/sathyam/media/media_files/2025/09/01/e20-petrol-2025-09-01-17-33-45.jpg)
കോട്ടയം:20 ശതമാനം എഥനോള്‍ (ഇ20) കലര്‍ത്തിയ പെട്രോള്‍ വില്‍പന നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ ബ്ലെന്‍ഡിങ് പ്രോഗ്രാമിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളിയത് 2030ല്‍ ഇ30 അവതരിപ്പിക്കാനുള്ള കരുത്തുപകരും. 2030ഓടെ പെട്രോളിലെ എഥനോളിന്റെ അളവ് 30% ആയി ഉയര്‍ത്തുന്നത് സംബന്ധിച്ചുള്ള നിയമപരമായ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ട്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സി30 അവതരിപ്പിക്കാന്‍ കേന്ദ്രം തയാറാകുമ്പോള്‍ പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ഉപയോഗിച്ചാല്‍ തകാരാര്‍ ഏറെയാകും.
എഥനോളിന്റെ പ്രശ്നമെന്തെന്നാല്‍ അത് അന്തരീക്ഷത്തിലെ ഈര്‍പ്പം വലിച്ചെടുക്കും. ഇതോടെ ടാങ്കിലും മറ്റ് അനുബന്ധ ഭാഗങ്ങളിലും ജലാംശം കൂടുതല്‍ എത്താന്‍ സാധ്യതയുണ്ട്. 2023 ഏപ്രിലിനു ശേഷം നിര്‍മിച്ച വാഹനങ്ങള്‍ മാത്രമാണ് ഇ20 പെട്രോളിന് അനുയോജ്യം. ഇപ്പോള്‍ ഇറങ്ങുന്ന വാഹനങ്ങള്‍ക്കും ഇ30യിലേക്കു മാറാനുള്ള ശേഷിയില്ല. ഇ30യിലേക്കു മാറാനുള്ള ആലോചന മഹീന്ദ്രയടക്കമുള്ള വാഹന കമ്പനികള്‍ തുടങ്ങിയിട്ടുമുണ്ട്. അതേസമയം, ഇ20 സംവാദം ശക്തിപ്രാപിച്ചതോടെ, എഥനോള്‍ കലര്‍ത്തിയ ഇന്ധനത്തിന്റെ ഗുണങ്ങള്‍ വ്യക്തമാക്കിക്കൊണ്ടു കേന്ദ്ര സര്‍ക്കാര്‍ കുറിപ്പുകള്‍ പുറത്തിറക്കിയിരുന്നു. എത്തനോളിനു പെട്രോളിനേക്കാള്‍ ഊര്‍ജ്ജ സാന്ദ്രത കുറവായതിനാല്‍ മൈലേജില്‍ ചെറിയ കുറവുണ്ടാകും. ഇ10നായി രൂപകല്‍പന ചെയ്ത നാലുചക്ര വാഹനങ്ങളില്‍ ഇത് 1-2 ശതമാനവും മറ്റുള്ളവയില്‍ ഏകദേശം 3-6 ശതമാനവുമാണ്.
