Advertisment

വൈക്കം താലൂക്ക് ആശുപത്രിയില്‍ പതിനൊന്നുകാരന്റെ തലയില്‍ മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിട്ട സംഭവം. വൈദ്യുതി മുടക്കം സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ വേണ്ടിയെന്ന് സൂപ്രണ്ട്. വൈദ്യുതി മുടങ്ങുമെന്നു മുന്‍കൂട്ടി അറിയിച്ചിരുന്നു എന്നും വിശദീകരണം. വാര്‍ഡുകളില്‍ ആവശ്യത്തിന് മെഴുകുതിരികളും ലഭ്യമാക്കി

മറ്റ് വാര്‍ഡുകളില്‍ ആവശ്യത്തിന് മെഴുകുതിരികള്‍ ലഭ്യമാക്കിയും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയിരുന്നെന്ന് സൂപ്രണ്ട് പറഞ്ഞു.

New Update
surgery new

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയില്‍ പതിനൊന്നുകാരന്റെ തലയില്‍ മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിട്ട സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്.

Advertisment

വൈക്കം താലൂക്ക് ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ മൂന്നു വരെയും വൈകിട്ട് 6.45 മുതല്‍ 7.30 വരെയും രണ്ടു ഘട്ടങ്ങളിലായി ഉണ്ടായ വൈദ്യുതി മുടക്കം അപ്രതീക്ഷിതമായി ഉണ്ടായ സാങ്കേതിക തകരാര്‍ അടിയന്തരമായി പരിഹരിക്കാന്‍ വേണ്ടി ആയിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ട്വിങ്കിള്‍ പ്രഭാകരന്‍ പറഞ്ഞു.


വൈക്കം പ്രൈവറ്റ് സ്റ്റാന്‍ഡിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനാല്‍ കെ.എസ്.ഇ.ബി ഫെബ്രുവരി ഒന്നിന് രാവിലെ ഒന്‍പതു മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ വൈദ്യുതി വിച്ഛേദിച്ചു. ഈ സമയം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ആശുപത്രിയില്‍ വൈദ്യുതി ഉറപ്പാക്കി


ഉച്ചയ്ക്ക് 2.30 ന് കെ.എസ്.ഇ.ബി. വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതോടെ ആശുപത്രിയില്‍ വൈദ്യുതി കെ.എസ്.ഇ.ബി. ലൈനിലേക്ക് ഘടിപ്പിക്കുന്ന സമയം ജനറേറ്ററില്‍നിന്ന് വൈദ്യുതി ലൈന്‍ സാധാരണ നിലയിലേക്ക് മാറ്റുന്ന ഓട്ടോമാറ്റിക് ചേഞ്ച് ഓവര്‍ സ്വിച്ചിനു തകരാര്‍ ഉണ്ടായി.

Surgery

ഇതോടെ വൈദ്യുതി പ്രവഹിക്കുന്നതില്‍ തടസമുണ്ടായി ആശുപത്രിയില്‍ ആദ്യഘട്ട വൈദ്യുതി മുടക്കം ഉണ്ടാവുകയുമായിരുന്നു.

തുടര്‍ന്ന് അരമണിക്കൂറിനകം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ലഭ്യമാക്കി. പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറുടെ നിര്‍ദ്ദേശപ്രകാരം ബന്ധപ്പെട്ട കമ്പനിയെ വിവരം ധരിപ്പിച്ചതനുസരിച്ച് വൈകിട്ട് 6.30 ന് തകരാര്‍ പരിഹരിക്കാനാവശ്യമായ സ്പെയര്‍ പാര്‍ട്സുകളും സാങ്കേതിക വിദഗ്ധരും എത്തി.

എന്നാല്‍, തകരാര്‍ പരിഹരിക്കുന്നതിന് ജനറേറ്ററില്‍ നിന്നുള്ളത് ഉള്‍പ്പെടെ വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കേണ്ടതുണ്ടായിരുന്നു.


