സുരേഷ് ഗോപിയുടെ പുലിപ്പല്ല് ലോക്കറ്റ് ഡി.എഫ്.ഒക്ക് മുമ്പാകെ ഹാജരാക്കണം. നോട്ടിസ് നൽകാൻ വനം വകുപ്പ്

New Update
suresh gopi mp

തൃശ്ശൂർ: സുരേഷ് ഗോപി പുലിപ്പല്ല് ലോക്കറ്റ് ധരിച്ചെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും. സുരേഷ് ഗോപി ധരിച്ചതായി പറയുന്ന മാലയുടെ ലോക്കറ്റ് ഹാജരാക്കാനാണ് നിർദേശം. തൃശ്ശൂർ ഡി.എഫ്.ഒക്ക് മുമ്പാകെയാണ് ലോക്കറ്റ് ഹാജരാക്കേണ്ടത്.

Advertisment

സുരേഷ് ഗോപി ധരിച്ച മാലയിലേത് യഥാർഥ പുലിപ്പല്ലാണോ എന്ന് സ്ഥിരീകരിക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. ലോക്കറ്റിന്‍റെ ഉറവിടത്തെ കുറിച്ചും സുരേഷ് ഗോപി വനം വകുപ്പ് ഉദ്യോഗസ്ഥർ മുമ്പാകെ വിശദീകരിക്കണം.

യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവ് മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് വനം വകുപ്പിന്‍റെ നടപടി. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്‍റെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. മല ധരിച്ചു നിൽക്കുന്ന സുരേഷ് ഗോപിയുടെ ഫോട്ടോയും വാർത്താ റിപ്പോർട്ടും പരാതിക്കൊപ്പം കൈമാറിയിരുന്നു.

പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയിൽ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്ത് നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ മൂന്ന് മുതൽ ഏഴു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.

Advertisment