കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അപകടത്തെ തുടര്‍ന്ന് മുടങ്ങിയ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകുമെന്ന് അറിയിപ്പ്. അപകടമുണ്ടായ ബ്ലോക്കിലെ ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയകളാണ് മുടങ്ങിയിരിക്കുന്നത്.
ഈ ബ്ലോക്കില്‍ 10 ഓപ്പറേഷന്‍ തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ചയോടെ പുതിയ ബ്ലോക്കില്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ സജ്ജമാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അതിനുശേഷം ആയിരിക്കും ശസ്ത്രക്രിയകള്‍ നടക്കുക. ഇന്നലെ മുതല്‍ ഈ ദിവസങ്ങളില്‍ ശസ്ത്രക്രിയ നിശ്ചയിച്ചവര്‍ക്ക് പുതിയ തീയതി നല്‍കിയിട്ടില്ല.
കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്നു മുടങ്ങിയ ആശുപത്രിയില്‍ മുടങ്ങിയ ശസ്ത്രക്രിയകള്‍ ഇന്നു പുനരാരംഭിക്കാകുമെന്നാണ് പ്രതീക്ഷയെന്നാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ് ഇന്നലെ പറഞ്ഞത്.
കോട്ടയം മെഡിക്കല്‍ കോളജിലെ 10,11,12,13,14,15,17,24 എന്നീ വാര്‍ഡുകളും റേഡിയോ ഡയഗ്നോസിസ് വകുപ്പും സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ വകുപ്പും പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലേക്കും സി.എല്‍ 4 വാര്‍ഡിലേക്കുമായി മാറ്റി വ്യാഴാഴ്ച തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
അതേ സമയം പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആറു മാസം മുന്‍പു പൂര്‍ത്തിയായിട്ടും എന്തുകൊണ്ട തുറന്നു കൊടുത്തില്ല എന്ന ചോദ്യമാണ് ഉയരുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകിയതിനു പിന്നില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പിടിവാശിയെന്നാണ് ആരോപണം.
ഇതേ വിമര്‍ശനം കോട്ടയത്തു നടന്ന സിപിഎം യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ തലേന്നായ ബുധനാഴ്ച കോട്ടയത്തു നടന്ന സിപിഎം ശില്‍പശാലയിലാണു മന്ത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്.
മന്ത്രി വി.എന്‍.വാസവന്‍ കൂടി പങ്കെടുത്ത യോഗത്തില്‍ ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റിയില്‍ നിന്നുള്ള പ്രതിനിധിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സര്‍ജിക്കല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തി രോഗികള്‍ക്കു തുറന്നുകൊടുക്കാന്‍ കഴിയാത്തതു മന്ത്രിക്കു സൗകര്യമുള്ള തീയതി ലഭിക്കാത്തതു കാരണമാണെന്നാണു വിമര്‍ശനം.
പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് രോഗികളെ മാറ്റാത്തില്‍ ഓപ്പറേഷന്‍ തിയറ്റര്‍ പൂര്‍ണമായും സജ്ജമാകാത്തതാണു പ്രതിസന്ധി ആയതെന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ് പറഞ്ഞു. ഓപ്പറേഷന്‍ തീയറ്ററിന്റെ മോഡുലാര്‍ തീയറ്റര്‍ അല്‍പ്പം കൂടി പൂര്‍ത്തിയാകാനുണ്ട്.
ഇതാണു ഷിഫ്റ്റിങ് നടത്താനാവാതെ വന്നത്. പുതിയ കെട്ടിടത്തിലെ നിര്‍മാണ ജോലികള്‍ പൂര്‍ണമായും പൂര്‍ത്തിയാക്കാതെ പഴയ ബില്‍ഡ് പൊളിച്ചു മാറ്റിയാല്‍ രണ്ടു മാസത്തേക്ക് ഓപ്പഷേനുകള്‍ മുടങ്ങുന്ന അവസ്ഥ ഉണ്ടാകും. അതു വളരെ ഗൗരവമുള്ള കാര്യമാണെന്നും ഡോ. വര്‍ഗീസ് പി. പുന്നൂസ് പറഞ്ഞു.