വൈദ്യുതി താല്‍ക്കാലികമായി വിച്ഛേദിക്കുന്ന വിവരം രോഗികളെയും കൂട്ടിരിപ്പുകാരെയും ആശുപത്രിയിലെ അനൗണ്‍സ്മെന്റ് സംവിധാനത്തിലൂടെ മുന്‍കൂര്‍ അറിയിക്കുകയും യു.പി.എസ്. വഴി അത്യാഹിത വിഭാഗം, നിരീക്ഷണ മുറികള്‍ എന്നിവയില്‍ നേരിട്ട് വൈദ്യുതി ഉറപ്പാക്കുകയും ചെയ്തു


മറ്റ് വാര്‍ഡുകളില്‍ ആവശ്യത്തിന് മെഴുകുതിരികള്‍ ലഭ്യമാക്കിയും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയിരുന്നെന്ന് സൂപ്രണ്ട് പറഞ്ഞു.

കെ എസ് ഇ ബി ഭരണങ്ങാനം സെക്ഷൻ പരിധിയിൽ മഴ പെയ്താൽ  വൈദ്യതി മുടക്കം പതിവ്; ലാൻഡ് ലൈൻ അറ്റൻഡ് ചെയ്യാതെയും ഓഫീസ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തും പ്രതികരിക്കാതെ  അധികാരികൾ; ഓൺലൈൻ പരാതികൾ പരിഹരിക്കുന്നതിന് മുന്നേ ഓൺലൈനിൽ നിന്നും മാറ്റുന്നത് ആയും പരാതി

ചെമ്പ് മുറിഞ്ഞുപുഴ  കെ.പി സുജിത്ത്, സുരഭി ദമ്പതികളുടെ മകന്‍ ദേവതീര്‍ഥിന്റെ തലയിലാണു ഡോക്ടര്‍ക്ക്  മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിടേണ്ടി വന്നത്. കുട്ടി വീടിനുളളില്‍ തെന്നിവീണ് തലയുടെ വലത് വശത്ത് പരുക്കേല്‍ക്കുകയായിരുന്നു.


അമിത രക്തസ്രാവത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അത്യഹിത വിഭാഗത്തില്‍ നിന്ന് കുട്ടിയെ മുറിവ് ഡ്രസ് ചെയ്യാനാണ് ഡ്രസിങ് റൂമിലേക്ക് മാറ്റിയത്


എന്നാല്‍, അവിടെ ഇരുട്ടായതിനാല്‍ കുട്ടിയും മാതാപിതാക്കളും അങ്ങോട്ട് കയറിയില്ല. പിന്നീട് അറ്റന്‍ഡര്‍ എത്തി വൈദ്യുതി ഇല്ലെന്ന് പറയുകയായിരുന്നു.

അറ്റന്‍ഡര്‍ തന്നെ കുട്ടിയെ ഒ.പി കൗണ്ടറിന് മുമ്പിലിരുത്തി. രക്തം നിലയ്ക്കാതെ വന്നപ്പോള്‍ കുട്ടിയെ വീണ്ടും ഡ്രസിങ് റൂമിലേക്ക് മാറ്റി. 

എന്നാല്‍ റൂമില്‍ മൊത്തം ഇരുട്ടാണല്ലൊ എന്ന് മാതാപിതാക്കള്‍ ചോദിച്ചു. എന്നാല്‍,  ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഡീസല്‍ ഇല്ലെന്നും ചെലവ് കൂടുതലായതിനാല്‍ വൈദ്യുതി ഇല്ലാതാകുന്ന സമയത്ത് ജനറേറ്റര്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കാറില്ലെന്നും ജീവനക്കാരന്‍ പറഞ്ഞതായാണ് മാതാപിതാക്കൾ പറഞ്ഞത്. പിന്നീട് മൊബൈല്‍ വെളിച്ചത്തിലായിരുന്നു കുട്ടിയുടെ തലയില്‍ ഡോക്ടര്‍ തുന്നലിട്ടത്.

Advertisment