/sathyam/media/media_files/2025/10/10/sumayya-2025-10-10-20-39-06.jpg)
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന ചികിത്സാ പിഴവിനെ തുടർന്ന് സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ കീഹോൾ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നടത്തിയ ശസ്ത്രക്രിയയിൽ രണ്ട് തവണ ശ്രമിച്ചിട്ടും ഗൈഡ് വയർ പുറത്തെടുക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല.
ഇതോടെ കീഹോൾ ശസ്ത്രക്രിയ തുടരുന്നതിൽ അർത്ഥമില്ല എന്ന നിലപാടിലാണ് ഡോക്ടർമാർ എത്തിയിരിക്കുന്നത്. ഗൈഡ് വയറിന്റെ ഭാഗങ്ങൾ ഞരമ്പുമായി ഒട്ടിച്ചേർന്ന നിലയിലാണ് ശരീരത്തിനുള്ളിൽ ഇരിക്കുന്നത്. ഇത് കീഹോൾ വഴി നീക്കം ചെയ്യാൻ ശ്രമിച്ചാൽ സുമയ്യയ്ക്ക് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഗൈഡ് വയർ നീക്കം ചെയ്യണമെങ്കിൽ പ്രധാന ശസ്ത്രക്രിയ തന്നെ വേണ്ടി വരും. എന്നാൽ, അതും അപകടകരമാണ് എന്ന കാര്യമാണ് ഡോക്ടർമാർ സുമയ്യയുടെ കുടുംബത്തെ അറിയിച്ചിരിക്കുന്നത്.
ഗൈഡ് വയർ നീക്കാനുള്ള ശ്രമം പരാജയപ്പെട്ട സാഹചര്യത്തിൽ, ഇപ്പോൾ ശസ്ത്രക്രിയ വേണ്ട എന്ന നിലപാടിലേക്ക് സുമയ്യയുടെ കുടുംബവും എത്തിച്ചേർന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ, ആയുഷ്കാലം മുഴുവൻ ഈ ഗൈഡ് വയർ ശരീരത്തിൽ വെച്ച് സുമയ്യക്ക് മുന്നോട്ട് പോകേണ്ടിവരും.