/sathyam/media/media_files/2025/04/01/1gwaAAya9gxIdXy3Hkfq.jpg)
ചങ്ങനാശേരി: വിശ്വാസ സംരക്ഷണ വിഷയത്തില്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ നിലപാടിന് എന്‍.എസ്.എസ് പ്രതിനിധിസഭയുടെ പൂര്‍ണപിന്തുണ.
വിശ്വാസ സംരക്ഷണ വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടുകള്‍ അംഗീകരിക്കുന്നുവെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
വിമര്‍ശനങ്ങള്‍ക്കിടെയാണ് ഇന്നു പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ബാലന്‍സ് ഷീറ്റ് പൊതുയോഗം നടന്നത്.
തുടര്‍ന്ന് എന്‍.എസ്.എസ് വിശ്വാസ സംരക്ഷണത്തില്‍ സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ചു ജനറല്‍ സെക്രട്ടറി പ്രതിനിധിസഭാംഗങ്ങളെ അറിയിച്ചു.
ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടിട്ടുണ്ടായ നാമജപ ഘോഷയാത്രയും തുടര്‍ വിഷയങ്ങളും അതില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സ്വീകരിച്ച നിലപാടുകളും എന്‍.എസ്.എസ് നിലപാടുകളും അദ്ദേഹം വിശദീകരിച്ചു.
സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ വിശ്വാസവും ആചാരവും സംരക്ഷിക്കുന്നതിനു സ്വീകരിച്ചു പോരുന്ന നിലപാടുകള്‍ പിന്തുടരുന്ന എന്‍.എസ്.എസിനു വിശ്വാസ സംരക്ഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തൃപ്തികരമായി.
തുടര്‍ന്നാണു വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട നടത്തിയ ആഗോള അയ്യപ്പ സംഗമത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ചതെന്നും പ്രതിനിധിയെ അയച്ചതെന്നും ജി. സുകുമാരന്‍ നായര്‍ പ്രതിനിധി സഭയെ അറിയിച്ചു.
വിശദീകരണം ഐകകണ്ഠേന കരഘോഷത്തോടെ പ്രതിനിധി സഭാംഗങ്ങള്‍ അംഗീകരിക്കുകയായിരുന്നു. എന്‍.എസ്.എസ് പ്രതിനിധി സഭയുടെ അംഗീകാരം സുകുമാരന്‍ നായരുടെ നേതൃത്വത്തിന് അംഗീകാരം നല്‍കുകയായിരുന്നു.
പൊതുസമ്മേളനത്തിനു മുന്‍പായി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കിടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതില്‍ ഉറച്ചുനില്‍ക്കുന്നതായി ജി. സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു വെന്നും,ഏതു പ്രതിഷേധത്തെയും നേരിടും. ആകെ 5600 കരയോഗങ്ങളുള്ളതില്‍ ഒന്നോ രണ്ടോ കരയോഗങ്ങള്‍ മാത്രമാണ് അയ്യപ്പ സംഗമത്തിന് എന്‍.എസ്.എസ് പിന്തുണയില്‍ എതിര്‍പ്പു പറഞ്ഞത്.
അവരുടെ എതിര്‍പ്പു കാര്യമാക്കുന്നില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. കാര്യം മനസിലാക്കുമ്പോള്‍ അവര്‍ തിരുത്തും.
എന്‍.എസ്എസ് പിന്തുണക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. പന്തളം കൊട്ടാരത്തിനു മറുപടി പറയാനില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.