സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും മാര്‍ഗ്ഗത്തിലൂടെ മുന്നേറണം : ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ

New Update
Swami Subhangananda

ശിവഗിരി: സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും മാര്‍ഗത്തിലൂടെ മുന്നേറാന്‍ ജനതയെ പ്രാപ്തരാക്കുകയാകണം സംഘടനകളുടെ ദൗത്യനിര്‍വഹണമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു.

Advertisment

കാരുണ്യാധിഷ്ഠിത ജീവിതത്തെ സ്വാധീനിക്കുവാന്‍ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ജീവിതത്തിന് കഴിയും. യുവജനതയൂള്‍പ്പടെയുള്ളവരുടെ അക്രമവാസന ഇല്ലാതാകണമെന്നും സ്വാമി പറഞ്ഞു.


ഗുരുധര്‍മ്മ പ്രചരണ സഭയുടെ നേതൃത്വത്തില്‍ ശിവഗിരി മഠത്തില്‍ നടന്നുവരുന്ന ധര്‍മ്മ പ്രചാരക പരിശീലന ക്ലാസില്‍ ഗുരുദേവന്‍റെ ദൈവ സങ്കല്പവും ക്ഷേത്ര സങ്കല്പവും എന്ന വിഷയത്തില്‍ ക്ലാസ് നയിക്കുകയായിരുന്നു ശുഭാംഗാനന്ദ സ്വാമി. ക്ഷേത്ര പ്രതിഷ്ഠയില്‍ നിന്നും വിദ്യാലയങ്ങളിലേക്ക് ജനതയെ നയിച്ച ഗുരുദേവന്‍ പ്രധാന ദേവാലയം വിദ്യാലയം ആവണമെന്നും വായനാശാലകളും ഉദ്യാനങ്ങളും ഉണ്ടാകണമെന്നും പഠിപ്പിച്ചു.


 പൗരാണിക ക്ഷേത്ര സങ്കല്പങ്ങളില്‍ നിന്നും വഴിമാറി ചിന്തിക്കുകയായിരുന്നു ഗുരുദേവന്‍ ചെയ്തത്. ധ്യാനത്തിന്‍റെയും മൗനത്തിന്‍റെയും പാതയില്‍ നിന്നും മാറി കാലത്തോടൊപ്പംവും ലോകത്തോടൊപ്പവും സമൂഹത്തോടൊപ്പവുമായിരുന്നു ഗുരുദേവന്‍ ജീവിച്ചത്.


അന്ധവിശ്വാസങ്ങളെയും അനാവശ്യമായ ആചാരങ്ങളെയും ഒഴിവാക്കി വേണ്ടതിനെ മാത്രം ഉള്‍ക്കൊണ്ട് നേര്‍വഴിക്ക് ജീവിക്കുവാനും ഗുരുദേവന്‍ ജനതയെ പഠിപ്പിച്ചുവെന്നും ശുഭാംഗാനന്ദ സ്വാമി തുടര്‍ന്ന് പറഞ്ഞു. 


ആചാര പരിഷ്കരണത്തില്‍ ഗുരുധര്‍മ്മ പ്രചരണ സഭ ചീഫ് കോര്‍ഡിനേറ്റര്‍ സത്യന്‍ പന്തത്തലയും ക്ലാസ് നയിച്ചു. ക്ലാസിനു തുടക്കം കുറിച്ചുകൊണ്ട് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. സഭാ സെക്രട്ടറി അസംഗനന്ദഗിരി സ്വാമിയും രജിസ്ട്രാര്‍ കെ. റ്റി. സുകുമാരനും പ്രസംഗിച്ചു.

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

Advertisment