ഇന്ത്യൻ മതനിരപേക്ഷ പാരമ്പര്യത്തെ ആധുനിക പൊതുബോധമാക്കി മാറ്റാൻ കഴിയാത്തിടത്തോളം ഹിന്ദുത്വ പരാജയപ്പെടില്ലെന്ന് സുനിൽ പി ഇളയിടം

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ പ്രധാന സംഘടനകളിൽ ഒന്നായ അനുശീലൻ സമിതിയിൽ മുസ്ലിങ്ങൾക്ക് അംഗത്വമില്ലായിരുന്നു എന്ന് ഇളയിടം ചൂണ്ടിക്കാട്ടി. ഇസ്ലാമിക അധിനിവേശം എന്ന് സാമ്രാജ്യത്വ ചരിത്രകാരന്മാർ ഇന്ത്യൻ ഭൂതകാലത്തെ വിശേഷിപ്പിച്ചത് ഇന്ത്യൻ ദേശീയത അംഗീകരിച്ചു.  

New Update
sunil p ilayidam

തിരുവനന്തപുരം: പല സാംസ്കാരിക കൈവഴികൾ കൈമാറിവന്ന ഇന്ത്യൻ മതനിരപേക്ഷത എന്ന സമ്പത്തിനെ ജനങ്ങളുടെ പൊതുബോധമാക്കി മാറ്റാൻ കഴിയാത്തിടത്തോളം ഹിന്ദുത്വ പരാജയപ്പെടില്ലെന്ന് എഴുത്തുകാരനും ചിന്തകനുമായ സുനിൽ പി ഇളയിടം അഭിപ്രായപ്പെട്ടു. 

Advertisment

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അവസാന ദിവസം 'ഇന്ത്യൻ മതനിരപേക്ഷത: വീണ്ടെടുപ്പിന്റെ വഴികൾ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഇന്ത്യൻ ദേശീയതയ്ക്കുള്ളിൽ തന്നെ ഹിന്ദുത്വയുടെ സാംസ്കാരിക മൂല്യം ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ  തകർന്നടിഞ്ഞാലും ഹിന്ദുത്വം പരാജപ്പെടില്ല. രാഷ്ട്രീയ രൂപത്തേക്കാളുപരി സാംസ്കാരികമായാണ് അത്‌ നിലനിൽക്കുന്നത്. 

പ്രാചീനകാല ഭാരതത്തെ ഹൈന്ദവമെന്നും മധ്യകാല ഭാരതത്തെ ഇസ്‌ലാമെന്നുമാണ് ഇന്ത്യൻ ഭൂതകാലത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വ ചരിത്രകാരന്മാർ വസ്തുതാവിരുദ്ധമായി വിശേഷിപ്പിച്ചിരുന്നത്. 

മാക്സ് മുള്ളർ പോലുള്ള പൗരസ്ത്യ പണ്ഡിതസമൂഹം ഇന്ത്യയെ സുവർണ്ണ ഭാരതം എന്നാണ് വിശേഷിപ്പിച്ചത്. ഈ വീക്ഷണത്തോടെ ഇന്ത്യയ്ക്ക് ആത്മീയ ഭൂമിക എന്ന മേലങ്കി ചാർത്തികിട്ടി. 

19 -ാം നൂറ്റാണ്ടിലെ ഈ രണ്ട് വിശേഷണങ്ങൾക്കിടയിലാണ് സ്വാതന്ത്രസമര കാലഘട്ടത്തിൽ ഇന്ത്യൻ ദേശീയത വരുന്നത്.  ഇന്ത്യൻ ദേശീയനേതാക്കൾ സാമ്രാജ്യത്വ വിശേഷണം തള്ളിയെങ്കിലും ഇന്ത്യയുടെ ഭൂതകാലം ഹൈന്ദവമാണ് എന്ന ചിന്ത സ്വീകരിച്ചു.  

sunil p ilayidam-2

പൗരസ്ത വാദികളുടെ ഇന്ത്യൻ സുവർണ ദശാവതാരം എന്ന നിലപാടും സ്വീകരിച്ചു. ഇത് ബോധപൂർവം ചെയ്തതല്ലെങ്കിൽ കൂടി സാംസ്കാരികമായി ഹിന്ദുത്വ വാദികൾക്ക് അനുകൂലമായി മാറി. 

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ പ്രധാന സംഘടനകളിൽ ഒന്നായ അനുശീലൻ സമിതിയിൽ മുസ്ലിങ്ങൾക്ക് അംഗത്വമില്ലായിരുന്നു എന്ന് ഇളയിടം ചൂണ്ടിക്കാട്ടി. ഇസ്ലാമിക അധിനിവേശം എന്ന് സാമ്രാജ്യത്വ ചരിത്രകാരന്മാർ ഇന്ത്യൻ ഭൂതകാലത്തെ വിശേഷിപ്പിച്ചത് ഇന്ത്യൻ ദേശീയത അംഗീകരിച്ചു.  

