/sathyam/media/media_files/HmpHdSnIfliaK7P7T8VK.jpg)
തലശ്ശേരി: സംസ്ഥാനത്തെ സ്വകാര്യ സൂപ്പർ മാർക്കറ്റുകളിലൂടെയും ഗൾഫ് രാജ്യങ്ങളിലും സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള നടപടികളെടുത്തുവരികയാണെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ. സപ്ലൈകോയുടെ സംസ്ഥാനത്തെ ആദ്യ സിഗ്നേച്ചർ മാർട്ട് തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തലശ്ശേരിയിലെ ഹൈപ്പർമാർക്കറ്റാണ് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്നേച്ചർ മാർട്ടായി ഉയർത്തിയത്. പുതിയ കാലത്തിനനുസരിച്ച് സപ്ലൈകോ വില്പനശാലകളും പരിഷ്കരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കോർപ്പറേറ്റ് റീട്ടെയിൽ വില്പനശാലകളോട് കിടപിടിക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾക്കു പുറമേ ,സിഗ്നേച്ചർമാർട്ടിൽ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവും ഉണ്ടായിരിക്കും. ഓരോ ജില്ലയിലും ഒരു സിഗ്നേച്ചർ മാർട്ട് വീതം സ്ഥാപിക്കാനാണ് സപ്ലൈകോ പദ്ധതിയിടുന്നത്.
ഗ്ലോബൽ ഇന്നവേറ്റീവ് ടെക്നോളജീസ് എന്ന ഏജൻസി ഡിസൈൻ ചെയ്ത തലശ്ശേരിയിലെ സിഗ്നേച്ചർ മാർട്ട് സപ്ലൈകോ യാഥാർത്ഥ്യമാക്കിയത് ടീം തായിയുടെ സഹകരണത്തോടെയാണ്. 40 ലക്ഷത്തോളം കുടുംബങ്ങളാണ് സംസ്ഥാനത്ത് പ്രതിമാസം സപ്ലൈകോയെ ആശ്രയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ ഓണക്കാലത്ത് വെളിച്ചെണ്ണയുടെ വിപണി വില അനിയന്ത്രിതമായി ഉയർന്നപ്പോൾ സപ്ലൈകോ വിപണിയിൽ ഇടപെട്ട് വില നിയന്ത്രിച്ചു.
നിലവിൽ സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 309 രൂപ നിരക്കിലാണ് നൽകുന്നത്. ഓരോ റേഷൻ കാർഡ് ഉടമയ്ക്കും 20 കിലോ അരി 25 രൂപ നിരക്കിലും സപ്ലൈകോ നൽകിവരുന്നു. ഇങ്ങനെ സാധാരണക്കാർക്ക് വലിയതോതിൽ താങ്ങാവുകയാണ് സപ്ലൈകോ എന്നും മന്ത്രി പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us