാകുന്നു.
തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരെ സംഘപരിവാർ ക്യാമ്പുകളിൽ നിന്ന് വ്യാപക സൈബർ ആക്രമണമാണ് നേരിടേണ്ടി വരുന്നത്.
സുകുമാരൻ നായർ സർക്കാരിനെ പിന്തുണച്ച വാർത്ത ഓൺലൈൻ മാധ്യമങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഘപരിവാർ അനുകൂല അക്കൗണ്ടുകളിൽ നിന്നും അധിക്ഷേപങ്ങൾ നിറഞ്ഞത്.
കൂടാതെ സംഘപരിവാർ വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ശബരിമല സംരക്ഷണ സമിതിയുടെ വാട്ട്സാപ്പ് ഗ്രൂപ്പിലും സുകുമാരൻ നായർക്കെതിരെ സൈബർ ആക്രമണവും അധിക്ഷേപവും പ്രവഹിക്കുകയാണ്.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. തിരഞ്ഞെടുപ്പ് അടുത്തതിനാൽ വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് കോൺഗ്രസും ബിജെപിയും പരിപാടി ബഹിഷ്‌കരിച്ചത്.
കോൺഗ്രസിന് ഹിന്ദു വോട്ടുകൾ ആവശ്യമില്ലായിരിക്കുമെന്നും ഒരുപക്ഷേ അവർക്ക് ന്യൂനപക്ഷ വോട്ടുകൾ മാത്രം മതിയാകുമെന്നുമായിരുന്നു കോൺഗ്രസിനെതിരായ അദ്ദേഹത്തിന്റെ വിമർശനം.
യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വന്നപ്പോൾ നാമജപഘോഷയാത്രയുമായി ആദ്യം പ്രതിഷേധം നടത്തിയത് എൻ.എസ്.എസ് ആയിരുന്നു. കോൺഗ്രസും ബിജെപിയും തുടക്കത്തിൽ അതിൽ പങ്കുചേർന്നില്ല.
വിശ്വാസികൾ കൂട്ടമായി എത്തിയതോടെ അവർ അതിന്റെ ഭാഗമാകുകയായിരുന്നു. എന്നാൽ പിന്നീട് സുപ്രീം കോടതി വിധി ആചാരങ്ങൾക്ക് എതിരാണെങ്കിലും എൽ.ഡി.എഫ് സർക്കാർ യുവതി പ്രവേശനത്തിൽ നിർബന്ധം പിടിച്ചില്ല. അവർക്ക് വേണമെങ്കിൽ അത് ചെയ്യാമായിരുന്നു. ആചാരം സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
ഇക്കാര്യത്തിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരും കോൺഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുകയെന്നതാണ് എൻ.എസ്.എസിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അയ്യപ്പ സംഗമം സർക്കാരിന്റെ പശ്ചാത്തപമായി കാണുന്നില്ല, തെറ്റുതിരുത്തുക മാത്രമാണ് ഉണ്ടായതെന്നും സർക്കാരിന് ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.