/sathyam/media/media_files/2025/12/04/sunny-shafi-vishnu-2025-12-04-18-25-39.jpg)
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അച്ചടക്ക നടപടിയെടുത്ത് പുറത്താക്കാൻ വൈകിയതിൽ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിനെതിരെ വിമർശനമുയരുന്നു.
മാങ്കൂട്ടത്തിലിനെതിരെ ഔദ്യോഗിക പരാതി ഉയർന്ന സാഹചര്യത്തിൽ കടുത്ത നടപടിയെടുക്കണമെന്ന വികാരമായിരുന്നു പാർട്ടിയിൽ ഉണ്ടായിരുന്നത്.
എന്നാൽ വർക്കിംഗ് പ്രസിഡൻ്റുമാരായ പി.സി വിഷ്ണു നാഥും ഷാഫി പറമ്പിലും ഇതിനെതിരെ കടുത്ത നിലപാട് എടുക്കുകയും രാഹുൽ നിരപരാധിയാണെന്ന് വാദിക്കുകയും ചെയ്തുവെന്നാണ് സൂചനകൾ വരുന്നത്.
രാഹുലിനെതിരെ പരാതി വന്ന സാഹചര്യത്തിൽ അച്ചടക്ക നടപടി വൈകരുതെന്ന വികാരം പ്രതിപക്ഷ നേതാവടക്കമുളളവർ പങ്കുവെച്ചിരുന്നു. എന്നാൽ നടപടി സ്വീകരിക്കുന്നതിനെ പറ്റി ആലോചിക്കാൻ പോലും സണ്ണി ജോസഫ് തയ്യാറായില്ല.
ഇന്നലെ രാഹുലിൻ്റെ ജാമ്യപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിലും പുറത്താക്കണമെന്ന നിർദ്ദേശം ഹൈക്കമാൻ്റിൽ നിന്നും ഉണ്ടായിരുന്നു.
എന്നാൽ കോടതി വിധി വരെ കാക്കണമെന്ന പി.സി വിഷ്ണു നാഥ് ഷാഫി പറമ്പിൽ ടീമിൻ്റെ സമ്മർദ്ദത്തെ തുടർന്നാണ് സണ്ണി ജോസഫ് നിലപാട് എടുക്കാതെ നില കൊണ്ടത്. തുടർന്ന് കോടതി ഇന്ന് ജാമ്യം തള്ളിയതോടെയാണ് പാർട്ടിയിൽ നിന്നും രാഹുലിനെ പുറത്താക്കിയത്.
പാർട്ടിക്ക് പോറലേൽക്കാത്ത നടപടി വേണമെന്ന് ഹൈക്കമാൻ്റ് പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മുതിർന്ന നേതാക്കളോടും വ്യക്തമാക്കിയിരുന്നു. ഇന്നലെ രാഹുലിനെ പുറത്താക്കുമെന്നായിരുന്നു മുതിർന്ന നേതാക്കളുടെ ധാരണ. എന്നാൽ അതുണ്ടായില്ല.
കോടതി വിധി വരും മുമ്പ് രാഹുലിനെ പുറത്താക്കുമ്പോൾ പാർട്ടിക്ക് കിട്ടേണ്ടിയിരുന്ന യശസ് കിട്ടിയില്ലെന്നും പകരം കോടതി നിലപാട് നോക്കി നടപടി എടുത്തതോടെ പാർട്ടിയുടെ മുഖം വികൃതമായെന്നും ഇതിന് കെ.പി.സി.സി അദ്ധ്യക്ഷൻ ഉത്തരം പറയണമെന്നുമുള്ള വാദമാണ് നേതാക്കൾ ഉയർത്തുന്നത്.
/filters:format(webp)/sathyam/media/media_files/2025/12/04/shafi-vishnu-2025-12-04-18-28-55.jpg)
പീഡനാരോപണം ഉയർന്നപ്പോൾ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പാർലമെൻ്ററി പാർട്ടിയിൽ നിന്നും പുറത്താക്കിയ രാഹുലിനെ പാലക്കാട്ട് ഇറക്കി സജീവമാക്കിയതിന് പിന്നിലും പി.സി വിഷ്ണു നാഥും സംഘവുമാണെന്നും അന്ന് കെ.പി.സി സി അദ്ധ്യക്ഷൻ മൗനി ബാബയായി തുടരുകയായിരുന്നുവെന്നും വിമർശനമുണ്ട്.
രാഹുലിൻ്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരെ നിയന്ത്രിക്കുന്നതിന് പകരം അവരെ തോളിൽ തട്ടി പ്രോത്സാഹിപ്പിക്കുകയാണ് സണ്ണി ജോസഫ് ചെയ്തതെന്നും ചില നേതാക്കൾ വ്യക്തമാക്കുന്നു.
ഷാഫി - വിഷ്ണുനാഥ് - രാഹുൽ അച്ചുതണ്ടിനെ വഴിവിട്ട രീതിയിൽ സണ്ണി പിന്തുണച്ചെന്നും അവരുടെ പല തീരുമാനങ്ങളും പാർട്ടി ഔദ്യോഗിക തീരുമാനമാക്കി മാറ്റിയെന്നും വിമർശനമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us