അതേ സമയം മൂന്ന് സുപ്രധാന സംഗതികൾ കയ്യൊഴിഞ്ഞാണ് ദേശീയത ആധുനിക മൂല്യം സ്ഥാപിച്ചതെന്ന് അമർത്യ സെന്നിനെ ഉദ്ധരിച്ചു ഇളയിടം നിരീക്ഷിച്ചു.

സമ്പന്നമായ ബൗദ്ധ പാരമ്പര്യത്തെയും യഹൂദ പാരമ്പര്യത്തെയും അതിവിപുലമായ ഇന്ത്യൻ പ്രാദേശിക വൈജ്ഞാനിക ശേഖരത്തെയുമാണ് ദേശീയത കയ്യൊഴിഞ്ഞത്. പകരം ബ്രാഹ്മണികമായ ആധുനികത സ്ഥാനം പിടിച്ചു. 

അങ്ങിനെ അജന്തയിലെ ചുവർച്ചിത്രങ്ങൾ ദേശീയ പ്രതീകമായി മാറുകയും വർലിയിലേത് ഗോത്ര കലയായി വിശേഷിപ്പിക്കപ്പെടുകയും ചെയ്തു.   ശങ്കരാചാര്യരെ ദേശീയത ഏറ്റെടുത്തപ്പോൾ ഗണിതശാസ്ത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട, പൈയുടെ വില കണ്ടുപിടിച്ച ഇരിഞ്ഞാലക്കുടക്കാരൻ സംഗമഗ്രാമ മാധവൻ തിരസ്കരിക്കപ്പെട്ടു.  

ഭരതനാട്യം ഇന്ത്യൻ ദേശീയതയുടെ സാംസ്കാരിക ചിഹ്നം ആയപ്പോൾ 500 വർഷത്തോളം ഭരതനാട്യം കൊണ്ടുനടന്ന  ദേവദാസി സമ്പ്രദായം ഇല്ലാതാക്കപ്പെട്ടു.  അങ്ങനെ  ബ്രാഹ്മണ്യത്തിന് മെരുങ്ങുന്ന സംഗതികൾ കൊണ്ട് ഇന്ത്യൻ ദേശീയത ആധുനികതയെ നിർവചിച്ചു. ഇത് ഹിന്ദുത്വയ്ക്ക് അനുകൂലമായിരുന്നു. 

international book fest-2

ബ്രാഹ്മണ്യത്തിന് മേൽക്കൈയുള്ള ദേശീയതയുടെ രാഷ്ട്രീയ രൂപത്തെ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തു. പക്ഷേ അതിന്റെ സാംസ്കാരിക രൂപത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.  അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ തോറ്റാലും ഹിന്ദുത്വ പരാജയപ്പെടാത്തത്. 

ഹിന്ദുത്വത്തെ പരാജയപ്പെടുത്തണമെങ്കിൽ നമ്മുടെ വൈവിധ്യപൂർണമായ ഭൂതകാലത്തെ പൊതുജനങ്ങൾ മനസിലാക്കി ഉൾക്കൊള്ളേണ്ടതുണ്ടെന്ന് സുനിൽ പി ഇളയിടം ചൂണ്ടിക്കാട്ടി. 

"നമ്മുടെ അമ്പലമുറ്റത്തെ ഭദ്രകാളിക്കളത്തിലെ വരയിൽ പേർഷ്യൻ രചന സമ്പ്രദായമുണ്ട്.  ഓണത്തിന് തട്ടുകളായി തൃക്കാക്കരപ്പനെ ഒരുക്കുന്ന രീതി മധ്യേഷ്യയിലെ അസീറിയൻ സമ്പ്രദായമാണ്.  

മഹാഭാരതത്തിന്റെ ആദ്യ മുഴുവൻ വിവർത്തനവും നടന്നത് പേർഷ്യൻ ഭാഷയിലേക്കാണ്. നമ്മുടെ ഉപനിഷത്തുകൾ ആദ്യം പുറത്തേക്ക് പോയത് പേർഷ്യൻ ഭാഷയിലാണ്. ഇങ്ങനെ വിവിധ തലത്തിലുള്ള കൊടുക്കൽവാങ്ങലുകളിലൂടെ രൂപപ്പെട്ടതാണ് നമ്മുടെ സമ്പന്നമായ ഭൂതകാലം."

50 വർഷം മുമ്പുള്ള ഇത്തരം ചരിത്രപരമായ അറിവുകൾ ചരിത്രകാരന്മാരുടെയും അക്കാദമീഷ്യന്മാരുടെയും വൃത്തങ്ങളിൽ അറിയുന്നുണ്ടെങ്കിലും പൊതുജനങ്ങളിലേക്ക് ഇനിയും എത്തിയിട്ടില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. "ഈ ചരിത്രം കവലകൾ തോറും പ്രസംഗിച്ചു ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്," ഇളയിടം പറഞ്ഞു.

Advertisment