/sathyam/media/media_files/B6QyO8tW7hV2vEQpGYQ7.jpg)
കോട്ടയം: കേന്ദ്ര സഹമന്ത്രിയായ ശേഷം സുരേഷ് ഗോപിയുടെ പ്രഥമ കോട്ടയം സന്ദര്‍ശനം ബഹിഷ്‌കരിച്ചു കോട്ടയത്തെ ജില്ലാ നേതാക്കള്‍. സുരേഷ് ഗോപി പങ്കെടുത്ത മൂന്നു പരിപാടിയിലും ജില്ലയിലെ നേതാക്കള്‍ ആരും പങ്കെടുത്തിരുന്നില്ല. സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നതാകട്ടേ സുരേന്ദ്ര പക്ഷത്തോട് ഭിന്നിച്ചു നില്‍ക്കുന്ന ബി.ജെ.പി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി മാത്രമായിരുന്നു.
ജില്ലാ പ്രസിഡന്റടക്കം സ്ഥത്തുണ്ടായിരുന്നിട്ടും സുരേഷ് ഗോപി പങ്കെടുത്ത ചടങ്ങുകളില്‍ നിന്നു വിട്ടു നിന്നതു സുരേഷ് ഗോപിയും സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഭിന്നതയുടെ ഭാഗമായാണെന്നാണു സൂചന. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ നാടായ കോതനല്ലൂരില്‍ ക്രേന്ദമന്ത്രി എത്തിയിട്ടും ജില്ലാ നേതാക്കള്‍ വിട്ടു നിൽക്കുകയായിരുന്നു.
സംസ്ഥാന നേതൃത്വത്തിന്റെ അറിവോടു കൂടിയാണു ജില്ലാ നേതാക്കള്‍ ആരും തന്നെ ചടങ്ങുകളില്‍ പങ്കെടുക്കാതിരുന്നതെന്നുള്ള സൂചനയാണു ഇതിനോടകം പുറത്തു വരുന്നത്.
കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന നേതൃത്വം അത്ര സ്വര ചേര്‍ച്ചയിലായിരുന്നില്ല. കൂടിയാലോചന ഇല്ലാതെയുള്ള സുരേഷ് ഗോപിയുടെ പല നിലപാടുകളും സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കു കാരണമായിരുന്നു.
എം.പി എന്ന നിലയില്‍ തന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്നു കരുതേണ്ടെന്നും നടനായാണ് ഉദ്ഘാടനം ചെയ്യാനെത്തുകയെന്നും പണം വാങ്ങിയേ ഉദ്ഘാടനച്ചടങ്ങിനു പോകൂവെന്നും സുരേഷ് ഗോപി പൊതു ചടങ്ങില്‍ പറഞ്ഞിരുന്നു.
കേന്ദ്ര മന്ത്രിയുടെ വാക്കുകള്‍ വിവാദമായതിനു പിന്നാലെ വിഷയത്തില്‍ മാധ്യമങ്ങള്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ അഭിപ്രായം തേടിയെങ്കിലും തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറുന്ന സമീപനമായിരുന്നു സുരേന്ദ്രന്റേത്. ഇതു സംസ്ഥാന നേതൃത്വവും സുരേഷ് ഗോപിയും തമ്മിലുള്ള ഭിന്നതയുടെ സൂചനയായി പലരും വിലയിരുത്തിയിരുന്നു.
ഇതിനു പിന്നാലെയാണു സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായ ശേഷമുള്ള പ്രഥമ സന്ദര്‍ശനം ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ ബഹിഷ്കരിച്ചത്.
ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ഉള്‍പ്പടെയുള്ളവര്‍ സുരേന്ദ്രന്‍ പക്ഷക്കാരാണ്. ഇതാണു സംസ്ഥാന നേതൃത്വം കൂടി അറിഞ്ഞുകൊണ്ടുള്ള തീരുമാനമാണു ബഹഷ്‌കരണണെന്ന സൂചനകള്‍ പുറത്തു വരാന്‍ കാരണം. ഞായറാഴ്ച കേന്ദ്ര മന്ത്രി കോട്ടയം സന്ദര്‍ശിക്കുമെന്നു കേന്ദ്ര പി.ആര്‍.ഡിയില്‍ നിന്നു കഴിഞ്ഞ ദിവസം തന്നെ അറിയിപ്പു ലഭിച്ചിരുന്നിട്ടും ജില്ലാ നേതാക്കള്‍ എത്താതിരുന്നതു കടുത്ത ഭിന്നതയുടെ സൂചനയാണു നല്‍കുന്നത്.
കോട്ടയത്തെത്തിയ സുരേഷ് ഗോപി രാവിലെ താഴത്തങ്ങാടി തിരുമല ക്ഷേത്രത്തിലെ രഥത്തില്‍ സ്ഥാപിക്കാനുള്ള ഹനുമശില്‍പ്പ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു. പിന്നീട് പള്ളിക്കത്തോട്ടിലെ മഹാലക്ഷ്മി ഗോശാല മന്ത്രി സന്ദര്‍ശിച്ചു. ഇവിടെ നിന്നും കോതനല്ലൂരില്‍ ഡോ. വന്ദനാദാസിന്റെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അസ്ഥിത്തറയില്‍ പുഷ്പാര്‍ച്ച നടത്തിയ അദ്ദേഹം അരമണിക്കൂറോളം വീട്ടില്‍ ചെലവഴിച്ച ശേഷമാണു കേന്ദ്ര മന്ത്രി മടങ്ങിയത്.