മെച്ചപ്പെട്ട എന്‍ജിന്‍ ട്യൂണിങിലൂടെയും ഇ20ക്ക് അനുയോജ്യമായ ഘടകങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയും കാര്യക്ഷമതയിലുള്ള ഈ ചെറിയ കുറവു പരിഹരിക്കാനാകും എന്നായിരുന്നു പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എക്സില്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞത്. ഇ20 ഉപയോഗിക്കുന്നതു വാഹന ഇന്‍ഷുറന്‍സ് അസാധുവാക്കുമെന്ന വാദങ്ങള്‍ തെറ്റാണെന്നും എഥനോള്‍ മിശ്രിത ഇന്ധനം കാരണം പോളിസിയുടെ സാധുതയില്‍ മാറ്റമുണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഇതിനെ എതിര്‍ത്താണ് 2023 ഏപ്രിലിനു മുന്‍പ് ഇന്ത്യയില്‍ വിറ്റഴിച്ച ദശലക്ഷക്കണക്കിനു വാഹനങ്ങള്‍ 20 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോളില്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പന ചെയ്തവയല്ലെന്നു കാട്ടിയാണു സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ചില പുതിയ ബി.എസ്-വിഐ മോഡലുകള്‍ പോലും ഇ20യുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതായിരിക്കില്ലെന്നും ഇത് ഉടമകളെ യന്ത്രത്തകരാറുകള്‍, കുറഞ്ഞ കാര്യക്ഷമത, ഉയര്‍ന്ന അറ്റകുറ്റപ്പണി ചെലവുകള്‍ എന്നിവയിലേക്കു നയിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, ഹര്‍ജിക്കാരുടെ വാദം കോടതി തള്ളുകയായിരുന്നു. ഇതോടെ ഇ30 എന്ന കേന്ദ്ര സര്‍ക്കാരിന്റെ എന്ന ലക്ഷ്യത്തിനു കരുത്തു പകരുകയാണ്.
അതേസമയം ഇ30 യിലേക്കുള്ള മാറ്റം അത്ര എളുപ്പല്ലെന്നു വിദഗ്ധര്‍ പറയുന്നു. 2023 ഏപ്രിലില്‍ പ്രാബല്യത്തില്‍ വന്ന ഇ20 മാനദണ്ഡമനുസരിച്ച്, എല്ലാ പുതിയ വാഹനങ്ങള്‍ക്കും 20% എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കാന്‍ കഴിയണം എന്നാണ്. പക്ഷേ അപ്പോഴും എല്ലാ വാഹനങ്ങളും ഇതിന് അനുയോജ്യമല്ല. പലവിധ പ്രശ്നങ്ങളാണ് ഇതുവഴി വാഹനങ്ങള്‍ക്കു സംഭവിക്കുന്നത്. ഇ30-യിലേക്കുള്ള മാറ്റത്തിന് ഒരുപാട് പരിഷ്‌ക്കരണങ്ങള്‍ ഇനിയും ആവശ്യമാണ്. എഥനോള്‍ വാഹനങ്ങളിലേക്കെത്തുമ്പോള്‍ ഇവ വായുവില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുക്കുകയും ഇത് എന്‍ജിന്‍ ഘടകങ്ങള്‍ക്കുള്ളില്‍ തുരുമ്പു വരാന്‍ കാരണമാകുകയും ചെയ്യുന്നു. ഇതു കാരണം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫ്യൂവല്‍ റെയിലുകള്‍, അനോഡൈസ്ഡ് അലുമിനിയം ഇന്‍ജക്ടര്‍ ബോഡികള്‍, ഹോസുകള്‍ സീലുകള്‍ എന്നിവയ്ക്കെല്ലാം പ്രത്യേക പോളിമറുകള്‍ ആവശ്യമാണ്. സാധാരണയായി ഉപയോഗിക്കുന്നവയ്ക്കു പകരം എഥനോളിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള 50-ലധികം എലാസ്റ്റോമറുകള്‍ മഹീന്ദ്രയുടെ ഗവേഷണ-വികസന വിഭാഗം പരീക്ഷിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. കാറുകളിലെ പ്രധാനിയാണ് ഈ എലാസ്റ്റോമേര്‍സ്.
അനുയോജ്യമായ വാഹനമല്ലെങ്കില്‍ ഉപയോഗിക്കുന്നത് എത്ര ശതമാനമായാലും എഥനോള്‍ വാഹനങ്ങള്‍ക്കു വെല്ലുവിളി തന്നെയാണ്. സാധാരണ പെട്രോളിനേക്കാന്‍ ഉയര്‍ന്ന താപനിലയില്‍ മാത്രമേ എഥനോള്‍ വാതക രൂപത്തിലേക്കു മാറുകയുള്ളൂ. അതിനാല്‍ തന്നെ തണുപ്പുള്ള കാലാവസ്ഥയില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ബുദ്ധിമുട്ടാകും.