പ്രായമേറിയവരെയും കുട്ടികളെയും വെയിലത്ത് നിൽക്കാനോ നടക്കാനോ വീട്ടിലുള്ളവർ അനുവദിക്കാറില്ല. ജലദോഷവും പനിയും പിടിക്കും എന്നായിരുന്നു നമ്മൾ കേട്ടുകൊണ്ടിരുന്ന മുന്നറിയിപ്പ്. കാലം ചെന്നപ്പോൾ സ്വാഭാവികമായിത്തന്നെ ആരും വെയിലുകൊള്ളാതായി. കൃഷി കുറഞ്ഞതോടെ തുറസ്സായ സ്ഥലങ്ങളിൽനിന്നുള്ള ജോലികളും ഇല്ലാതായി.
ഭൂരിപക്ഷം വീടുകളിലും വാഹനങ്ങളായതോടെ പുറത്തിറങ്ങി നടക്കുന്നതും അപൂർവമായി. ഫ്ലാറ്റ്-ഓഫിസ് സംസ്കാരം വ്യാപകമായതോടെ വളരെ കുറച്ചുപേർ മാത്രമാണ് വെയിലുകൊണ്ട് ജോലിചെയ്യുന്നത്. വെയിലുകൊണ്ടാൽ കറുത്തുപോകുമെന്നതിനാൽ ബാക്കിയുള്ളവർ ‘സൺസ്ക്രീൻ’ ലേപനങ്ങൾ പുരട്ടിയാണ് പേരിനെങ്കിലും വെയിലത്തേക്കിറങ്ങുന്നത്.
വെയിൽ കൊള്ളാതിരിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ‘ജീവകം-ഡി’യുടെ ലഭ്യത കുറയുകയും തുടർന്ന് പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, തൈറോയ്ഡ് രോഗങ്ങൾ, ഫാറ്റി ലിവർ, എല്ലുകളുടെ ബലം കുറയൽ, സ്തനാർബുദം തുടങ്ങി പല രോഗങ്ങൾക്കും കാരണമാകുകയും ചെയ്യുന്നുണ്ട്. നടുവേദന, പുറംവേദന, കഴുത്ത് വേദന, സന്ധിവേദന എന്നിവക്ക് കാരണവും ജീവകം-ഡിയുടെ കുറവാണ്.
ഗർഭിണികളിലാകട്ടെ ജീവകം-ഡിയുടെ കുറവ് നവജാത ശിശുവിന്‍റെ മസ്തിഷ്ക വളർച്ചയെവരെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. പ്രായമായവരിൽ കണ്ടുവരുന്ന ശരീരവേദനയുടെ കാരണം പലപ്പോഴും എല്ലുകളുടെ തേയ്മാനത്തിനു പുറമെ പേശികളുടെ ബലക്ഷയവുമാണ്. ശരീരത്തിന് ലഭിക്കേണ്ട കാൽസ്യം ആവശ്യത്തിന് ലഭിക്കുന്നില്ല എന്നതാണ് ഇതിന്റെ അടിസ്ഥാനം.